ഇന്റർവ്യൂ. കേൾക്കുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് വർദ്ധിക്കും. ദേഹം തണുക്കും. കൈ വിയർക്കും. അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ ഇന്റർവ്യൂവിനെ? ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇന്റർവ്യൂ വളരെ അനായാസകരമാക്കാം. ഇതാ അതിലേക്കുള്ള ചില നിർദ്ദേശങ്ങൾ.
ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുകയും കമ്പനിയെക്കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്യേണ്ടതാണ് ആദ്യപടി. ജോലിക്ക് ആവശ്യമെന്ന് കമ്പനി നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കി അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുക. സി.വിയുടെ ഒരു കോപ്പി കൈയിൽ സൂക്ഷിക്കാൻ മറക്കരുത്. നിങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ സ്വന്തം കഴിവ്, വിദ്യാഭ്യാസയോഗ്യത തുടങ്ങിയ കാര്യങ്ങൾ തട്ടും തടവും കൂടാതെ പറയാൻ സന്നദ്ധമായിരിക്കുക. സെൽഫ് ഇൻട്രൊഡക്ഷന് ചില മുന്നൊരുക്കങ്ങൾ നേരത്തെ നടത്തണം. ഉദാഹരണത്തിന്, കണ്ണാടിക്ക് മുമ്പിലോ സുഹൃത്തുക്കൾക്ക് മുമ്പിലോ റിഹേഴ്സൽ നടത്തുക. കുറവുകൾ പരിഹരിച്ച് ഇന്റർവ്യൂവിന് എത്തുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
നല്ല ഇംപ്രഷൻ ഉണ്ടാക്കിയെടുക്കുക
ഇന്റർവ്യൂ ബോർഡിന് നിങ്ങളെക്കുറിച്ച് നല്ല ചിന്ത ഉണ്ടാക്കിയെടുക്കാൻ രണ്ടാമതൊരു അവസരമില്ല എന്ന് മനസ്സിലാക്കുക. അതുകൊണ്ട് ഫസ്റ്റ് ഇംപ്രഷൻ വളരെ പ്രധാനപ്പെട്ടതാണ്. വസ്ത്രധാരണം, പെരുമാറ്റം, സംസാരം, പുഞ്ചിരി എന്നിവ ഇതിൽ പങ്കുവഹിക്കുന്നു. മാന്യമായ രീതിയിലുള്ള വസ്ത്രധാരണം, സൗഹൃദപരമായ പുഞ്ചിരി തുടങ്ങിയവയിൽ പ്രത്യേകം ശ്രദ്ധിക്കണം.
നെഗറ്റീവായി ഒന്നും സംസാരിക്കരുത്
മുൻ ബോസിനെക്കുറിച്ചോ സഹപ്രവർത്തകരെക്കുറിച്ചോ സ്ഥാപനത്തെക്കുറിച്ചോ ഒരിക്കലും ഇന്റർവ്യൂവിൽ മോശമായി സംസാരിക്കരുത്. നിലവിലുള്ളതോ മുമ്പുണ്ടായിരുന്നതോ ആയ ബോസിനെക്കുറിച്ച് കുറ്റം പറയുന്നത് ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന ബോസിനെക്കുറിച്ചുള്ള കുറ്റപ്പെടുത്തലിന്റെ സാധ്യതയാണെന്ന് ഇന്റർവ്യൂ ബോർഡിന് മനസ്സിലാവുമല്ലോ.
തിരികെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ശ്രദ്ധിക്കുക
പല അഭിമുഖങ്ങളും അവസാനിക്കുന്നത് നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം തിരികെ നിങ്ങൾക്ക് ചോദ്യങ്ങൾ വല്ലതും അവരോട് ചോദിക്കാനുണ്ടോ എന്ന ചോദ്യത്തോടേയാണ്. ഇത്തരം അവസരങ്ങളിൽ നിഷേധാത്മകമായി തല ചലിപ്പിക്കരുത്. ഇനി ചോദ്യങ്ങൾ ചോദിക്കാനുണ്ടെങ്കിൽ തന്നെ അവയൊരിക്കലും വിവാദമുണ്ടാക്കുന്നവയാകരുത്.ആരെ യും മുറിവേല്പിക്കാത്തതും വിവാദമുണ്ടാക്കാത്തതുമായ ബുദ്ധിപരമായ ചോദ്യങ്ങൾ മാത്രം ചോദിക്കുക.ചോദ്യങ്ങൾക്ക് മുമ്പിൽ തല കുമ്പിട്ടിരിക്കുകയോ മുഖത്ത് നോക്കാതിരിക്കുകയോ അരുത്. സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി മറുപടി നല്കുക.