ഭര്‍ത്താവിന്റെ വകയിലുള്ള ഒരമ്മാവന്‍ വീട്ടിലേക്കു നടന്നു വരുന്നത് അകലെ നിന്നേ സൗദാമിനി കണ്ടു. നാശം! അവള്‍ മനസ്സിലോര്‍ത്തു. ”കാലമാടനെ കെട്ടിയെടുത്തുകൊണ്ടുവരുന്നുണ്
”കാലമാടനെ കെട്ടിയെടുത്തുകൊണ്ടുവരുന്നുണ്
അതെ, എല്ലാ അതിഥികളും ആതിഥേയര്‍ക്ക് പ്രിയപ്പെട്ടവരാകുന്നില്ല. അല്ലെങ്കില്‍ ആധുനിക സാമൂഹിക വ്യവസ്ഥയില്‍ അതിഥി അന്യനും അപരിചിതനും അകറ്റിനിര്ത്തപ്പെടേണ്ടവനുമാകു
ചുരുക്കത്തില്‍ അതിഥിയെ ദേവനെപ്പോലെ കരുതുകയും ദശോപചാരങ്ങള്‍കൊണ്ട് സ്വീകരിക്കുകയും ചെയ്തിരുന്ന ഭാരതീയ പാരമ്പര്യത്തിനോട് നമ്മള്‍ സലാം പറഞ്ഞിരിക്കുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സ്വാര്‍ത്ഥതകളും അതിഥികളെ ഓരോ തരത്തില്‍ സ്വീകരിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, ഒരണുകുടുംബത്തിന്റെ സ്വകാര്യതയെ അതിക്രമിച്ച് കടന്നുവരുന്ന ഭര്‍ത്താവിന്റെ ബന്ധുക്കളെ സ്വീകരിക്കാന്‍ ഭാര്യ എല്ലായ്‌പ്പോഴും തുറന്ന മനസ്സുള്ളവള്‍ ആകണമെന്നില്ല.
പ്രത്യക്ഷമായോ പരോക്ഷമായോ ചില സൂചനകളിലൂടെ അതിഥിയെ മുറിവേല്‍പ്പിക്കുമ്പോള്‍ നാം ഒന്നോര്‍ക്കുക. നമ്മള്‍ തൊടുത്തുവിട്ട അമ്പ് ഒരുനാള്‍ നമ്മുടെ നേര്‍ക്കുതന്നെ മടങ്ങിവന്നേക്കാം.
ഇവിടെ, മകള്‍ വിളിച്ചുപറഞ്ഞത് തന്റെതന്നെ വാക്കുകളാണെന്ന് അമ്മാവന് മനസ്സിലായല്ലോ എന്നോര്‍ത്തു മാത്രമാണ് സൗദാമിനി ദുഃഖിച്ചത്. അതു കേള്‍ക്കേണ്ടിവന്ന അമ്മാവന്റെ മാനസികാവസ്ഥ അവള്‍ക്കു മനസ്സിലായത് പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. വല്യമ്മയുടെ മകളുടെ തേനൊഴുകുന്ന ആതിഥേയത്വത്തില്‍ രണ്ടു ദിവസം കഴിഞ്ഞു തിരിച്ചുപോരവെ വഴിക്കുവച്ചാണ് എടുക്കാനെന്തോ മറന്നു പോയല്ലോ എന്ന് ഓര്‍മ്മയുണ്ടായത്. തിരികെച്ചെന്നപ്പോള്‍ കേട്ടതോ, ‘രണ്ടു ദിവസത്തേക്ക് എന്തൊരു ശല്യമായിരുന്നു. നാശങ്ങള്.പോയത് നന്നായി”’
”ശത്രുവും തന്‍ ഗൃഹേ വന്നാല്‍ വഴിപോല്‍ സല്‍ക്കരിക്കേണം” എന്നാണല്ലോ കവിവചനം. ഇതെത്രമാത്രം ശരിയാകാറുണ്ട് നമ്മുടെയൊക്കെ കാര്യത്തില്‍? മാത്യുച്ചായന്റെ കാര്യംതന്നെ നോക്കൂ. പന്ത്രണ്ടു വര്‍ഷത്തിലധികം ശത്രുതയുണ്ട് മാത്യുവും ഉലഹന്നാനും തമ്മില്‍. കൂടപ്പിറപ്പുകളുമാണ്. അടുത്തയിടെ ധ്യാനപ്രസംഗം ശ്രവിച്ച് മാത്യുച്ചായനൊരു മാനസാന്തരം. ശത്രുതകൊണ്ട് യാതൊരു