ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ നമുക്ക് സന്തോഷകരമായ അനുഭവമായിരിക്കും. സംതൃപ്തിയും ഫലദായകത്വവും അനുഭവപ്പെടുകയും ചെയ്യും. എന്നാൽ ചിലപ്പോൾ വളരെ നിരാശാജനകമായിട്ടായിരിക്കാം നാം എണീറ്റുവരുന്നത്. ഹോ എന്തൊരു ബോറൻ ജീവിതം എന്നോ ബോറൻ ദിവസം എന്നോ ഉളള അടക്കിപിടിച്ച ചിന്തയായിരിക്കും നമ്മെ ഭരിക്കുന്നത്. ദിവസത്തിലെ ആദ്യചിന്തയ്ക്ക് നമ്മുടെ ആ ദിവസത്തിന്റെ മേൽ മുഴുവൻ നിയന്ത്രണമുണ്ടെന്ന് ചുരുക്കം.
ജീവിതം പാഴാക്കുകയാണ്, ജീവിതം വിഫലമാണ് തുടങ്ങിയ ചിന്തകളും നമ്മുടെ ദിവസത്തെ നിരുത്സാഹപ്പെടുത്താറുണ്ട്. അതുകൊണ്ട് രാവിലെ തന്നെ ചില ചില ആത്മപരിശോധനകൾ നമുക്കാവശ്യമാണ്. ദിവസത്തിന് ലക്ഷ്യമുണ്ടാവുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. ഓരോ ദിവസവും ലക്ഷ്യബോധത്തോടെ ആരംഭിക്കാൻ ശ്രമിക്കുക. ഇന്നേ ദിവസം ഞാൻ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്യും. ഇത്ര ജോലി പൂർത്തിയാക്കും എന്നൊരു തീരുമാനം ആദ്യം തന്നെയെടുക്കുക. ദിവസം ഫലപ്രദമായി വിനിയോഗിക്കാത്തവർക്ക് ഒരെത്തുംപിടിയും കിട്ടിയിരിക്കണമെന്നില്ല. ഇന്നലെവരെ ഒരു ദിവസം ചെയ്ത കാര്യങ്ങളെക്കുറിച്ച് അവലോകനം നടത്തുക. അതിൽ എത്രമണിക്കൂറുകൾ നിഷ്പ്രയോജനകരമായ കാര്യങ്ങൾക്കുവേണ്ടി ചെലവഴിച്ചു?
അനാവശ്യമായ ഫോൺകോളുകൾ. സോഷ്യൽമീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം, താൽക്കാലികമായ സന്തോഷങ്ങൾ, ഫലരഹിതമായ ചർച്ചകൾ ഇവയ്ക്കുവേണ്ടിയെല്ലാം നാം ദിവസത്തിന്റെ നല്ല മണിക്കൂറുകൾവെറുതെ കളയാറുണ്ട്. ദിവസത്തിലെ മണിക്കൂറുകൾ ഫലപ്രദമായ കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോഴാണ് ദിവസത്തിനും ജീവിതത്തിനും അർത്ഥം തോന്നുന്നത്. നമ്മുടെ ചെയ്തികളുടെ റിസർട്ടിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
ഒരു ദിവസം പലപല കാര്യങ്ങൾനാം ചെയ്യുന്നുണ്ടാവാം. എന്നാൽ അവയിൽനിന്നെല്ലാം മാനസികമായ സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നുണ്ടോ? അതോ കടമനിർവഹിക്കൽ മാത്രമായി പരിമിതപ്പെട്ടിരിക്കുകയാണോ. ഉള്ളിൽ സന്തോഷം അനുഭവിക്കാതെ ചെയ്യുന്നതെല്ലാം മടുപ്പിക്കുകതന്നെ ചെയ്യും. സ്വന്തം കഴിവിനെക്കുറിച്ച് ബോധ്യവും ഉറപ്പുമുണ്ട്. എന്നിട്ടും അവ പ്രവൃത്തിപഥത്തിലെത്തിക്കാൻ നിങ്ങളായിട്ട് ഒന്നും ചെയ്യുന്നില്ല. നാളെ ചെയ്യാം എന്ന് നീട്ടിനീട്ടി കൊണ്ടുപോവുകയാണ്. അവിടെയും ജീവിതം ഭാരപ്പെട്ടതായി തോന്നും. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ കഴിയാതെവരുമ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി ഓരോന്നും കാട്ടിക്കൂട്ടുമ്പോഴും യഥാർതഥജീവിതത്തിൽ നിന്ന് നാം വളരെ ദൂരെയാണ് നില്ക്കുന്നത്. നമ്മുടെ ജീവിതം അതിന്റെ പൂർണ്ണതയിലും കുറവുകളോടും ക്ഷതങ്ങളോടുകൂടിയും ജീവിക്കുമ്പോഴാണ് ജീവിക്കുന്നുവെന്ന തോന്നലുണ്ടാകുന്നത്. ജീവിതത്തിന് അർത്ഥവും വലിപ്പവും ഉണ്ടാകുന്നത് ശരിയായി ജീവിക്കുമ്പോഴാണ്.
ജീവിതം ഒരു തോന്നലല്ല അത് യാഥാർത്ഥ്യമാണ്. ശ്വാസോച്ഛാസം ചെയ്യുന്നതുകൊണ്ടോ ശാരീരികകർമ്മങ്ങൾ നിർവഹിക്കുന്നുണ്ടോ ജീവനുണ്ടാകാമെങ്കിലും ജീവിതം ഉണ്ടാകണമെന്നില്ല. നിലനില്ക്കുന്നുവെന്നതുകൊണ്ട് ജീവിതം പൂർണ്ണതയിലെത്തുന്നുമില്ല.
നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നമ്മുടെ ജീവിതത്തിനും ദിവസത്തിനും അർത്ഥമുണ്ടാക്കുന്നത്. ഏതെങ്കിലും ചില കാരണങ്ങൾ കൊണ്ട് ഒരു ദിവസം നിരുന്മേഷകരമായി തോന്നിയാലും അതിന്റെ പേരിൽ തുടർച്ചയായി ജീവിതത്തെ വിരസമാക്കാതിരിക്കുക. അതിനായി ജീവിതത്തെ അടുക്കുംചിട്ടയോടും കൂടി സമീപിക്കുക. ഓരോ ദിവസത്തിനും അതിന്റേതായ ക്ളേശങ്ങൾ മതി. എന്നാൽ അതിന്റേതായ സ്വപ്നങ്ങളുണ്ടായിരിക്കുകയും വേണം.
