സൗഹൃദം മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. തിരിച്ചറിവിന്റെ പ്രായം മുതൽ ജീവിതയാത്രയിലുടനീളം സൗഹൃദം പുലർത്തിപ്പോരുന്നവരാണ് നമ്മൾ ഓരോരുത്തരും. ജീവിതാന്ത്യം വരെയും സൗഹൃദങ്ങൾ കൂടെയുണ്ടാവും. പക്ഷേ ജീവിതംതുടങ്ങിയപ്പോൾ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ജീവിതകാലം മുഴുവൻ നിലനിർത്താൻ കഴിയണമെന്നില്ല. ചില സൗഹൃദങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുമ്പോൾ ചിലത് പാതിവഴിയിൽ അവസാനിക്കുന്നു. വേറെ ചിലപ്പോൾ പുതിയ ആളുകൾ സൗഹൃദത്തോടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. സൗഹൃദങ്ങളെ ക്കുറിച്ചുപറയുമ്പോൾ എല്ലാവരും ഒന്നുപോലെ പറയുന്ന ഒരു കാര്യമുണ്ട് നല്ല സുഹൃത്തായിരിക്കുക. പല സൗഹൃദങ്ങളിൽ ഒരാൾ നമ്മുടെ ഏറ്റവും മികച്ച സുഹൃത്താകുന്നു. ബെസ്റ്റ് ഫ്രണ്ട് എന്നാണ് നമ്മൾ അവരെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴാവട്ടെ അത് ബെസ്റ്റിയായി മാറിയിട്ടുണ്ട്. ബെസ്റ്റ് ഫ്രണ്ട് ഇല്ലാതെവരുന്നത് ജീവിതത്തിലെ ഒരു കുറവാണെന്ന മട്ടിലാണ് പലരും സംസാരിക്കുന്നത്. എന്നാൽ പുതിയകാലത്തെ ചിന്തയിൽ പറയുന്നത് ഒരാൾ മാത്രം ബെസ്റ്റ് ഫ്രണ്ട് ആയിരിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല എന്നാണ്.
ഒരു ബെസ്റ്റ് ഫ്രണ്ട് ഇല്ലാത്തത് ഒരിക്കലും നമ്മുടെ കുറവോ കുഴപ്പമോ അല്ലെന്നാണ്. സൗഹൃദത്തെ തണൽവൃക്ഷത്തോട് ഉപമിക്കാമെന്ന് തോന്നുന്നു… അതിന്റെ ചുവട്ടിൽ ചിലർ വന്നിരിക്കും മറ്റു ചിലർ ശിഖരങ്ങളിൽ കയറിപ്പറ്റും. വരുന്ന ആരെയും ആ വൃക്ഷം നിരസിക്കുന്നില്ല. മാത്രവുമല്ല തോന്നുന്ന സമയം അവർ ഓരോരുത്തരും അവിടെ നിന്ന് പിരിഞ്ഞുപോവുകയും ചെയ്യുന്നു. എന്നാൽ ആ വൃക്ഷമാകട്ടെ ആരെയും പിടിച്ചുനിർത്തുന്നില്ല. എന്റെ അനുവാദമോ സമ്മതമോ കൂടാതെ വന്നാൽ ഇനി ഈ തണലിൽ ഇരുത്തില്ല എന്ന് ഭീഷണയും മുഴക്കാറില്ല. തോന്നുകയാണെങ്കിൽ വരാം. ഇനി വന്നില്ലെങ്കിലും കുഴപ്പമില്ല. അതായത് സൗഹൃദം ഒരാളിൽമാത്രമായി ഒതുങ്ങുന്ന ഒരു ബന്ധമല്ല. മനുഷ്യൻ ഒരു സാമൂഹ്യജീവിയായതുകൊണ്ട് പലരുമായും അടുത്ത് ഇടപഴകേണ്ടിവരും ചിലർ പഠനകാലയളവിൽ സുഹൃത്തുക്കളാകുന്നു.