Thank You…

Date:

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ് കൊണ്ട് മനുഷ്യൻ കെട്ടിപ്പൊക്കിയതെല്ലാം നിമിഷ നേരം കൊണ്ട് മണ്ണെടുത്തുപോയി. എഴുപതോളം ജീവനുകളാണ് ആ ദുരന്തത്തിന് ആദ്യ ദിനങ്ങളിൽ തന്നെ പൊലിഞ്ഞത്. പലരുടെയും മൃതദേഹങ്ങൾ മണ്ണിനടിയിൽപ്പെട്ട് തിരിച്ചറിയാനാകാത്ത വിധം വികൃതമായി. ചിലരെയാകട്ടെ കണ്ടെത്താനുമായില്ല. മഴയും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കാരണം രക്ഷാപ്രവർത്തനത്തിനു ഏറെ തടസ്സമുണ്ടായി. ദുരന്തം നടന്ന എട്ടാം ദിവസമാണ് മണ്ണിനടിയിൽപ്പെട്ട ധനുഷ്‌ക എന്ന കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാൻ ആയത്. ആ ദിവസമൊക്കെയും ആ കുഞ്ഞിന്റെ കൂട്ടാളി ആയ ‘കുവി’ എന്ന വളർത്തു നായ അവരോടൊപ്പം അന്വേഷണത്തിൽ പങ്കുചേരുകയും തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെത്തുന്നതുവരെ ആ നായ ദിവസങ്ങളോളം അവിടെ നിന്നും മാറാതെ നിൽക്കുകയും ചെയ്തു. തന്റെ യജമാനത്തിയോടുള്ള നന്ദി സൂചകമായാണ് ആ വളർത്തു മൃഗം അവിടെ നിന്നും മാറാതെ നിന്നതത്രേ!

നമ്മൾ മലയാളികൾ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒരു ഇംഗ്ലീഷ് വാക്കാണ് ‘thank you’ ഇതിൽ ‘thank’ എന്നതിന്റെ മൂലപദമായ ‘PANK’ എന്ന പഴയ ഇംഗ്ലീഷ് പദത്തിന്റെ അർത്ഥം ‘ചിന്ത’, ‘ഓർമ്മ’, ‘സംതൃപ്തി’ എന്നെല്ലാമാണ്. എന്നുവച്ചാൽ ഒരാളോട് നന്ദി പറയുക എന്നതിനർത്ഥം അയാളെ കുറിച്ച് ചിന്തിക്കുക, അയാളെ ഓർക്കുക, അയാളോടുള്ള സംതൃപ്തി രേഖപ്പെടുത്തുക എന്നെല്ലാമാണ്.

ജീവിതത്തിൽ ഒരു മനുഷ്യന് ഉണ്ടാക്കിയെടുക്കാവുന്ന നല്ല ഗുണങ്ങളിൽ ഒന്ന് നന്ദിയുള്ളവരായിരിക്കുക എന്നുള്ളതാണ്. അത് ദൈവത്തോടായാലും ശരി മനുഷ്യനോടായാലും ശരി. ‑”Gratitude is the best

attitude‑’ എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.  പരസ്പരമുള്ള ഒരു നന്ദി പ്രകാശനം വാക്കായും പ്രവൃത്തിയും ചേഷ്ടകളായും നമ്മൾ പ്രകടിപ്പിക്കേണ്ടതു കൂലീനമായ ജീവിതത്തിന്റെ ലക്ഷണമാണ്. എത്രയോ ആളുകളോട് നന്ദി പ്രകാശിപ്പിക്കാൻ കടപ്പെട്ടവരാണ് നമ്മൾ. എല്ലാറ്റിന്റെയും ഉടമയായ ഉടയതമ്പുരാൻ മുതൽ ജന്മം നൽകിയ മാതാപിതാക്കളും സുഹൃത്തുക്കളും പരിചയക്കാരും അങ്ങനെയൊരു നീണ്ട നിര തന്നെ നമുക്ക് മുന്നിൽ ഉണ്ടാകും.

