ഒന്നോ രണ്ടോ പ്രായവ്യത്യാസത്തിൽ രണ്ടോ മൂന്നോ മക്കളുണ്ടാകുമ്പോൾ അവർ തമ്മിലുളള വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും കുടുംബത്തിൽ സാധാരണമാണ്. പലപ്പോഴും അസഹിഷ്ണുതാപരമായിട്ടായിരിക്കും ഭൂരിപക്ഷം മാതാപിതാക്കളും അതിനോടു പ്രതികരിക്കുന്നതും. വഴക്കുകൂടിയും സ്നേഹിച്ചും ഇണങ്ങിയും വീണ്ടും പിണങ്ങിയും പിന്നെയും പങ്കിട്ടുമൊക്കെ മുന്നോട്ടുപോകുന്ന ആ ബന്ധങ്ങൾ അവരുടെ ജീവിതത്തിലെ വലിയ മുതൽക്കൂട്ടുകളാണെന്നാണ് ശാസ്ത്രം പറയുന്നത്.
അവർ വഴക്കുകൂടിയേക്കാം. പക്ഷേ അവർക്കിടയിൽ ശക്തമായ ഹൃദയബന്ധവും ആഴമായസ്നേഹബന്ധവുമുണ്ടെങ്കിൽ ഭാവിജീവിതത്തിലേക്കുള്ള വലിയ സമ്പാദ്യമായി അവ പരിണമിക്കും. വിഷാദം, ഉത്കണ്ഠ തുടങ്ങിയ വിഷയങ്ങളിൽ നിന്ന് അറുപതുശതമാനം വരെ വിട്ടുനില്ക്കാനും മാനസികമായ ഇത്തരം പലബുദ്ധിമുട്ടുകളിൽ നിന്നു ഒഴിഞ്ഞുനില്ക്കാനും ആഴമായ സാഹോദര്യബന്ധം തുണയാകുന്നുണ്ട്. വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന ഇന്ത്യൻവിദ്യാർത്ഥികളിലെ വൈകാരികാരോഗ്യം കണക്കാക്കപ്പെടുന്നതിലെ പ്രധാനമാനദണ്ഡം അവർ പുലർത്തിപ്പോരുന്ന സാഹോദര്യബന്ധമാണ്.
കൂടാതെ ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളിലെയും വൈകാരികാരോഗ്യം മെച്ചപ്പെട്ടതാകുന്നതിൽ സഹോദരബന്ധം പ്രധാന പങ്കുവഹിച്ചതായി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിംങ്ഹാം യങ് യൂണിവേഴ്സിറ്റി 395 കുടുംബങ്ങളിലായി നടത്തിയ പഠനപ്രകാരം കൂടപ്പിറപ്പുകളുമായി നല്ല രീതിയിലുള്ള ബന്ധം പുലർത്തുന്ന കൗമാരക്കാരായവരിൽ വിഷാദം, ഏകാന്തത, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ അറുപതു ശതമാനത്തോളം കുറവാണെന്നാണ്. പലതരത്തിലുള്ള ട്രോമകളിൽ നിന്ന് പുറത്തുവരാനും സാമൂഹികമായ പക്വത കൈവരിക്കാനും ഈ ബന്ധം കുട്ടികളെ സഹ ായിക്കുന്നുണ്ട്. കൂടപ്പിറപ്പുകളെ തുല്യരായിട്ടാണ് കാണുന്നത്. കൂടപ്പിറപ്പുകൾ ഒരിക്കലും മാതാപിതാക്കളെപോലെയോ അധ്യാപകരെപോലെയോ ഉയർന്നവരായി കണക്കാക്കുന്നില്ല.മറിച്ച് തങ്ങൾക്ക് തുല്യരായിട്ടാണ് അവരെ കാണുന്നത്.അക്കാരണത്താൽ സഹാനുഭൂതി പഠിക്കാനും ഒത്തുതീർപ്പുകൈവരിക്കാനും നല്ലതിനുവേണ്ടി പോരാടാനും അവർക്കു സാധിക്കുന്നു.
ജീവിതത്തോടു സംതൃപ്തിയുള്ളവർ കൂടിയായിരിക്കും ഇക്കൂട്ടർ. മുതിർന്ന ഒരു സഹോദരി പലപ്പോഴും അമ്മയെപോലെയായിരിക്കും ഇളയവർക്ക് അനുഭവപ്പെടുന്നത്. അതുപോലെ മുതിർന്ന ഒരു സഹോദരൻ അച്ഛനെപോലെയും. ഒരേ വീട്ടിൽ അവർ കുടുംബാംഗങ്ങളായി ജീവിക്കുമ്പോഴും അവർ തങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും സ്ഥാപിച്ചെടുക്കുന്നുണ്ട് അക്കാരണത്താൽ തന്നെ ഇളയവരുടെ ഭാവിരൂപപ്പെടുത്തുന്നതിൽ അതിശയകരമായ ശക്തിയുംസ്വാധീനവും ഉള്ളവരായി അവർ മാറുകയും ചെയ്യുന്നുണ്ട്. സഹോദരങ്ങളാണ് ഓരോരുത്തരും കണ്ടുമുട്ടുകയും ശീലിക്കുകയും ചെയ്യുന്ന അദർ’ പേഴ്സൺ. അവരുമായുള്ള മത്സരവും പങ്കുവയ്ക്കലും രൂപീകരണവും പിന്നീടുള്ള ജോലി, വിവാഹം, സൗഹൃദം തുടങ്ങിയ പലകാര്യങ്ങളിലും സഹാകരമായി മാറുന്നുണ്ട്. മറ്റ് പല ബന്ധങ്ങളെക്കാളും- വിവാഹബന്ധം, പ്രണയബന്ധം, സുഹൃദ്ബന്ധം- നീണ്ടുനില്ക്കുന്ന ബന്ധങ്ങൾകൂടിയാണ് സഹോദരബന്ധങ്ങൾ.