മനുഷ്യന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ മനസ്സിരുത്തി ചിന്തിച്ച നാളുകളാണിത്.
തിരമാലകളെ കീറിമുറിച്ചു ലക്ഷ്യത്തിലേക്കു നീങ്ങിയ കപ്പൽ നടുക്കടലിൽ തീപിടിച്ചു കത്തുന്നു. നിറയെ സഞ്ചാരികളുമായി ആകാശത്തേക്കു പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം താഴെപ്പതിച്ച് കത്തുന്നു. കടലിലും ആകാശത്തും മാത്രമല്ല, ചുറ്റുമുള്ള റോഡുകളിലും തോടുകളിലും നിന്നുമൊക്കെ കേൾക്കുന്ന വാർത്തകൾ ഇതല്ലാതെ മറ്റെന്ത് ഇപ്പോൾ ചിന്തിപ്പിക്കുന്നത്?
സാങ്കേതികവിദ്യ അതിന്റെ എല്ലാ ചിറകുകളും വീശി ദിനംതോറും ഉയരങ്ങളിലേക്കു പറക്കുന്ന കാലം. സ്വന്തം ബുദ്ധി തികയാതെ, കൃത്രിമമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടെ സഹായത്തോടെ ഭാവി ആസൂത്രണം ചെയ്യുന്ന മനുഷ്യൻ. പക്ഷേ, എന്നിട്ടും ചരിത്രം നോക്കുമ്പോൾ ദുരന്തങ്ങൾ എന്നും മനുഷ്യന്റെ കൂടപ്പിറപ്പാണ്. ടൈറ്റാനിക് കാലം മുതൽ തെല്ലും മാറ്റമില്ലാതെ തുടരുന്ന അനിശ്ചിതത്വം എന്ന ദുരവസ്ഥ.
അഹമ്മദാബാദിൽ അപകടത്തിൽപെട്ട വിമാനവും അറബിക്കടലിൽ കത്തിയ കപ്പലുമൊക്കെ നയിക്കപ്പെട്ടതു നവീനസാങ്കേതികവിദ്യയുടെ കരുത്തിലാണ്. എന്നിട്ടും ദുരന്തങ്ങൾ ഉണ്ടായി. ഇനി അതിന്റെ കാരണങ്ങൾ തികയുന്ന തിരക്കിലാകും വിദഗ്ധർ. പഠന റിപ്പോർട്ടുകളും നിർദേശങ്ങളും കുത്തിയൊഴുകും. അവയൊക്കെ ഉണ്ടാകണം, ഉണ്ടാകട്ടെ. ഇനി ഒരു ദുരന്തവും ഉണ്ടാകാതിരിക്കട്ടെ. ഒരു നിസ്സഹായ ജീവനും പൊലിയാതിരിക്കട്ടെ. പക്ഷേ, നാം എന്താണ് ഇതുകൊണ്ട് പഠിച്ചു ജീവിതത്തിൽ പകർത്തേണ്ടത്.
റെഡി എപ്പോഴും
അടുത്തനിമിഷം എന്തെന്നു പ്രവചിക്കാനാവാത്ത അനിശ്ചിതാവസ്ഥ കൂടപ്പിറപ്പാണെന്നു അംഗീകരിക്കാൻ നാം മടിക്കേണ്ടതില്ല. എന്നുവച്ചു ആയുധം താഴെ വച്ച പോരാളിയെപ്പോലെ തളർന്നിരിക്കേണ്ടതില്ല. എപ്പോഴും എന്തും നേരിടാൻ റെഡി ആയിരിക്കുക.
ഓരോ നിമിഷവും ഓരോ മണിക്കൂറിലും ഓരോ ദിവസവും ചെയ്തു തീർക്കാനുള്ളവ തീർത്തു വയ്ക്കുക. പൂർത്തിയാക്കാനുള്ളതൊന്നും മാറ്റി വയ്ക്കാതിരിക്കുക. മുൻകാലങ്ങളിലേക്കാളും ഇന്ന് അത് എളുപ്പമാണ്. കാരണം സാങ്കേതിക വിദ്യ വളരുന്നു. പക്ഷേ, ഒന്നു മറക്കരുത്. നമ്മള അമരൻമാരാക്കുന്നതല്ല സാങ്കേതികവിദ്യ. മറിച്ചു നമ്മളെ കൂടുതൽ നല്ല മനുഷ്യരാക്കുന്ന സഹായികളാണ് അവ. അങ്ങനെ അവയെ പ്രയോജനപ്പെടുത്തുക.
മറക്കരുത് ഇത്
സാങ്കേതിക വിദ്യയിൽ പൂർണമായി അഭിരമിച്ചു സ്വന്തം കഴിവുകളെ അവഗണിക്കരുത്. ഈ കാലഘട്ടത്തിൽ നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണിത്. മനുഷ്യനുള്ള അപൂർവമായ കഴിവുകൾ ഇന്ന് പലരും ഉപയോഗിക്കുന്നില്ല. കാലക്രമേണ ഇത്തരം കഴിവുകൾ നമ്മളിൽ നിന്നു വറ്റിപ്പോകും. മനുഷ്യന്റെ സാധ്യതകൾക്കു വിലങ്ങുതടിയാവാൻ സാങ്കേതികവിദ്യയെ ഒരിക്കലും അനുവദിക്കരുത്.
മുന്നോട്ടുതന്നെ നാം
ഒരു വിമാനാപകടത്തിന്റെയോ, വെറുമൊരു കപ്പലപകടത്തിന്റെയോ പേരിൽ ആരും യാത്രകൾ അവസാനിപ്പിക്കാറില്ല. അതിനു നമ്മുക്കു കഴിയുകയുമില്ല. മുൻകാലങ്ങളിലെ ധീരനാവികരും വൈമാനികരും നേതാക്കളും അപകടങ്ങളെ നേരിട്ടു തുറന്നുതന്ന പാതയിലാണ് ഇന്ന് നാം സന്തോഷത്തോടെ മുന്നേറുന്നത്. അപകടങ്ങളെ മറന്ന് അതിവേഗം മുന്നോട്ടു പോകാനുള്ള കഴിവ് യന്ത്രങ്ങളല്ല, മറിച്ച് മനുഷ്യന്റെ മനസ്സാണ് അവന് നൽകുന്നത്. വിമാനങ്ങൾ പറക്കട്ടെ, കപ്പലുകൾ ചലിക്കട്ടെ. അവയെ നയിച്ചു നാമും. പക്ഷേ, ഒന്നോർക്കുക ഒന്നും പൂർണമല്ല. മനുഷ്യനും യന്ത്രങ്ങളും സാങ്കേതിക വിദ്യയുമൊന്നും.
ഒടുവിൽ കത്തിത്തീരുമ്പോൾ ഇല്ലാതാകാനുള്ള മെഴുകുതിരി ചെറുകാറ്റിൽ ആടിയുലയുമ്പോഴും അണയാതിരിക്കാൻ വെളിച്ചത്തെ ചേർത്തുപിടിച്ച് ഉരുകുന്നതുപോലെ തെളിഞ്ഞിരിക്കട്ടെ നമ്മുടെ ജീവിതം.
സിബി ജോൺ തൂവൽ