വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ വീടുകൾ ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇന്നാവട്ടെ വീടുകളുടെ ശ്രദ്ധ മറ്റ് പലകാര്യങ്ങളിലേക്കും തിരിഞ്ഞിരിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് അകത്തളങ്ങളുടെ മനോഹാരിതയ്ക്ക് കൊടുക്കുന്ന സ്ഥാനം. അവയിൽ മുഖ്യ വഹിക്കുന്നുണ്ട് ഇൻഡോർ പ്ലാന്റുകൾ. മനോഹാരിതയ്ക്ക് അപ്പുറം ഇൻഡോർ പ്ലാന്റുകൾ നല്കുന്നത് പച്ചപ്പും പോസിറ്റീവ് എനർജിയും ശുദ്ധവായുവും എല്ലാമാണ്. ഇൻഡോർ പ്ലാന്റ് എന്ന് പറയുമ്പോൾ അടുത്തകാലം വരെ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവന്നിരുന്നത് മണി പ്ലാന്റ് മാത്രമായിരുന്നു. ഇന്ന് അവ കൂടാതെ അനേകം ഇൻഡോർ പ്ലാന്റുകൾ വീടുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശവും മണ്ണും ആവശ്യം വരുന്നില്ല എന്നതാണ് മണിപ്ലാന്റുകളുടെ പൊതുപ്രത്യേകത. വെള്ളത്തിലും വളരാറുണ്ട്. വിവിധ തരത്തിലുള്ള മണിപ്ലാന്റുകളുണ്ട്. മണിപ്ലാന്റുകൾ പേരു സൂചിപ്പിക്കുന്നതുപോലെ പണം വർദ്ധിപ്പിക്കും എന്നൊരു വിശ്വാസവുമുണ്ട്. പക്ഷേ അവയ്ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. കലേഡിയം, ബാംബൂ പാം, സ്പൈഡർ പ്ലാന്റ്, ഡ്രസീന, സ്നേക്ക് പ്ലാന്റ് എന്നിവയെല്ലാം ഇൻഡോർ പ്ലാന്റുകളിൽ പെടുന്നുണ്ട്. നിലത്ത് ചട്ടിയിൽ വയ്ക്കാനും തൂക്കിയിടാനും മേശപ്പുറത്ത് വയ്ക്കാനുമെല്ലാം സ്പൈഡർ പ്ലാന്റ് ഏറെ ഉപകാരപ്പെടും. ഇവയുടെ ഇലകൾക്ക് വിഷാംശവുമില്ല. ബാംബൂ പാം ഇൻഡോർ പ്ലാന്റുകളിൽ ഏറെ മനോഹരമാണ്. മുറിക്കുള്ളിലെ വിഷാംശം വലിച്ചെടുക്കാൻ ഇവ കൂടുതൽ സഹായകമാണ്. കറ്റാർവാഴയെ ഒരു ഔഷധസസ്യമായിട്ടാണ് പൊതുവെ പരിഗണിക്കുന്നതെങ്കിലും അതൊരു ഇൻഡോർ പ്ലാന്റ് കൂടിയാണ്. വായുശുദ്ധീകരണത്തിന് ഉത്തമം.
ശുദ്ധവായു, കണ്ണിന് കുളിർമ്മ, കൂടുതൽ ഓക്സിജൻ എന്നിവയെല്ലാം നല്കാൻ പര്യാപ്തമായവയാണ് ഇൻഡോർ പ്ലാന്റ്സുകളെല്ലാം. വീടിന്റെ പ്രധാന ഇടങ്ങളിൽ മാത്രമല്ല ജോലി ചെയ്യുന്ന സ്ഥലങ്ങളിലും ഇവ സ്ഥാപിക്കുക. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് അരികിലായി ഇൻഡോർ പ്ലാന്റുകൾ ഉള്ളത് വളരെ നല്ലതാണ്. ഏറെ നേരം സ്‌ക്രീനിൽ നോക്കിയിരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായും കണ്ണിന് കുളിർമ്മ നല്കാനും ഇവ സഹായിക്കുന്നു.
വീടിനുള്ളിലെ താരം
Date: