‘പറയാൻ ഒരു കഥയുണ്ടാകുന്നതിലല്ല കഥ, ആ കഥ പറയാൻ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടു പിടിക്കുന്നതിലാണ്’. കെ.ആർ.മീരയുടെ തന്നെ വാക്കുകളാണിത്. ഒരു പക്ഷേ കെ.ആർ.മീരയുടെ എല്ലാ രചനയിലും സ്ഫുരിച്ചു നിൽക്കുന്ന, ഏറ്റവും വലിയ ഒരു പ്രത്യേകത തന്നെയാണീ ജീവനുള്ള കഥാപാത്രങ്ങൾ. യൂദാസിന്റ സുവിശേഷം എന്ന ഈ കുഞ്ഞു നോവലും ശക്തമായ കഥാപാത്രങ്ങളാൽ അനുഗ്രഹീതമാണ്.
ചരിത്രത്തിന്റെ താളുകൾ മറിച്ചു നോക്കുമ്പോൾ യൂദാസിനോളം വെറുക്കപ്പെട്ട ഒരു കഥാപാത്രമുണ്ടോ എന്നത് സംശയമാണ്. 30 വെള്ളിക്കാശിന് തന്റെ പ്രിയപ്പെട്ടവനെ ഒറ്റിക്കൊടുത്ത മനുഷ്യന്റെ, പേരിന്റെ അർത്ഥം പോലും പിൽകാലത്ത് ചതിയനെന്നായിത്തീർന്നല്ലോ. ഒരു ഒറ്റു കാരന്റെ അതെ ആത്മവ്യഥയിൽ നീറുന്ന കഥ പാത്രമാണ് മീരയുടെ നോവലിലെ മുതല യൂദാസ് എന്ന അപര നാമത്തിലറിയപ്പെടുന്ന ദാസ് എന്ന കഥാപാത്രം.
കായലിൽ മുങ്ങി മരിക്കുന്നവരുടെ ശവങ്ങൾ മുങ്ങിയെടുക്കാൻ വേണ്ടി മാത്രമാണിന്നയാൾ ജീവിക്കുന്നത്. അയാൾ ഒരു വിപ്ലവകാരിയാണ്, അതിനെക്കാൾ ഉപരി ഒരു നക്‌സലൈറ്റാണ്. മരണത്തിന്റെ അക്കൽദാമയോടയാൾക്ക് വല്ലാത്ത ഭയമാണ്. അതു കൊണ്ട് തന്നെ ശവങ്ങൾ കരയ്ക്കടുപ്പിച്ച് കഴിഞ്ഞ് കൂലി വാങ്ങിക്കഴിഞ്ഞാൽ എന്തൊക്കയോ മറന്നു കളയാനായി അയാൾ മൂക്കുമുട്ടെ മദ്യപിക്കുന്നു, എന്നാലോ ഒറ്റുകാരൻ എത്ര കുടിച്ചാലും അയാൾക്ക് ഓർമ്മകൾ മറയില്ല, വിഷാദം തീപിടിപ്പിച്ച മനുഷ്യൻ ആൾക്കൂട്ടത്തിൽ നിന്നു കൊണ്ട് ഏകാന്തതയുടെ വീടുപണിയുന്നു.
ഈ മനുഷ്യനെ അത്യഗാധമായി പ്രണയിക്കുന്ന കഥാപാത്രമായി കടന്നു വരുന്ന പെൺകുട്ടിയാണ് പ്രേമ. ജീവിതത്തിന്റെ കടുത്ത അരക്ഷിതകളിൽ വാ തുറക്കാൻ പോലും ശക്തിയില്ലാതെ ബാല്യം ഒടുങ്ങിപ്പോയ ഒരു പെൺകുട്ടി. അവളുടെ കണ്ണിലെ ഏറ്റവും വലിയ വിപ്ലവകാരനാണ് ദാസ്, വെളുത്ത വിളറിയ ശവങ്ങളെ കരക്കടുപ്പിച്ചതിനു ശേഷം ‘ ഈ ശവം എന്റെ പേരിലെഴുതിക്കോ’ എന്ന് പറയുന്ന ധീരൻ, പൊലീസുകാരന്റെ മുഖത്തു നോക്കി പോലും പള്ളു പറയാൻ കെൽപ്പുള്ളവൻ. അതുകൊണ്ട് പ്രേമിക്കാൻ ഒരു നക്‌സലൈറ്റിനെ കുറഞ്ഞ ഒരാളെയും വേണ്ടന്നാ പെൺകുട്ടി തീരുമാനിച്ചുറക്കുകയാണ്, ആ പെൺകുട്ടിക്ക് സ്‌നേഹം വേണമായിരുന്നു അവൾക്ക് ജീവിക്കാൻ ഒരു കാരണം വേണമായിരുന്നു.
താൻ കാരണമാണ് സുനന്ദ എന്ന പെൺകുട്ടി മരിച്ചത് എന്ന് ഓർത്ത് ഓർത്ത് നീറുന്ന ഒരു ഹൃദയമാണയാളുടെത്, ‘എന്റെ കൈയ്യിൽ ചോരയുണ്ട്’ എന്ന് പറഞ്ഞ് പ്രേമയുടെ പ്രണയത്തെ തട്ടിതെറിപ്പിച്ച് അയാൾ ഒളിച്ചോടുകയാണ്. എന്നാൽ പ്രേമയോ അയാളെ പിൻതുടർന്നു കൊണ്ടേയിരിക്കുന്നു. അവൾ ദാസിനു വേണ്ടി പ്രായശ്ചിത്തങ്ങൾ ചെയ്യുകയാണ്. ഒറ്റുകാരനെ പോലെ അവന്റെ പെണ്ണിനും ഉറക്കം നഷ്ട്ടമാകുന്നുണ്ട്. സ്‌നേഹമാണ് ഈ നോവലിലെ ഏറ്റവും ശക്തമായ വികാരം. സ്‌നേഹം അവളെ ആരും നടക്കാത്ത വഴികളിലൂടെ നടത്തുന്നു. അയാളുടെ സ്‌നേഹം ഓർക്കുമ്പോൾ അവൾ വല്ലാതെ ദുർബലയാകുന്നു. ഈ നോവൽ ഒരു ഒറ്റുകാരന്റെ സുവിശേഷമല്ല സ്‌നേഹിക്കുന്ന രണ്ടു മനസുകളുടെ കുമ്പസാരമാണ് .
പ്രസാധകർ : ഡി.സി. ബുക്‌സ്
വില: 130.00