കാര്യവുമില്ല. മാനസാന്തരപ്പെട്ട്, രമ്യതയിലാകാതെ ബലിയര്‍പ്പിച്ചിട്ട് ഫലവുമില്ല എന്നൊക്കെ തിരിച്ചറിഞ്ഞ് സകുടുംബം മാത്യുച്ചായന്‍ ഉലഹന്നാന്റെ വീട്ടിലെത്തിയതാണ്. കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങിയതേയുള്ളൂ. വരാന്തയില്‍ നിന്ന് ഉലഹന്നാന്റെ സിംഹഗര്‍ജ്ജനം. ”നില്‍ക്കടാ അവിടെ, ഒരടി മുന്നോട്ട് വയ്ക്കരുത്.” മാത്യുച്ചായന്റെ സാന്ത്വനവാക്കുകള്‍ക്കോ സംയമനത്തിനോ യാതൊരു ഫലവുമുണ്ടായില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കാര്യങ്ങള്‍ മുതലേ ഉലഹന്നാന്‍ എടുത്തിട്ട് ‘അലയ്ക്കാന്‍ ‘തുടങ്ങി. ഒടുവില്‍ മാത്യുച്ചായന് ക്ഷമയില്ലാതായി. പിന്നെ സംഭവിച്ചത് ഊഹിക്കാവുന്നതല്ലേയുള്ളൂ….
സുഹൃത്തിന്റെ ക്ഷണമനുസരിച്ച് വീട്ടില്‍ എത്തിച്ചേര്‍ന്നതായിരുന്നു അജിത്ത്. ശുചിത്വബോധത്തിന്റെ കാര്യത്തില്‍ ആരുടെയും പിന്നിലല്ലാത്തവന്‍. പക്ഷേ ആതിഥേയന്‍ നല്‍കിയതോ? ഈച്ചയാര്‍ക്കുന്ന ഭക്ഷണമേശ. അഴുക്കുപിടിച്ച പാത്രം. മത്സ്യഗന്ധമുള്ള ഗ്ലാസ്.
അലക്കി വിരിക്കാത്ത കിടക്കവിരിയും കനപ്പു ഗന്ധം ഉയരുന്ന തലയണയും….
അതിഥികള്‍ക്കു മാത്രമായി ഒരു പുതപ്പും തലയണയുറയും നീക്കിവയ്ക്കുന്നതില്‍ നമുക്കെന്തു നഷ്ടം? ഭക്ഷണപ്പാത്രങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തുന്നതില്‍ എന്താണ് മാനക്കേട്?
ഒരേ വീട്ടില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കളായി ഒരേസമയം എത്തിച്ചേര്‍ന്ന രണ്ടുസംഘം അതിഥികള്‍ക്ക് രണ്ടുതരം വിളമ്പ് ഒരേ പന്തിയില്‍ വിളമ്പിയതിന്റെ കഥ പറയാനും നമ്മളില്‍ ചിലര്‍ക്ക് കഴിഞ്ഞെന്നു വരാം. ‘സ്‌പെഷ്യല്‍ വിഭവം’ ഉണ്ടാക്കിയ ഒരു നാളില്‍ എത്തിച്ചേര്‍ന്ന അതിഥിയ്ക്ക് അതു നല്‍കാന്‍ തയ്യാറാകാതെ ഭദ്രമായി മാറ്റിവച്ച അമ്മയെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ആറു വയസ്സുകാരന്‍ അതിഥിയ്ക്കു മുമ്പാകെ തന്നെ അതു തിരഞ്ഞു കണ്ടെത്തുകയും അറിയാതെ തട്ടിത്തൂവിപ്പോവുകയും ചെയ്തപ്പോള്‍ വീട്ടമ്മ അനുഭവിച്ച ബുദ്ധിമുട്ടിന്റെ ആഴങ്ങള്‍ എത്രയധികമായിരിക്കും? ഹൃദ്യമായൊന്ന് പുഞ്ചിരിക്കുവാന്‍പോലും മനസ്സാവാത്ത എത്രയോ ആതിഥേയരെ നമ്മളൊക്കെ കണ്ടുമുട്ടിയിട്ടുണ്ട്? ചിലപ്പോഴെങ്കിലും അത്തരം ആതിഥേയരായി നമ്മളും മാറിയിട്ടുണ്ടെന്നത് വേറെ കാര്യം.
