ഓണക്കാലത്ത് നാലു മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ഇട്ടിമാണി, പൃഥിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജീഷ വിജയന്റെ ഫൈനല്‍സ്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ.
ആദ്യ രണ്ടു ചിത്രങ്ങളും പരമ്പരാഗത രീതിയിലുള്ളതും ഏകകേന്ദ്രീകൃതമായ പ്രമേയത്താല്‍ അടിസ്ഥാനപ്പെടുത്തിയുള്ളതും കച്ചവട ഫോര്‍മുലകള്‍ ചേരുംപടി ചേര്‍ത്തുള്ളവയുമായിരുന്നു. ഫൈനല്‍സ് ഏകവിഷയത്തില്‍ കേന്ദ്രീകരിച്ചവയായിരുന്നുവെങ്കിലും കച്ചവട ചേരുവകള്‍ കുറവുള്ള സിനിമയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നിവിന്‍ പോളി- നയന്‍താര ടീമിന്റെ ലവ് ആക്ഷന്‍ ഡ്രാമ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥ ന്യൂജെന്‍ സിനിമ. എടുത്തുപറയാന്‍ മാത്രംകഥയില്ല, കഥാസന്ദര്‍ഭങ്ങളില്ല, ആകാംക്ഷയില്ല. ലളിതം, സുന്ദരം
വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും ശോഭയും തിരികെ വരുന്നുവെന്നായിരുന്നു ലവ് ആക്ഷന്‍ ഡ്രാമയുടെ പ്രീ പബ്ലിസിറ്റി. തളത്തില്‍ ദിനേശന്‍ ഹൃദയങ്ങളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ലാത്ത കഥാപാത്രമായിരുന്നതുകൊണ്ട് അത്തരം പ്രചരണങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്കാനും കഴിഞ്ഞിരുന്നു. പക്ഷേ പേരില്‍ അല്ലാതെ തളത്തില്‍ ദിനേശനുമായി പുതിയ ദിനേശന് യാതൊരു ബന്ധവുമില്ല.
ഒരു വടക്കന്‍ സെല്‍ഫി, പ്രേമം തുടങ്ങിയ പല നിവിന്‍പോളി സിനിമകളിലെ കഥാപാത്രങ്ങളുടെയും ആവര്‍ത്തനമാണ് പുതിയ ദിനേശനും. അടുത്തകാലത്തിറങ്ങിയ മിഖായേലില്‍ നിന്ന് വിഭിന്നവും.
കൃത്യമായ ലക്ഷ്യങ്ങളില്ലാതെ, കൈ നിറയെ പണവുമായി ജീവിക്കുന്ന, മദ്യപാനവും കൂട്ടുകാരുമായി ജീവിതം ആഘോഷമാക്കുന്ന ടിപ്പിക്കല്‍ ചെറുപ്പക്കാരന്‍. പ്രേമത്തിലേതുപോലെ ചില പ്രേമ തിരസ്‌ക്കരണങ്ങളും അയാള്‍ അനുഭവിക്കുന്നുണ്ട്. അതുതന്നെയാണ് അയാളുടെ ജീവിതത്തെ മദ്യപാനത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്നും സൂചനകളുണ്ട്.
കാമുകിയുടെ വിവാഹച്ചടങ്ങില്‍ വച്ച് അവളുടെ കൂട്ടുകാരിയെ കണ്ടുമുട്ടുന്നതോടെ അയാളുടെ ജീവിതം അവളുടെ പുറകെ തിരിയുന്നതും അതിനിടയില്‍ അസാധാരണമായി സംഭവിക്കാത്ത ചില സംഭവങ്ങളിലൂടെ ബന്ധത്തിന് വളര്‍ച്ചയും കോട്ടവും ഉണ്ടാകുന്നതും ഒടുവില്‍ ശുഭപര്യവസായി തീരുന്നതുമാണ് ഈ ചിത്രം. പക്ഷേ ചിത്രം, പറയാതെ പറയുന്ന ചില ചോദ്യങ്ങളുമുണ്ട്.
മദ്യപിക്കരുത്. പുകവലിക്കരുത് എന്നിങ്ങനെ നിബന്ധന വച്ച് ദിനേശനുമായി വിവാഹിതയാകുന്ന ശോഭയ്ക്ക് വിവാഹസമയത്തുപോലും ആ വാക്കു നിറവേറ്റികൊടുക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അപ്പോള്‍ അവരുടെ ജീവിതം മുന്നോട്ടുപോകുന്നത് എങ്ങനെയായിരിക്കും?
അച്ഛനെ ബോധ്യപ്പെടുത്തിയാല്‍ വിവാഹം കഴിക്കാം എന്നാണ് ശോഭ പറയുന്നത്. അച്ഛനെ വിവാഹത്തിന് ദിനേശന്‍ സമ്മതിപ്പിച്ചത് കാലില്‍ വീണും കരഞ്ഞുകാണിച്ചുമാകുമ്പോള്‍ അവിടെയും ഉയരുന്നുണ്ട്് നിരവധി സംശയങ്ങള്‍.
നിവിന്‍ പോളിയെ എങ്ങനെയാണോ് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് അതുപോലെ അദ്ദേഹത്തെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. നിവിനൊപ്പം അജുവര്‍ഗീസ് കൂടി ചേരുമ്പോള്‍ ഇടയ്ക്കിടെ ചിരിയും വരുന്നുണ്ട്. തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് അവര്‍ തമിഴില്‍ ചെയ്യുന്നതുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമൊന്നുമല്ല ശോഭ. എന്നാല്‍ നയന്‍സ് എന്ന ആകര്‍ഷണം ചിത്രത്തിനുണ്ടുതാനും. ചുരുക്കത്തില്‍ ന്യൂജെന്‍ ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്തിട്ടുള്ള ഒരുസിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. കാണാനും ആസ്വദിക്കാനും ഉണ്ട് . എങ്കിലും പുതിയ തലമുറയായിരിക്കും ഈ സിനിമയെ ഏറെ സ്വീകരിക്കുന്നത്.