ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എത്ര എളുപ്പത്തിലാണ് വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയത്!
പാതാളത്തോളം താണുപോയ ചില അപമാനങ്ങളുടെ നിമിഷങ്ങളെയാണ് അതോർമ്മിപ്പിക്കുന്നത്. ഒരാളെ അധിക്ഷേപിക്കാനും വിലകുറഞ്ഞവരായി അവതരിപ്പിക്കാനും കഴിയുന്ന ഏറ്റവും നല്ല മാർഗം അവരെ ചവിട്ടിത്തേയ്ക്കുകയാണ്. ഒരാളുടെ വളർച്ചയെ ഭയക്കുമ്പോൾ ആ വളർച്ച ഇല്ലാതാക്കാൻ എളുപ്പമായ മാർഗ്ഗം അയാളെ ചവിട്ടിത്താഴ്ത്തുക എന്നതും.
രണ്ടുരീതിയിലുമുള്ള അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുള്ള ഒരാളായതുകൊണ്ട് അവയുടെ വേദനയും നീറ്റലും നന്നായി അറിയാം. ജീവിതത്തിൽ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകാത്തവരാരും തന്നെയുണ്ടാവില്ല.
പാദപൂജകളുടെ പേരിൽ വിവാദങ്ങളൊക്കെ നടക്കുന്ന അവസരം കൂടിയാണ്. കാൽതൊട്ടുവന്ദിക്കുന്ന കീഴ്വഴക്കം വിട്ടുപിരിയാത്ത ഒരു പാരമ്പര്യമായി നമുക്കിടയിലുണ്ട് എന്ന കാര്യവും മറക്കരുത്. അടുത്തമാസം ഓണമാണല്ലോ. ആരെയും ചവിട്ടിത്താഴ്ത്താതെയും ചവിട്ടിത്തേയ്ക്കാതെയുമുള്ള ഒരു സംസ്‌കാരം നമുക്കിടയിലുണ്ടാവട്ടെ. മറ്റുള്ളവരുടെ പാദങ്ങൾ കഴുകി സ്വയം ശുദ്ധീകരിക്കുക കൂടി ചെയ്ത ഒരു ഗുരുവിന്റെ ഓർമ്മയും മനസ്സിലുണ്ടാവട്ടെ.
മനസ്സിന് സ്വാതന്ത്ര്യമുണ്ടാവുമ്പോഴേ മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും കഴിയൂ. മനസ്സിന്റെ സ്വാതന്ത്ര്യമാണ് മറ്റെല്ലാ സ്വാതന്ത്ര്യത്തെയുംകാൾ വിലയുള്ളത്. മനസ്സ്സ്വതന്ത്രമാകട്ടെ. പാദങ്ങൾ വിവേകത്തോടെ ചരിക്കട്ടെ.
എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിന്റെയും തിരുവോണത്തിന്റെയും ആശംസകൾ
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