ഒരു ദിനമെങ്കിലും തങ്ങാന്‍ തയ്യാറായി, അപ്രതീക്ഷിതമായി വന്നുചേരുന്ന ഒരാളെയാണ് അതിഥിയായി നമ്മള്‍ പൊതുവെ ഗണിക്കാറുള്ളത്. എന്നാല്‍ വന്നുചേരുന്ന അതിഥി ഒരു ദിനമല്ല ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചു പോകുന്നില്ലെങ്കിലോ? ആതിഥേയര്‍ ദീക്ഷിക്കേണ്ട ചില മര്യാദകളും കടമകളും ഉള്ളതുപോലെ തന്നെ അതിഥികളും ചില നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്.
ഒരു ഇന്റര്‍വ്യൂവിനായി നഗരത്തിലെത്തിയ സഹോദരീ പുത്രനെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്നതിന് രാജന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇത്ര ദൂരം വന്നതല്ലേ ഒരാഴ്ച കഴിഞ്ഞ് മടങ്ങിയാല്‍ മതിയെന്ന് രാജന്‍ തന്നെയാണ് അനൂപിനോട് പറഞ്ഞതും. നഗരക്കാഴ്ചകള്‍ അവനൊന്നു കണ്ടോട്ടെയെന്ന് അയാള്‍ കരുതി. ഒരാഴ്ചയല്ല, രണ്ടാഴ്ച കഴിഞ്ഞിട്ടും അതിഥി മടങ്ങാനുള്ള ഭാവമില്ലെന്നു കണ്ടപ്പോള്‍ ആതിഥേയര്‍ക്കു ചങ്കിടിപ്പേറി. തുച്ഛ ശമ്പളക്കാരനായ രാജന് അതിഥിയുടെ ചെലവുകള്‍ അസഹ്യമായിത്തുടങ്ങിയതുതന്നെ കാരണം.
ആതിഥേയരുടെ അവസ്ഥ കണ്ടറിഞ്ഞ് പെരുമാറേണ്ടത് അതിഥികളുടെ കടമയാണ്. താന്‍ അവര്‍ക്കൊരു ഭാരമായി മാറേണ്ടതില്ലെന്ന് അതിഥി തന്നെ തീരുമാനിക്കണം. സല്‍ക്കാരപ്രിയരായ ആതിഥേയര്‍ നമ്മോടുള്ള ഇഷ്ടത്തെ പ്രതി എന്തുവിധ സ്വീകരണങ്ങള്‍ക്കും തയ്യാറായെന്നു വന്നേക്കാം. അതവിടെ നില്‍ക്കട്ടെ. രാജന്‍ പറയുന്നു. ”ഒരു മാസം കഴിഞ്ഞ് അവന്‍ നാട്ടിലേക്കു മടങ്ങിയപ്പോഴേക്കും തരക്കേടില്ലാത്ത ഒരു തുക എനിക്കു ബാധ്യതയായി സമ്മാനിച്ചിരുന്നു. മാത്രവുമല്ല അലമാരയില്‍ വച്ചിരുന്ന രണ്ടുപവന്‍ സ്വര്‍ണ്ണവും നഷ്ടമായിരുന്നു.”
അതിഥി മോഷ്ടാവായി മാറിയാല്‍ എന്തു ചെയ്യാന്‍ അല്ലേ?
