സന്തുഷ്ടകരമായ ദാമ്പത്യജീവിതമാണോ നിങ്ങളുടേത്? ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ നിങ്ങള്‍ പരസ്പരം സംതൃപ്തരും സന്തുഷ്ടരുമാണോ. എങ്കില്‍ അടിയും പിടിയുമായി കഴിയുന്ന യാതൊരു തരത്തിലുമുള്ള യോജിപ്പുകളുമില്ലാതെ ജീവിക്കുന്ന ദമ്പതിമാരുമായി താരതമ്യപഠനം നടത്തിയാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ ദീര്‍ഘായുസ് ഉണ്ട്. കൂടുതല്‍ കാലം ജീവിച്ചിരിക്കാനുള്ള എളുപ്പവഴി കൂടിയാണ് മിക്കപ്പോഴും സന്തുഷ്ടകരമായ ദാമ്പത്യജീവിതം. അടുത്തയിടെ വാഷിംങ്ടണില്‍ നടന്ന പഠനമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ജേര്‍ണല്‍ ഓഫ് സൈക്കോളജിക്കല്‍ സയന്‍സിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനത്തില്‍ പങ്കെടുത്ത ദമ്പതികള്‍ പറയുന്നത് വിവിധ ഘടകങ്ങള്‍ കൊണ്ടാണ് തങ്ങള്‍ ദാമ്പത്യജീവിതത്തില്‍ സംതൃപ്തരായിരിക്കുന്നത് എന്നാണ്. ധാര്‍മ്മികത, പങ്കാളിയുടെ പിന്തുണ, ശാരീരികപ്രവര്‍ത്തനങ്ങള്‍, വ്യായാമം എന്നിവയെല്ലാം അതില്‍ പ്രധാന പങ്കു വഹിക്കുന്നു. അമ്പതു വയസിന് മേല്‍പ്രായമുള്ള 4,300 ദമ്പതികളിലാണ് പഠനം നടത്തിയത്.
സന്തുഷ്ടനായ ഒരു വ്യക്തിക്ക് മാത്രമേ മറ്റൊരാളിലും സന്തോഷം പടര്‍ത്താന്‍ കഴിയൂ. പങ്കാളി സന്തോഷമുള്ളവ്യക്തിയാണെങ്കില് ആ വ്യക്തി താനുമായി ഇടപെടുന്ന വ്യക്തികള്‍ക്കെല്ലാം സന്തോഷം പകര്ന്നുനല്കും. അതുകൊണ്ടാണ് ദാമ്പത്യബന്ധത്തില്‍ പങ്കാളികളുടെ സന്തോഷം പ്രധാനപ്പെട്ടതാകുന്നത്. രണ്ടുപേരും സന്തോഷപ്രകൃതം ഉള്ളവരാണെങ്കില്‍ ആ കുടുംബജീവിതത്തില്‍ സന്തോഷം നിറയും.
സന്തോഷവും ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടെന്നും സന്തോഷമുള്ള വ്യക്തികള്‍ക്ക് ആയുസുകൂടുതലുണ്ടെന്നുമുള്ള വിഷയത്തെക്കുറിച്ച് ആദ്യമായിട്ടാണ് ഒരു ശാസ്ത്രീയപഠനം പുറത്തുവന്നിരിക്കുന്നത്. അതുപോലെ സന്തോഷമുള്ള വ്യക്തികള്‍ ശാരീരികമായി കൂടുതല്‍ ഊര്‍ജ്ജ്വസ്വലരും ആരോഗ്യമുള്ളവരുമാണെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്.
ചുരുക്കത്തില്‍ സന്തോഷിക്കുന്നവരായിരിക്കുക. സന്തോഷം അനുഭവിക്കുന്നവരാകുക. സന്തോഷം പകര്ന്നുകൊടുക്കുന്നവരാകുക..