എല്ലാവരുടെയും കൈയിൽ ഉളളതും എന്നാൽ ഇല്ലാത്തതുപോലെ പെരുമാറുന്നതുമായ ഒന്നേയുള്ളൂ. സമയം. പലരും പറയുന്നത് കേട്ടിട്ടില്ലേ സമയമില്ല, സമയമില്ല എന്ന്. എല്ലാവർക്കും സമയം ഒന്നുപോലെയാണ്. ഒരാൾക്ക് മാത്രമായി ഒരു ദിവസത്തിൽ സമയം കൂടുതൽ കിട്ടുന്നില്ല. ഒരാൾക്ക് മാത്രമായി കുറവും സംഭവിക്കുന്നില്ല. പക്ഷേ ഓരോരുത്തരും അതിനെ ചെലവഴിക്കുന്നത് വ്യത്യസ്തമായാണ്. എങ്ങനെ ചെലവഴിക്കുന്നു സമയം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും ജീവിതത്തിന്റെ ഗ്രാഫ് ഉയരുകയോ താഴുകയോ ചെയ്യുന്നത്.
സമയം ഒരു സമ്പത്താണ്. സമയം വേണ്ടതുപോലെ ചെലവഴിച്ചാൽ അത് നമുക്ക് ഏറെ പ്രയോജനപ്പെടും. മാത്രവുമല്ല മറ്റുള്ളവർക്കും. സമയം കണ്ടെത്താത്തതും സമയംനീക്കിവയ്ക്കാത്തതുമാണ് ഇന്ന് പല ബന്ധങ്ങളും വഷളാകുന്നതിന് കാരണം.
വൃദ്ധരായ മാതാപിതാക്കളുടെ അടുക്കൽ ചെലവഴിക്കാൻ മക്കൾക്ക് സമയമില്ല. മക്കളുടെ അടുക്കൽ ചെലവഴിക്കാൻ മാതാപിതാക്കൾക്ക് സമയമില്ല. രോഗിയായ ഒരു ബന്ധുവിനെ സന്ദർശിക്കാനോ അയൽപക്കക്കാരുമായി ഒരു നേരമെങ്കിലും മുഖാമുഖം നിന്ന് സംസാരിക്കാനോ സമയമില്ല. സമയമില്ലായ്മയാണോ നമ്മുടെ പ്രശ്നം?
സമയമില്ല എന്ന് പറയുന്നത് ഒരു ഒഴികഴിവാണ്. ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള മാറിനില്ക്കലാണ്. തിരക്കുണ്ടാവാം ജീവിതത്തിൽ. പക്ഷേ നമ്മൾ വേണ്ടതുപോലെ, വേണ്ട കാര്യങ്ങൾക്ക് സമയം ചെലവഴിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന് മൊബൈലിലും സോഷ്യൽമീഡിയയിലുമായി എത്രയോ സമയമാണ് നാം ചെലവഴിക്കുന്നത്. എന്നാൽ ക്രിയാത്മകമായ കാര്യങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കുന്നവർ വളരെ കുറവാണ്. ഏതൊന്നിനെയാണോ ഞാൻ അപ്രധാനമായി കാണുന്നത്, ഏതൊന്നാണോ എനിക്ക് വിലയില്ലാത്തത് ഞാൻ അവിടെ സമയം ചെലവാക്കുന്നില്ല. കുടുംബത്തെ അപ്രധാനമായി കാണുന്ന ഒരാൾക്ക് കുടുംബത്തിന്റെ കൂടെ ചെലവഴിക്കാൻ സമയം കിട്ടുന്നില്ല. ചങ്ങാത്തങ്ങൾക്ക് വില കല്പിക്കാത്ത ഒരാൾക്ക് ചങ്ങാത്തത്തിന് സമയമില്ല. മാതാപിതാക്കളെ ഭാരമായി കാണുന്നവർക്ക് വാർദ്ധക്യത്തിൽ അവരെ സന്ദർശിക്കാനോ പരിചരിക്കാനോ സമയമില്ല.
സമയം നമ്മൾ കണ്ടെത്തുന്നതാണ്. നമ്മൾ വിചാരിച്ചാൽ സമയം കണ്ടെത്താം. സമയം നമ്മൾ ചെലവാക്കുന്നതാണ്. നമ്മുടെ താല്പര്യമനുസരിച്ച്.
ഒരുവൻ തനിക്ക് വേണ്ടി കൂടി സമയം കണ്ടെത്തണം. തിരക്കുപിടിച്ച ജീവിതത്തിൽ ചിലരുണ്ട് സ്വന്തം സന്തോഷങ്ങളും സുഖങ്ങളും ആനന്ദങ്ങളും വേണ്ടെന്ന് വയ്ക്കും. നല്ല ഒരു പുസ്തകം വായിക്കാൻ, ഒരു സിനിമ കാണാൻ, ഒരു പാട്ടുകേൾക്കാൻ, പഴയൊരു ചങ്ങാതിയെ സന്ദർശിക്കാൻ.
ജീവിതത്തിന്റെ അവസാനതാളിൽ നമ്മൾ വിലയിരുത്തപ്പെടുന്നത് സമയത്തെ എങ്ങനെ ആർക്കുവേണ്ടി എപ്പോൾ ചെലവഴിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും. സമയം കണ്ടെത്തുക, സമയം ചെലവഴിക്കുക, ഇപ്പോൾ നിനക്കുള്ള സമയം ആസ്വദിക്കുക. നാളെ ആ സമയം നിന്റെ കൂടെയുണ്ടാവുമോയെന്ന് നിനക്കറിയില്ലല്ലോ?