അതിഥികള്‍ സംസാരത്തിലും പ്രവൃത്തിയിലും സഭ്യതയുടെ അതിര്‍ത്തികള്‍ ലംഘിച്ചു തുടങ്ങിയാലോ? ഒന്നാമത്തെ സംഭവം ഒരു ഇടത്തരം കുടുംബത്തിലാണ് അരങ്ങേറിയത്. അതിഥി വില്ലനായി മാറുന്നതാണീ കഥ. ഗൃഹനാഥയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവായ മലബാറുകാരനാണു വില്ലന്‍. നാടും നാട്ടുകാരെയും കാണാനെത്തിയ കക്ഷി മേല്‍പ്പറഞ്ഞ വീട്ടിലാണ് തങ്ങിയത്. ഗൃഹനാഥയും സുന്ദരികളായ മൂന്നു പെണ്‍മക്കളും. വില്ലന് അതില്‍ ഒരുവളോട് വല്ലാത്ത ഇഷ്ടം. രണ്ടുദിവസം കഴിഞ്ഞ് പോകുമെന്ന് പറഞ്ഞയാള്‍ മൂന്നാം ദിവസവും പോകാത്തപ്പോള്‍ ഗൃഹനാഥയ്ക്ക് വല്ലായ്ക. അയാളാവട്ടെ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി യാത്ര നീട്ടി. അതിനിടയില്‍ ഇരുന്നൂറ്റമ്പത് മുന്തിരിയും അരക്കിലോ ഓറഞ്ചും വാങ്ങിക്കൊണ്ട് ദിവസവും ഗൃഹനാഥയെ സന്തോഷിപ്പിക്കാനും അയാള്‍ മറന്നില്ല. ഒടുവില്‍ അതു സംഭവിച്ചു. രാത്രിയില്‍ പെണ്‍കുട്ടികളുടെ മുറിയിലെത്തി തനിക്ക് ഇഷ്ടപ്പെട്ടവളുടെ അരികിലിരുന്ന് അയാള്‍ തോണ്ടി വിളിച്ചു….ഉറക്കെ കാറിക്കൂവാനോ, കരണത്തടിക്കാനോ പെണ്‍കുട്ടി തയ്യാറായില്ല. ലൈറ്റ് തെളിച്ചുകൊണ്ട് അവള്‍ പുറത്തേക്ക് വിരല്‍ചൂണ്ടി ഇത്രമാത്രം പറഞ്ഞു. ”ഇറങ്ങിപ്പോടാ.” മറ്റ് രണ്ടുപേരും ഉറക്കമുണര്ന്നിട്ടുണ്ടായിരുന്
ഔചിത്യമില്ലാതെ, താനിരിക്കെ അശ്ലീലസംഭാഷണം നടത്തുന്ന ഒരതിഥിയെക്കുറിച്ച് ഒരു ഗൃഹനാഥയ്ക്ക് കടുത്ത അമര്‍ഷമാണുള്ളത്. ‘ചന്തയില്‍പ്പറയുന്ന ഭാഷ വീട്ടില്‍ കൊള്ളില്ല. പ്രത്യേകിച്ചും അന്യവീടുകളില്‍” ഗൃഹനാഥ പറയുന്നു.
ഭക്ഷണമേശ യോജിപ്പിന്റെയും സൗഹാര്‍ദ്ദത്തിന്റെയും രംഗമാണ്. അവിടെവച്ചു ഭക്ഷണത്തിന്റെ ഗുണമേന്മ ചര്‍ച്ച ചെയ്യുന്നതേ ഉചിതമല്ല. പ്രത്യേകിച്ച് അതിഥി. ‘ഈ പാചകം കൊള്ളില്ല’ എന്ന് അതിഥി തുറന്നടിക്കുമ്പോള്‍ സ്വയം പരിഹാസ്യനാകുന്നത് അതിഥി തന്നെയായിരിക്കും.
മുറ്റത്ത് മാത്രം മുറുക്കി തുപ്പിയും കഫം തുപ്പിയും കക്കൂസില്‍ ശുചിത്വം പാലിക്കാതെയും എത്രയോ അതിഥികള്‍ ആതിഥേയര്‍ക്ക് മനഃക്ലേശം ഉണ്ടാക്കുന്നു?
ചില അതിഥികള്‍ നമ്മുടെ മനസ്സിന് ആഹ്ലാദം പകരുന്നവരാണ്; മറ്റു ചിലരോ പീഡനങ്ങള്‍ സമ്മാനിക്കുന്നവരും. ‘പാര പണിയാനും’ അപവാദം പരത്താനും ആയി ‘അതിഥി’ എന്ന പദവി എത്രയോ പേര്‍ ദുരുപയോഗിക്കുന്നു.
നമ്മളെ ഒരാള്‍ കാണാനെത്തുന്നത് നാം അയാള്‍ക്ക് പ്രിയപ്പെട്ടതായതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അയാള്‍ സ്വീകരിക്കപ്പെടേണ്ടവനുമാണ്. പക്ഷേ ഒന്നുണ്ട് അതിഥിയായും ആതിഥേയനായും വിവിധ വേഷപ്പകര്‍ച്ചകള്‍ നടത്തുമ്പോള്‍ നമ്മളെന്നും മറ്റുള്ളവരെന്നുമുള്ള ഒരു തിരിച്ചറിവും അതിനനുസരിച്ചുള്ള ഒരു പുനര്‍ വിചിന്തനവും നമുക്കാവശ്യമാണ്.
വിനായക് നിർമ്മൽ