ഇഷ്ടം തന്ന ആ നീലക്കുറിഞ്ഞി കാഴ്ച

Date:

ഇക്കഴിഞ്ഞ  വർഷത്തിലെ  ആയിരക്കണ ക്കിന്  വാർത്തകളിൽ വച്ച്   വ്യക്തിപരമായി തനിക്കേറെ  ഇഷ്ടപ്പെട്ട,  തന്നെ സ്പർശിച്ച  ഒരു  വാർത്തയെക്കുറിച്ചുള്ള  ചിന്തകൾ  
പങ്കുവയ്ക്കുകയാണ്  
പത്രപ്രവർത്തകനായ  ലേഖകൻ

ചില വാർത്തകൾ ഇങ്ങനെയാണ്…
വായനയിലൂടെ മനസിനെ സ്പർശിച്ച് ചിന്തകളിലൂടെ മനസിലേക്ക് ആഴ്ന്നിറങ്ങി ഓർമകളുടെ അറയിൽ കുടിയിരിക്കും. മുന്നോട്ടുള്ള ജീവിതത്തിൽ അത് നമ്മെ പിന്തുടരുകയും അറിവിലും അനുഭവത്തിലും ഒന്നാം സ്ഥാനം നേടുകയും ചെയ്യും. അങ്ങനെ മായാതെ മറയാതെ കാലങ്ങളോളം അത് നമ്മുടെ കൂടെയുണ്ടാവും.  അത് ചരിത്രമാകുകയും ചെയ്യും.

2022ൽ നിരവധി വാർത്തകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും വ്യക്തിപരമായി എന്നെ സ്പർശിച്ച ഒരു വാർത്തയെക്കുറിച്ചാണ് ഈ കുറിപ്പ്.  കുറേയേറെ സംസാരിക്കപ്പെട്ടതു കൂടിയാണ് ആ വാർത്ത.
അമ്മയുടെ ആഗ്രഹം സഫലമാക്കിയ മക്കളുടെ സൽപ്രവൃത്തിയാണ് വാർത്തയുടെ ഇതിവൃത്തം. നീലക്കുറിഞ്ഞി കാണാൻ കോട്ടയത്തെ കടുത്തുരുത്തിയിൽ നിന്നും ഇടുക്കിയിലെ ശാന്തൻപാറയിലേക്ക് അമ്മ ഏലിക്കുട്ടിയുമായി മകൻ റ്റോജനും കുടുംബാംഗങ്ങളും നടത്തിയതായിരുന്നു ആ യാത്ര. 87 വയസുള്ള, വാർധക്യകാല രോഗങ്ങൾ അലട്ടുന്ന അമ്മയുടെ മോഹം തിരസ്‌കരിക്കാൻ തയാറാകാതിരുന്ന മക്കളുടെ മനസിന്റെ വലിപ്പമാണ് ഏറെ ആകർഷിച്ചത്. വാർധക്യം അവഗണിക്കപ്പെടുന്ന സമകാലീന ലോകത്ത്,  ഏറെക്കുറെ അമ്മയുടെ അധിക മോഹമെന്ന് വിശേഷിപ്പിക്കാവുന്ന ആഗ്രഹമാണ് മക്കൾ സഫലമാക്കിയത്.

ഇത്രയും പ്രായമായ അമ്മയെ എങ്ങനെ ശാന്തൻപാറയുടെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന്  വായനയിൽ തോന്നാം. പക്ഷെ വാർത്തയുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മകൻ റ്റോജന്റെ വാക്കുകൾ  സംശയം അകറ്റുകയും ആകാംക്ഷയിലേക്ക് എത്തിക്കുകയുംചെയ്യും.

അദേഹം പറയുന്നതിങ്ങനെയാണ്; ”അമ്മയുടെ ആഗ്രഹം ഞങ്ങളുടെ ഉത്തരവാദത്വമാണ്, അത് നിറവേറ്റുക എന്നത് ഞങ്ങളുടെ കടമയാണ്.”

അമ്മയോട് പറയാതെയായിരുന്നു റ്റോജൻ യാത്രയ്ക്ക് പ്ലാൻ ചെയ്തത്. നീലക്കുറിഞ്ഞി കാണണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടെന്നറിഞ്ഞപ്പോൾ തന്നെ അദ്ദേഹം അതിന്റെ സാധ്യതകൾ സുഹൃത്തുക്കളോട് ചോദിച്ച് മനസിലാക്കി. തുടർന്ന്  അമ്മയുടെ ആഗ്രഹപൂർത്തീകരണത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു.  കുടുംബാംഗങ്ങൾക്കൊപ്പം അമ്മയെ കൈപിടിച്ച് അവരൊരുമിച്ച് ശാന്തൻപാറയുടെ നീലക്കുറിഞ്ഞി സൗന്ദര്യം ആസ്വദിക്കുകയായിരുന്നു.
ഈ വാർത്ത നൽകുന്ന ഊർജവും ഉണർവും കാലങ്ങളോളം നിലനിൽക്കുമെന്നതിൽ സംശയമില്ല.

മാതാപിതാക്കളെ അവഗണനയോടെ കാണുന്ന മക്കൾക്ക് ചെറിയതോതിലെങ്കിലും ഇതൊരു തിരിച്ചറിവിന്റെ അനുഭവം പകർന്നു നൽകും. നീലക്കുറിഞ്ഞി കാണിക്കാൻ കൊണ്ടുപോയില്ലെങ്കിലും നിസ്വാർഥമായ ഒരിറ്റ് സ്നേഹമെങ്കിലും നൽകാൻ ഒരുവേളയെങ്കിലും അവർ തയാറാകും. അതുതന്നെയാണ് വാർത്തയുടെ മഹത്വം വിളിച്ചോതുന്നത്.

നൻമയുടെ മഹത്വം പ്രതിധ്വനിക്കണമെന്ന് കരുതുന്ന മനസുകൊണ്ട് നമുക്കീ സത്പ്രവൃത്തിയെ പ്രശംസിക്കാം. സമാനമായ പ്രവൃത്തികളുടെ അനുരണനം നമ്മുടെ ജീവിതത്തിലും സംഭവിക്കട്ടെയെന്ന് പ്രത്യാശിക്കാം. 

വിനിൽ ജോസഫ്

More like this
Related

error: Content is protected !!