നീ നിന്നോട് ക്ഷമിക്കുക

Date:

മറ്റുള്ളവരോട് ക്ഷമിക്കുന്നതിനെക്കുറിച്ചാണ് നമ്മുടെ പ്രബോധനങ്ങളേറെയും. നമ്മോട് തെറ്റു ചെയ്തവരോട് ക്ഷമിക്കുക. അതാണ് ഒട്ടുമിക്ക ആത്മീയപാഠങ്ങളും. എന്നാൽ നമ്മോട് തന്നെ നാം ക്ഷമിക്കേണ്ടതിനെക്കുറിച്ച് അത്രയധികം ഓർമ്മപ്പെടുത്തലുകളൊന്നുമില്ല.

 എല്ലാ ക്ഷമകൾക്കും സൗഖ്യത്തിന്റെ ഒരുതലമുണ്ട്. മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ അവർക്കല്ല നമുക്ക് തന്നെയാണ് സൗഖ്യമുണ്ടാകുന്നത്. അതുപോലെ നാം നമ്മോട് തന്നെ ക്ഷമിക്കുമ്പോൾ നമുക്ക് സൗഖ്യമുണ്ടാകുന്നു. വളർച്ചയുണ്ടാകുന്നു.   മറ്റുള്ളവരോട് ക്ഷമിക്കുന്ന നമ്മൾ, മറ്റുള്ളവരോട് ക്ഷമ ചോദിക്കുന്ന നമ്മൾ ഒരിക്കലും നമ്മളോട് ക്ഷമിക്കുന്നില്ല. സ്വയം മാപ്പു ചോദിക്കുന്നില്ല.  മാപ്പു കൊടുക്കുന്നില്ല. ഫലമോ ആത്മനിന്ദയിൽ നാം കുഴങ്ങുന്നു. കുറ്റബോധത്താൽ നീറുന്നു. ജീവിതം മുഴുവൻ അത്തരമൊരു ഭാരം ചുമന്ന് ജീവിക്കുന്നു.  ഞാനൊരു തെറ്റു ചെയ്തു, പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ടായിരിക്കാം… എന്റെതന്നെ ആസക്തികൾ കൊണ്ടാകാം… ബലഹീനതകളും ദൗർബല്യങ്ങളും കൊണ്ടാകാം. അതെനിക്ക് തന്നെ പിന്നീട് വേദനയും സങ്കടവും നിരാശയും വരുത്തിവച്ചിട്ടുമുണ്ടാകാം. അല്ലെങ്കിൽ അതിന് ഇരയായത് മറ്റൊരാളാവാം. ഞാനുമായി ചേർന്നുനില്ക്കുന്നവർ. എന്റെ സുഹൃത്ത്/ മാതാപിതാക്കൾ/ ജീവിതപങ്കാളി/ മക്കൾ/ സഹോദരങ്ങൾ/ അയൽക്കാർ എന്തിന് അപരിചിതർ പോലുമാവാം.

 തിരിച്ചറിവുണ്ടായിക്കഴിയുമ്പോൾ മുതൽ,  തെറ്റാണ്  ചെയ്തതെന്ന് മനസ്സിലാവുന്ന  നിമിഷം  മുതൽ  ഉള്ളിൽ കുറ്റബോധത്തിന്റെ നെരിപ്പോട് എരിയുകയാണ് . ‘അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, കുറെക്കൂടി സഹിഷ്ണുതകാണിക്കേണ്ടതായിരുന്നു, കുറച്ചുകൂടി നന്നായി സ്നേഹിക്കാമായിരുന്നു, കുറച്ചുകൂടി നന്നായി അത് ചെയ്യാമായിരുന്നു, എനിക്ക് അങ്ങനെ സംഭവിച്ചുവല്ലോ, ഞാൻ അങ്ങനെ ചെയ്തല്ലോ, എന്തൊരു അധമനാണ് ഞാൻ, എന്തൊരു ദുഷ്ടനാണ് ഞാൻ’ ഇങ്ങനെയാണ് ചിന്തകൾ  വ്യാപിക്കുന്നത്. ഒരു തുള്ളി മഷി വെള്ളക്കടലാസിൽ പടരുന്നതുപോലെയാണ് അത്. ഇതിൽ നിന്ന് ചിലർക്കെങ്കിലും മോചനംലഭിക്കില്ല.
സംഗതി ശരിയാണ്.   നാം തെറ്റ് ചെയ്തു. അത്   തെറ്റായിരുന്നുവെന്ന് നമുക്ക് മനസ്സിലാകുകയും ചെയ്തിട്ടുണ്ട്.