വേറെ ചിലർ തൊഴിലിടങ്ങളിൽ സുഹൃത്തുക്കളാകുന്നു. ചിലർ ഒരു മഴ പെയ്യുമ്പോൾ കടത്തിണ്ണയിലേക്ക് ഓടിക്കയറുന്നതുപോലെ ഏതെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ ജീവിതത്തിലേക്ക് കടന്നുവരുന്നവരാകാം. വരുന്നവരെല്ലാം ജീവിതത്തിൽ എന്തെങ്കിലും അവശേഷിപ്പിക്കുന്നുണ്ട്. ഓരോ നിറം കൊണ്ട് അവർ നമ്മുടെ സൗഹൃദച്ചിത്രത്തെ മനോഹരമാക്കുകയോ വികലമാക്കുകയോ ചെയ്യുന്നുമുണ്ട്. അതുകൊണ്ട് സൗഹൃദം ഒരാളിൽ മാത്രമായി ഒതുക്കാതിരിക്കുക. പലരെയും നമ്മുടെ ജീവിതത്തിലേക്ക് കൂട്ടിച്ചേർക്കുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതൽ അനുഭവസമ്പന്നമാകുന്നത്, പരസ്പരമുള്ള കൊടുക്കൽവാങ്ങലുകൾ സംഭവിക്കുന്നത്. സൗഹൃദം ഒരാളിലേക്ക് മാത്രമായി ചുരുക്കുമ്പോൾ സംഭവിക്കുന്ന ഒരു അപകടം കൂടിയുണ്ട്. ഏതെങ്കിലും കാരണത്താൽ ആ വ്യക്തിയുമായി അകലേണ്ടിവന്നാൽ ആ വിരഹമോ നഷ്ടമോ നമുക്ക് സഹിക്കാനാവില്ല. കടുത്തവിഷാദത്തിലേക്കോ ആത്മഹത്യയിലേക്കോ പോലും ആ സൗഹൃദനഷ്ടങ്ങൾ കാരണമായിമാറിയേക്കാം. ഒരേ സമയം ഒന്നിലധികംപേരുമായി സന്തുലിതമായ രീതിയിൽ സൗഹൃദം പുലർത്തുന്നതാണ് കൂടുതൽ ആരോഗ്യകരം. ഒരു സൗഹൃദത്തെ ഒരാളിൽ മാത്രമായി ചുരുക്കാതിരിക്കുക. പലരുമായി പങ്കുവയ്ക്കേണ്ടതാണ് സൗഹൃദം എന്ന് മനസിലാക്കുക. ഒരു മിഠായി ഒരാൾക്ക് മാത്രമായി നല്കാം. എന്നാൽ അതു പലർക്കുമായി പങ്കുവച്ചുനല്കുകയുമാവാം.
അതുപോലെയാണ് സൗഹൃദവും. സൗഹൃദം ഒരു ഒറ്റത്തീർപ്പാക്കൽ പദ്ധതിയല്ല. നിക്ഷേപസമാഹരണയജ്ഞമാണ്. എത്രപേരെ അതിലേക്ക് കൂട്ടിച്ചേർക്കാൻ കഴിയുന്നുവോ അവിടെയാണ് നിങ്ങളുടെ സൗഹൃദം സഫലമാകുന്നത്. അതുകൊണ്ട് ഒരു ബെസ്റ്റ് ഫ്രണ്ടു പോലും ഇല്ല എന്ന പേരിൽ കരച്ചിൽ അവസാനിപ്പിക്കുക. സൗഹൃദങ്ങളുടെ എണ്ണമല്ല ഗുണമാണ് പ്രധാനമെന്ന് മറക്കരുത്. ബെസ്റ്റ് ഫ്രണ്ടാണ് എന്ന് കരുതി കൂടെക്കൂട്ടിയിട്ട് നിന്റെ സങ്കടങ്ങളിൽ സഹതപിക്കാനോ സന്തോഷങ്ങളിൽ കൂടെയുണ്ടാവാനോ വിജയങ്ങൾ ആഘോഷമാക്കാനോ അയാൾ ഒപ്പമില്ലെങ്കിൽ അതിൽപ്പരം ഒരു ദുര്യോഗമുണ്ടോ? നമ്മെ മനസ്സിലാക്കുകയും നമ്മോടൊപ്പം ജീവിതത്തിലെ ഏത് അവസ്ഥകളിലും കൂടെ നില്ക്കുകയും ചെയ്യുന്ന ഒരാളുണ്ടാവുന്നത് ഭാഗ്യമാണ്.ചിലപ്പോഴെങ്കിലും നമ്മൾ സ്നേഹിക്കുന്നവരായിരിക്കില്ല നമ്മളെ സ്നേഹിക്കുന്നവരായിരിക്കും അങ്ങനെ കൂടെയുണ്ടാവുന്നത്. അതുകൊണ്ടുതന്നെ ബെസ്റ്റ് ഫ്രണ്ട് എന്ന സങ്കല്പത്തെ നാം കുറെക്കൂടി ആഴത്തിൽപഠിക്കുകയും പുനനിർവചിക്കുകയും ചെയ്യേണ്ടതുണ്ട്. അതെന്തായാലും സൗഹൃദം വളർത്തുക. സൗഹൃദം സ്ഥാപിക്കുക. നല്ല സുഹൃത്താകുക. സൗഹൃദത്തിൽ മായം ചേർക്കാതെയിരിക്കുക.