കാഴ്ചകളിൽ കുരുങ്ങാതെ… 

Date:

”തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. ‘പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക് പ്രവേശിക്കുക’ പുറംകാഴ്ചകളിൽ കുടുങ്ങിക്കിടക്കാതെ മുന്നോട്ട് പോകുക.

‘മോഹനം വനം, സാന്ദ്ര ഗഹനം, നീല ശ്യാമം 
പക്ഷേ കാക്കണം എനിക്കൊട്ടേറെ 
വാഗ്ദാനങ്ങൾ
പോകണമേറെ ദൂരം വീണുറങ്ങിടും മുന്നെ…
പോകണമേറെ ദൂരം വീണുറങ്ങിടും മുന്നെ…’ 

റോബർട്ട് ഫ്രോസ്റ്റിന്റെ “Stopping by the Woods on a Snowy Evening’ എന്ന കവിതയുടെ വിവർത്തനം, എൻ.വി കൃഷ്ണവാര്യർ നടത്തിയപ്പോൾ വാസ്തവത്തിൽ അത് ഫ്രോസ്റ്റിന്റെ കവിതയുടെ കേവല വിവർത്തനം എന്നതിനേക്കാൾ മനോഹരമായിരുന്നുവല്ലോ. 

The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep

എന്ന വരികൾ പ്രചോദിപ്പിക്കാത്ത മനുഷ്യരില്ലല്ലോ. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ചുവരുകളിൽ തുടങ്ങി ലോകത്തെ  ഏതൊരു സാധാരണക്കാരന്റെയും ഹൃദയങ്ങളെ ഇന്നും പ്രചോദിപ്പിക്കാൻ തക്കവണ്ണം കാലാതിവർത്തിയായ കവിത; പറയുന്നതും പുറം മോടികളിൽ കുടുങ്ങി ജീവിതം കളയാതെ യാത്ര തുടരുക എന്ന് തന്നെയാണ്.

വനത്തിന്റെ വശ്യതയിൽ ദൗത്യം മറന്നാൽ, ജീവിത നിയോഗം പൂർത്തിയാക്കുന്നതെങ്ങനെ? 

കാഴ്ച ഒരു കുരുക്കാണ്. കണ്ടുകഴിഞ്ഞാൽ പിന്നെ കാഴ്ച, കാഴ്ചയല്ലാതാവുകയും ചെയ്യുന്നുവെന്ന സങ്കടം കൂടെ ബാക്കിയാകുന്നു. 

ഈ കാലഘട്ടത്തിലെ കാഴ്ചകൾ നമ്മൾ കണ്ണുകൾ കൊണ്ടല്ല, യന്ത്രക്കണ്ണുകൾ കൊണ്ടാണല്ലോ  കാണുന്നത്. ആരും ഒന്നും കാണുന്നില്ല, പിന്നെ ക്കാണാൻ വേണ്ടി ആ നിമിഷങ്ങൾ മൊബൈൽ ക്യാമറകൾ കൊണ്ട് എടുത്തുവയ്ക്കുക മാത്രം ചെയ്യുന്നു. നമുക്ക് വേണ്ടി യന്ത്രം/മെഷീൻ കാണുന്നു. കാഴ്ചയുടെ ആനന്ദം’ എന്നത് ഒരു കടംകഥ മാത്രമായി മാറിക്കഴിഞ്ഞല്ലോ. യഥാർത്ഥമായ കാഴ്ചയുടെ ആനന്ദമോ പരിക്കോ നമുക്ക് ഈ പ്രക്രിയയിൽ ലഭിക്കാതെ പോകുന്നു. പകരം ‘തടവിലാക്കപ്പെട്ട
(Capture) ഒരു കാഴ്ചയെ നിറം കൂട്ടിയും കുറച്ചും, ചേർത്തും  എഡിറ്റ് ചെയ്ത് കൃത്രിമമായ ഒരു രസക്കൂട്ടിൽ ‘ഗാലറിയിൽ’ സംസ്‌ക്കരിക്കുന്നു. കാഴ്ചയുടെ ആനന്ദം ലഭിക്കാതെ, മറ്റൊരർത്ഥത്തിൽ, നമുക്കു വേണ്ടി മറ്റാരോ ചവച്ചുവച്ച ഭക്ഷണം വിഴുങ്ങി ഏമ്പക്കം വിട്ട് രുചിയുടെ മേന്മയെപ്പറ്റി ഖണ്ഡശ എഴുതി നിറക്കുന്നു. 