ഇനി അതിൽ നിന്ന് പുറത്തുകടക്കാൻ രണ്ടു മാർഗ്ഗങ്ങളാണ്. ആ തെറ്റിന് എന്തെങ്കിലും പരിഹാരമാർഗ്ഗമുണ്ടോ? പരിഹരിക്കാൻ പറ്റുന്നവയാണെങ്കിൽ, നഷ്ടപരിഹാരം നല്കാവുന്നവയാണെങ്കിൽ, മറ്റേതെങ്കിലും പോംവഴികളുണ്ടെങ്കിൽ അങ്ങനെ ചെയ്യുക. ഇനി അതല്ല,  കൈവിട്ടുപോയെങ്കിൽ, പരിഹരിക്കാൻ കഴിയുന്നവയല്ലെങ്കിൽ  അത് അംഗീകരിക്കുക. മാറ്റാൻ സാധിക്കാത്തവയെ അംഗീകരിക്കുക എന്ന് പറയാറില്ലേ.. അതാണ് ഇവിടെ ചെയ്യേണ്ടത്. അതിന് പകരം സംഭവിച്ചുപോയവയുമായി സംഘട്ടനത്തിലേർപ്പെടാതിരിക്കുക. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതൊരുതരം ഒളിച്ചോട്ടമാണ്. അവനവനിൽ നിന്ന് തന്നെയുള്ള ഒളിച്ചോട്ടം. തടവറയിൽ കഴിയുന്നതിന്റെ സുഖമാണ് അവിടെ നാം അനുഭവിക്കുന്നത്.  പക്ഷേ ചെയ്യേണ്ടത്അതല്ല പുറത്തുകടക്കുകയാണ്. ഏറ്റവും സൗഖ്യം വേണ്ടത് നമുക്ക് തന്നെയാണ്. ദിവസത്തിലോ കഴിഞ്ഞകാലത്തിലോ പറ്റിപ്പോയ സ്വന്തം പിഴവുകളെപ്രതി അവനവരോട് ക്ഷമിക്കുക. മറ്റുള്ള വരോട് ക്ഷമിക്കാൻ കഴിയുന്ന നിനക്ക് എന്തുകൊണ്ട് നിന്നോട് തന്നെക്ഷമിക്കാൻ കഴിയുന്നില്ല?  നീ നിന്നോട് ക്ഷമിച്ചില്ലെങ്കിൽ ആര് നിന്നോട് ക്ഷമിക്കും?

അതുകൊണ്ട് പലവിധകാരണങ്ങളാൽ ഭൂതകാലത്തിന്റെ മുറിപ്പെടുത്തുന്ന ഓർമ്മകളുമായി ജീവിക്കുന്നവരെല്ലാം സ്വയം സൗഖ്യം നേടുക. നമ്മെ സൗഖ്യപ്പെടുത്താൻ ഒരു ദൈവദൂതനും വരില്ല. നാം തന്നെ  ദൈവദൂതരാവുകയല്ലാതെ..

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's...

വാടകയ്ക്ക് ഒരു ഹൃദയം

It is said, the best possible way to break...

പ്രണയമോ, അയ്യേ…  അത് പൈങ്കിളിയല്ലേ? 

എന്താണ് പ്രണയം? പ്രണയം ഇത് മാത്രമാണെന്ന് പറയത്തക്കവണ്ണം അതിനെ ആരെങ്കിലും നിർവചിച്ചിട്ടുണ്ടോ?...

പുതുവർഷത്തിലേക്ക് ചില ചുവടുവയ്പ്പുകൾ

പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ,...

No Thanks പറയുന്നത് ശരിയാണോ?

താങ്ക്യൂ  പറയുമ്പോൾ എന്താണ്  പ്രതികരണം? ചെറുതോ വലുതോ എന്തുമായിക്കൊള്ളട്ടെ ഒരു സഹായം...

‘NO’ എന്തൊരു വാക്ക് !

'നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും...

NO പറയണോ?

'NO, ഇല്ല'- എത്രയോ ആഴങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന തീരെ ചെറിയൊരു വാക്കാണ് ഇത്....
error: Content is protected !!