പഠിക്കുന്ന കാര്യത്തില്‍ ടെന്‍ഷന്‍ അനുഭവിക്കാത്ത കൗമാരക്കാരാരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എങ്കില്‍ അവരുടെ ടെന്‍ഷന്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവരെ കലയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നതാണത്രെ. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പല കൗമാരക്കാരികളുടെയും തലവേദന പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ടെന്‍ഷന്‍ കുറഞ്ഞുകിട്ടുകയും ചെയ്യുന്നു.
ആര്‍ട്ട് തെറാപ്പി എന്ന ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളുടെ മനസ്സിനെ കലയുടെയും പടം വര, ചായം കൊടുക്കല്‍ തുടങ്ങിയവയുടെയും ലോകം പരിചയപ്പെടുത്തുകയും അവിടെ അവര്‍ക്ക് പരിശീലനം നല്കുകയും ചെയ്യുന്നതോടെ മനസ്സ് ശാന്തമാകുകയും കൂടുതല്‍ ക്രിയാത്മകമായ ഫലങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു.
എട്ടുപെണ്‍കുട്ടികളിലാണ് ആദ്യം ഈ പഠനം നടത്തിയത്. ആദ്യത്തെ ഒരാഴ്ച അവര്‍ക്ക് കലകളില്‍ പരിശീലനം നല്കി. മൂന്നു ആഴ്ചകള്‍ക്ക് ശേഷം വീണ്ടും ആര്‍ട് തെറാപ്പി നല്കി. ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 7.38 ശതമാനം തലവേദനയായിരുന്നു. പിന്നെയത് 4.63 ആയി. ചുരുക്കത്തില്‍ നാല്പത് ശതമാനത്തോളം തലവേദന കുറഞ്ഞു. പഠനം അവസാനിപ്പിച്ചപ്പോഴേക്കും അതില്‍ ഭാഗഭാക്കായ പെണ്‍കുട്ടികളില്‍ എല്ലാവരുടെയും തലവേദന പോലെയുള്ള ശാരീരികാസ്വസ്ഥതകള്‍ ഇല്ലാതായി.
പക്ഷേ പഠനകാര്യങ്ങളെയോര്‍ത്തുള്ള ടെന്‍ഷനില്‍ അധികം മാറ്റംവന്നതുമില്ല. പക്ഷേ അവര്‍ക്ക് കൂടുതല്‍ ശാരീരികസൗഖ്യവും മനശ്ശാന്തിയും അനുഭവപ്പെട്ടു. വാഷിംങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്‌കൂളുകളില്‍ മനസ്സിനെ ശാന്തമാക്കുന്ന വിധത്തിലുള്ള വിവിധ തരം ആര്‍ട്ട് പ്രോഗ്രാമുകള്‍ നടത്തേണ്ടതുണ്ടെന്ന് അവര്‍ ശുപാര്‍ശ ചെയ്യുന്നു.