വനഭംഗിയുടെ മാസ്മരികതയിൽ നഷ്ടപ്പെടാതെ ജീവിതനിയോഗം  വീണ്ടെടുത്ത് യാത്ര തുടരാൻ ഓർമിപ്പിച്ച  കവി  സ്വജീവിതത്തിൽ നിന്നുമാണ് ഈ നിശ്ചയദൃഢത കൈവരിക്കുന്നത്. ജീവിതത്തിൽ കഷായം കുടിച്ച കവി, പക്ഷെ ലക്ഷ്യത്തെ മറക്കാൻ തയ്യാറായില്ല. പതിനൊന്നാം വയസ്സിൽ അച്ഛനും ഇരുപതാം വയസ്സിൽ അമ്മയെയും നഷ്ടപ്പെട്ട ഫ്രോസ്റ്റിന്, ജീവിതം പിന്നെയും കാത്തുവച്ചത് പരീക്ഷണങ്ങൾ തന്നെയായിരുന്നു. ഇളയസഹോദരിക്ക്  ജീൻ – മാനസിക വിഭ്രാന്തി ബാധിച്ചു സെല്ലിൽ അടയ്ക്കപ്പെട്ടു, ഭ്രാന്തിയായി തന്നെ മരിക്കേണ്ടി വന്നു. ഫ്രോസ്റ്റിനും എലിനോരിനും ജനിച്ച ആറു മക്കളിൽ മൂന്നുപേരും ചെറുപ്പത്തിലെ കൊഴിഞ്ഞു പോയി. പ്രായപൂർത്തിയായ ഒരേ  ഒരു മകൻ ആത്മഹത്യയിൽ അഭയം തേടി. ഒടുവിൽ അർബുദം ഭാര്യയേയും കൊണ്ടുപോയി. 

പിന്നീട് രോഗങ്ങളുടെയും സഹനത്തിന്റെയും നാളുകളായിരുന്നു. വലിയകാലയളവ് വരെ നീണ്ടുനിന്ന വിഷാദ രോഗങ്ങളിലേക്കും ഏകാന്തതയിലേക്കും മാനസിക തകർച്ചയിലേക്കും വാർധക്യം ഫ്രോസ്റ്റിനെ നിഷ്‌ക്കരുണം തള്ളിയിട്ടു. പക്ഷെ ജീവിതം മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളാനുള്ളതാണെന്നു കവി തെളിയിച്ചു. ദീർഘകാലം ആംഗലേയ കവിതയുടെ നിലയ്ക്കാത്ത ശബ്ദമായും പതറാത്ത അപ്പസ്‌തോലനായും റോബർട്ട് തന്റെ ജീവിതം രേഖപ്പെടുത്തി. തന്റെ കവിതകളിൽ അടിയൊഴുക്കായി തുടർന്ന നൊമ്പരത്തിന്റെയും ദുഃഖത്തിന്റെയും ശകലങ്ങളെ നറുപുഞ്ചിരിക്കൊണ്ട് തന്നെ നേരിട്ടു. 

എടുക്കാതെ പോയ വഴിയെക്കുറിച്ചു പിന്നീട് പരിതപിക്കേണ്ടി വരില്ല എന്നുറപ്പിൽ (The Road not Taken) മരങ്ങൾക്കിടയിലേക്ക്, കാൽച്ചവിട്ടു കൊള്ളാത്ത ഇടങ്ങളിലേക്ക് മനുഷ്യമനസ്സുകളെ നായാടാൻ ഇറക്കിവിട്ട കവി റോബർട്ട് ഫ്രോസ്റ്റ് അനേകരുടെ പ്രിയ കവിയായി തുടരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ലല്ലോ.

സന്തോഷ് ചുങ്കത്ത്

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...
error: Content is protected !!