കമില്ലസ് പുണ്യാളന്റെ ജീവിതത്തിൽ ഇപ്രകാരം ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. പുണ്യാളനും സന്യാസിമാരും കൂടി ഒരിക്കൽ ഗ്രാമത്തിലൂടെ ഭിക്ഷ യാചിച്ചു നടക്കുകയായിരുന്നു. അതിനിടയിൽ ഏതാനും കവർച്ചക്കാർ അദ്ദേഹത്തെയും കൂട്ടുകാരെയും അടിച്ചു വീഴ്ത്തി അവരുടെ കൈവശം ഉണ്ടായിരുന്ന വസ്തുക്കളെല്ലാം കവർന്നെടുത്തു. അൽപ്പ സമയത്തിന് ശേഷം ബോധം തിരിച്ചു കിട്ടിയയപ്പോൾ കമില്ലസ് ഉണർന്നു ദൈവത്തിന് നന്ദി പറഞ്ഞു ഉറക്കെ സ്തുതിക്കാൻ തുടങ്ങി. ഇതുകണ്ട സഹ സന്യാസിമാർക്ക് ശരിക്കും ദേഷ്യം വന്നു . അവരിൽ ഒരുവൻ കമില്ലസിനോട് ചോദിച്ചു : ”ഗുരു, അങ്ങ് എന്തിനാണ് ഇത്ര ദുരന്തകരമായ ഒരു സാഹചര്യത്തിലൂടെ നമ്മൾ കടന്നു പോയപ്പോഴും നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നത്?”

അതിനു മറുപടിയായി അദ്ദേഹം പറഞ്ഞു: ”നാലു കാര്യങ്ങൾക്കാണ് ഞാനിപ്പോൾ നന്ദി പറയുന്നത്. ഒന്നാമതായി ഇന്നു മാത്രമാണ് കവർച്ചക്കാർ നമ്മെ ആക്രമിച്ചത്. ഇതുവരെ യാതൊരു ആപത്തും കൂടാതെ ഈശ്വരൻ നമ്മുടെ കാത്തു പരിപാലിച്ചു. രണ്ട്, കവർച്ചക്കാർ നമ്മളെ മാത്രമാണ് ആക്രമിച്ചത്. ആശ്രമവും അതിലുള്ളവരും അതിലുള്ളവയും സുരക്ഷിതമാണ്. അതിനാണ് ഞാൻ നന്ദി പറയുന്നത്. മൂന്ന് കള്ളന്മാർ നമ്മളെ ആക്രമിച്ച് നമ്മുടെ കൈവശമുള്ളതെല്ലാം കവർന്നു എന്നുള്ളത് ശരി തന്നെ. പക്ഷെ അവർ നമ്മുടെ ജീവനെ അപായപ്പെടുത്തിയില്ല. നമ്മുടെ ജീവൻ ദൈവം കാത്തു പരിപാലിച്ചു. നാലാമതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് ഇതാണ് . കള്ളന്മാരാണ് നമ്മളെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയത്. പക്ഷേ മറ്റൊരാളെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന കള്ളന്മാരാക്കി ഈശ്വരൻ നമ്മളെ ഇതുവരെ മാറ്റിയിട്ടില്ല. അതിനാണ് ഞാൻ പ്രധാനമായും നന്ദി പ്രകാശിപ്പിക്കുന്നത്.”

കിട്ടിയ അനുഗ്രഹങ്ങൾക്ക് മാത്രമല്ല വരാതെ പോയ അനർത്ഥങ്ങൾക്കും കൂടി വേണ്ടി നന്ദി പ്രകാശിപ്പിക്കുവാൻ നമ്മൾ കടപ്പെട്ടവരാണ് എന്ന് ചുരുക്കം . എത്രയേറെ ദുരന്തങ്ങളിൽ നിന്നാണ് ഈശ്വരൻ നമ്മെ കാത്തു പരിപാലിക്കുന്നത്. അതുകൊണ്ടു ദൈവത്തോട് ആയാലും മനുഷ്യനോട് ആയാലും നന്ദി പ്രകാശിപ്പിക്കുക എന്നുള്ളത് വെറും വാക്കുകൾ കൊണ്ടുള്ള ഒരു അധര വ്യായാമം മാത്രമാണ് എന്ന് കണക്കാക്കരുത്.
നമ്മുടെ സംസ്‌ക്കാരം പലപ്പോഴും നന്ദി പ്രകടിപ്പിക്കുക എന്നതിനെ വലിയ ഗൗരവത്തോട് കൂടി കാണുന്നില്ല എന്നതാന് സങ്കടം. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതൊരു ഔപചാരികതയുടെ പുറത്തോ അല്ലെങ്കിൽ ഒരു പൊതു പരിപാടിയുടെ ഒടുവിൽ നടത്തപ്പെടുന്ന ഏതാനും വാക്കുകളിലോ ഒതുങ്ങുന്നു. സത്യത്തിൽ ആ വാക്കിന്റെ മൂല അർത്ഥം പോലെ.

നമുക്ക് മറ്റൊരാളോട് കാണിക്കാവുന്ന സ്‌നേഹത്തിന്റെ ബാഹ്യ പ്രകടനമാണ് നന്ദി പറയുക എന്നുള്ളത്. അത് പറയാതിരിക്കുന്നത് അപരനോടുള്ള നിന്ദനം ആയി വേണം കണക്കാക്കാൻ. കൃതജ്ഞതാ പ്രകാശനം ഒരാളെ കുറേക്കൂടി ഭേദപ്പെട്ട മനുഷ്യനാക്കി മാറ്റുന്നു.

പക്ഷെ നന്ദി പ്രകടിപ്പിക്കുന്ന കാര്യത്തിൽ ചിലപ്പോഴെല്ലാം മൃഗങ്ങൾ മനുഷ്യരേക്കാൾ ഒരു പിടി മുന്നിലാണെന്നു തോന്നും. ഒരിക്കൽ തന്റെ ആശ്രമത്തിനു പുറത്ത് ഒരു അലർച്ച കേട്ട് വന്ന ജെറോം കാണുന്നത് കാലിൽ മുള്ള് കയറിയതിനാൽ ഉറക്കെ കരയുന്ന ഒരു സിംഹത്തെയാണ്. ആ മൃഗത്തിന്റെ കാലിൽ നിന്നും അദ്ദേഹം മുള്ള് എടുത്തു മാറ്റുന്നു. അന്ന് മുതൽ അ ആ മൃഗം നന്ദി സൂചകമായി ആശ്രമത്തിലെ കാവലായി നിൽക്കുന്നു. ആശ്രമത്തിലെ കഴുതയോടൊപ്പം വിറക് ശേഖരിക്കാനായി ആശ്രമവാസികൾ സിംഹത്തെയും കാട്ടിലേക്ക് അയച്ചിരുന്നു. ഒരിക്കൽ സിംഹം തിരിച്ചു വന്നപ്പോൾ കഴുതയെ കാണ്മാനില്ല. നിശ്ചയമായും ആ സിംഹം അതിനെ കൊന്നു എന്ന് അവർ ധരിച്ചു.

 അന്നുമുതൽ സിംഹത്തെ അവർ വെറുക്കാൻ തുടങ്ങി. അവർ അതിനെ ആശ്രമത്തിൽ നിന്നും പുറത്താക്കി. പുറത്താക്കപ്പെട്ട സിംഹം വർഷങ്ങളോളം കാട്ടിൽ അലഞ്ഞു. ഒടുവിൽ ഏതാനും കവർച്ചക്കാരുടെ കൂടെ തന്റെ പഴയ കഴുതയെ സിംഹം കണ്ടുമുട്ടി. അലറിക്കൊണ്ട് സിംഹം അവരെ ആക്രമിച്ചു. അക്രമികൾ ആകട്ടെ പ്രാണ രക്ഷാർത്ഥം ആശ്രമത്തിൽ അഭയം പ്രാപിച്ചു. കവർച്ചക്കാരെയും സിംഹത്തെയും കഴുതയെയും കണ്ടപ്പോൾ ആശ്രമവാസികൾക്കു കാര്യം മനസ്സിലായി. സിംഹത്തെ തെറ്റിദ്ധരിച്ചതാണ് എന്നു മനസിലാക്കിയ ജെറോം പുണ്യാളൻ ആശ്രമത്തിലേക്ക് സിംഹത്തെ വീണ്ടും പ്രവേശിപ്പിക്കുന്നു. 

അദ്ദേഹത്തോടുള്ള നന്ദി സൂചകമായി അന്നുമുതൽ സിംഹം വിശുദ്ധന്റെ കാൽപ്പാദത്തിന്റെ അരികിൽ നിന്നും മാറാതെ നിന്നു എന്നാണ് പറയുന്നത്. തന്നെ സഹായിച്ചവരെ ഒരു മൃഗം ഇത്ര കാര്യമായി പരിഗണിക്കുന്നുവെങ്കിൽ മനുഷ്യർ അതിലും എത്രയോ കാര്യമായി നന്ദി പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.

ചുമരിൽ നിന്നും ഒരു കലണ്ടർ കൂടി എടുത്തു മാറ്റപ്പെടുകയാണ്. ഓർമിക്കണം, എത്രയെത്ര ആളുകളുടെ കനിവ് ആണ് നമ്മെ ഇതുവരെ എത്തിച്ചത്. അവരെയെല്ലാം കൃതജ്ഞതയോടെ ഓർമിക്കുക. സാധിക്കുമെങ്കിൽ കൂപ്പു കൈകളോടെ ഒരു നല്ലവാക്കു പറയുക. നമ്മുടെ ബന്ധങ്ങൾ കുറെ കൂടി ദൃഢമാകും തീർച്ച.

നൗജിൻ വിതയത്തിൽ

More like this
Related

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ...

നല്ലത് വരാനിരിക്കുന്നതേയുള്ളൂ 

'നന്നായി തുടങ്ങിയാൽ പാതിയോളമായി...' നമ്മൾ തന്നെയും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു ചൊല്ലാണ്...
error: Content is protected !!