കോളജ് അധ്യാപികയായ ഭാര്യ. ഭർത്താവ് വീട്ടുകാര്യങ്ങൾ നോക്കി കഴിയുന്ന സൽസ്വഭാവി. ഒരു ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറംതിരിയുമ്പോൾ സമീപത്തുനിന്നിരുന്ന ഒരാൾ തന്നെക്കുറിച്ച് അടക്കം പറഞ്ഞ് കളിയാക്കി ചിരിക്കുന്നത് അയാൾ കേട്ടു… ഭർത്താവുദ്യോഗസ്ഥൻ, പെങ്കോന്തൻ.
അതുവരെ തനിക്ക് ജോലിയില്ലാത്തതിന്റെ പേരിലോ ഭാര്യയ്ക്ക് ജോലിയുള്ളതിന്റെ പേരിലോ യാതൊരുവിധ അസ്വസ്ഥ ചിന്തകളുമില്ലാതിരുന്ന അയാളെ സംബന്ധിച്ച് സ്വച്ഛമായ ജലാശയത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ കല്ലുപോലെയായിരുന്നു ആ വാക്കുകൾ. താൻ വിലയില്ലാത്തവനും വരുമാനമില്ലാത്തവനുമാണെന്ന ചിന്ത അന്നുമുതൽ അയാളെ വേട്ടയാടിത്തുടങ്ങി. അത് അതുവരെയുള്ള അവരുടെ കുടുംബജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ അപഹരിക്കാനാരംഭിച്ചു.
സുമുഖനാണ് അയാൾ. സൗന്ദര്യസങ്കല്പങ്ങളിൽ മികച്ചതെന്ന് പൊതുവെ വ്യവഹരിക്കപ്പെട്ടു പോരുന്ന വെളുപ്പ് നിറമുള്ളവനും. പക്ഷേ ഭാര്യയ്ക്ക് അത്ര നിറമില്ല. പോരാഞ്ഞ് തടി ഇത്തിരികൂടുതലുമുണ്ട്. എന്നാൽ അവർ തമ്മിലുളള സ്നേഹബന്ധത്തിന്റെ കുറവുണ്ടാക്കാൻ അതൊന്നും കാരണമായിരുന്നില്ല. ഒരു കല്യാണചടങ്ങിൽ ഇരുവരും പങ്കെടുക്കുന്നതുവരെ. വിവാഹച്ചടങ്ങിന് പങ്കെടുക്കാനെത്തിയവരിൽ ചിലരുടെ വാക്കുകളാണ് അവരുടെ ബന്ധത്തെ തകർത്തത്. ഇവനൊന്നും കണ്ണില്ലേ, എന്തുനോക്കിയാ ഇവൻ അവളെ കെട്ടിയത്. അമ്മയും മകനും പോലെയുണ്ടെന്ന് ഒരാൾ. പണം നോക്കി കെട്ടിയാ ഇങ്ങനെയിരിക്കും എന്ന് വേറെ ഒരാൾ. വിവാഹം കഴിഞ്ഞ് അയാളാണ് അവളെ തുടർ
പഠനത്തിനായി അയച്ചത്. കാഴ്ചയ്ക്ക് ഭംഗിയുള്ളവളായിരുന്നു അവൾ. കോളജിൽ ഒരിക്കൽ അവളെ വണ്ടിയിൽ കൊണ്ടുചെന്നിറക്കിയ അയാളെ കണ്ടപ്പോൾ അവളുടെ കൂട്ടുകാരികളിൽ ചിലർ പറഞ്ഞു. എന്തൊരു കോലമാടി നിന്റെ ഹസ്ബന്റിന്. നിനക്ക് അയാളെക്കാൾ എത്രയോ നല്ല ഒരു ഭർത്താവിനെ കിട്ടുമായിരുന്നു. മനസ്സിലേക്ക് വലിയൊരു ഭാരം വന്നു വീണതുപോലെ അവൾക്ക് തോന്നി.
പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചാൽ പോലും കുടുംബജീവിതത്തെ തകരാറിലാക്കാൻ ഇത്തരത്തിലുള്ള ചില അഭിപ്രായപ്രകടനങ്ങൾക്കും വാക്കുകൾക്കും കഴിയും. വേറെ ചിലരുണ്ട്, വിവാഹം കഴിച്ചതിന് ശേഷം വിരുന്നിന് പോകുമ്പോഴും പാർട്ടിക്ക് പോകുമ്പോഴും കൂട്ടുകാരോടും ബന്ധുക്കളോടും ചോദിക്കും. എങ്ങനെയുണ്ട് എന്റെ ഹസ്ബന്റ് എങ്ങനെയുണ്ട്, എങ്ങനെയുണ്ട് എന്റെ വൈഫ്? നല്ല മറുപടി പ്രതീക്ഷിച്ചാണ് പലരും ഈ ചോദ്യം ചോദിക്കുന്നത്. എന്നാൽ ചിലർക്കെങ്കിലും കിട്ടുന്നത് അവർ ആഗ്രഹിക്കാത്ത മറുപടികളായിരിക്കും. അതാവട്ടെ പുത്തരിയിൽ കല്ലു കടിച്ചതുപോലെയാകും. വിവാഹജീവിതം സ്വന്തമായുള്ള ഒരു തിരഞ്ഞെടുപ്പും തീരുമാനവുമാണ്. വിവാഹശേഷം എന്റെ ഭർത്താവ് എങ്ങനെയുണ്ട്, എന്റെ ഭാര്യ എങ്ങനെയുണ്ട് എന്നൊന്നും ചോദിച്ചു നടക്കാതിരിക്കുക. മറ്റുള്ളവർ പറയുന്ന കമന്റുകൾക്ക് ചെവി കൊടുക്കാതിരിക്കുക. കാരണം നിങ്ങൾ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവരാണ്. സൗന്ദര്യം നിങ്ങളുടെ കണ്ണിലാണ്. നിങ്ങളുടെ കണ്ണുകളിലെ സൗന്ദര്യം മങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക.