പുതുവർഷത്തിൽ  പുത്തനാകാം

Date:

പ്രസാദാത്മകമായ കാഴ്ചപ്പാടും സന്തോഷത്തോടെയുളള സമീപനവുമുണ്ടെങ്കിൽ നാം വിചാരിക്കുന്നതിലും  മനോഹരമായിരിക്കും ജീവിതം. ജീവിതത്തെ അടിമുടി മാറ്റിപണിതാൽ മാത്രമേ ജീവിതത്തിൽ സന്തോഷം നിറയൂ എന്ന് വിചാരിക്കരുത്.  ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തുകയാണ് പ്രധാനം. പുതുവർഷത്തിൽ നാം ഇങ്ങനെയൊന്ന് മാറിചിന്തിക്കുന്നതും പുതിയൊരു മൈന്റ് സെറ്റ് രൂപീകരിക്കുന്നതും ജീവിതം കൂടുതൽ മനോഹരവും ആസ്വാദ്യകരവുമാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയം വേണ്ട.

അനുഗ്രഹങ്ങളിലേക്ക്  നോക്കുക

വ്യക്തിപരമായി കിട്ടിയ അനുഗ്രഹങ്ങളിലേക്ക് ശ്രദ്ധപതിപ്പിക്കുക. ഇപ്പോൾ നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നാം ബോധപൂർവ്വം ക്രിയേറ്റ് ചെയ്തവയായിരിക്കണമെന്നില്ല. ഏതൊക്കെയോ രീതികളിലൂടെ അത് നമ്മിലേക്ക് വന്നുചേർന്നതാവാം. പക്ഷേ അതിനെപ്രതി നാം ഒരിക്കലെങ്കിലും നന്ദിപറഞ്ഞിട്ടില്ല. മാത്രവുമല്ല കിട്ടാതെ പോയ പലതിനെയുമോർത്തുളള അസംതൃപ്തി ഉള്ളിൽ ഭരിക്കുന്നുമുണ്ടാവാം. അതുകൊണ്ട് വ്യക്തിപരമായി ലഭിച്ച അനുഗ്രഹങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തുക. ആ അനുഗ്രഹങ്ങളെയോർത്ത് നന്ദിയുള്ളവരായിരിക്കുക. ജീവിതത്തിൽ പലർക്കും സന്തോഷം ഇല്ലാത്തത് അവർക്ക് ആരോടും ഒന്നിനോടും നന്ദിയില്ലാത്തതുകൊണ്ടാണ്. ഓരോ ദിവസവും നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വലുതും ചെറുതുമായ അനുഗ്രഹങ്ങളെയോർത്ത്  നന്ദി പറയുക, മറ്റുള്ളവർ ചെയ്തുതന്ന സഹായങ്ങളും ഉപകാരങ്ങളും ഓർമ്മിക്കുക.  നല്ല സൗഹൃദങ്ങളെയും സ്നേഹം ലഭിച്ച നിമിഷങ്ങളെയും മനസ്സിൽ സൂക്ഷിക്കുക. അപ്പോഴൊക്കെ ജീവിതത്തിന്റെ സൗന്ദര്യം നാം തിരിച്ചറിയും.

ശാന്തമാവുക

പലതരത്തിലുള്ള ഉത്കണ്ഠകളും ഭാവിയെയോർത്തുള്ള ആശങ്കകളും വർത്തമാനകാലത്തിന്റെ സന്തോഷം കെടുത്തുന്നുണ്ട്. നിരന്തരം പലതിനെയുമോർത്ത് അസ്വസ്ഥത വഹിക്കുന്നവർക്ക് ഒരിക്കലും ജീവിതത്തിന്റെ പ്രസാദാത്മകത കാണാനാവില്ല. അവരെ ജീവിതം ഭയപ്പെടുത്തും. അർത്ഥരഹിതമാണ് ജീവിതമെന്ന് അവർ വിധിയെഴുതുകയും ചെയ്യും. അനാവശ്യമായ ഉത്കണ്ഠകളും ആശങ്കകളും പേറി ജീവിക്കുന്നവർക്ക് അതിൽ നിന്നു പുറത്തുകടക്കാനുള്ള എളുപ്പമാർഗ്ഗമാണ് മെഡിറ്റേഷൻ. അല്ലെങ്കിൽ  മറ്റേതെങ്കിലും തരത്തിലുള്ള ആത്മീയാഭ്യാസങ്ങൾ. ധ്യാനവും യോഗയുമൊക്കെ മനസ്സിനെ സരളമാക്കും. ഉത്കണ്ഠകളെ അകറ്റും. ഉത്കണ്ഠകളും ആശങ്കകളും ഇല്ലാത്ത മനസ്സ് കാർമേഘം പൊയ്തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞതാണ്.

 ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക

ആരോഗ്യമുളള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടായിരിക്കുകയുള്ളൂ. രോഗങ്ങളും ആരോഗ്യകരമല്ലാത്ത ശീലങ്ങളും ജീവിതത്തെ ദുരിതമയമാക്കും. സ്വന്തം ശരീരത്തെ സ്നേഹിക്കുകയും അതിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നത് ജീവിതപ്രേമത്തിന്റെ മികച്ചതെളിവാണ്. സ്വന്തം ശരീരത്തെ മാനിക്കുകയും കേടുപാടുകൾ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന ഒരാൾക്ക് ജീവിതത്തോടും ശുഭപ്രതീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. അതുകൊണ്ട് ആരോഗ്യം കാത്തുസൂക്ഷിക്കുക. ശരീരത്തെ ബോധപൂർവ്വം നശിപ്പിക്കാനുളള എല്ലാ ശ്രമങ്ങളിൽ നിന്നും വി്ട്ടുനില്ക്കുക. പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതും നിർജ്ജലീകരണം ഒഴിവാക്കുന്നതും വ്യായാമം ചെയ്യുന്നതും  ആവശ്യത്തിന് ഉറങ്ങുന്നതും ഇതിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്.

 ബന്ധങ്ങൾ  തകർക്കാതിരിക്കുക

വീട്ടിലോ പുറത്തോ നല്ല സ്നേഹബന്ധങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ബന്ധങ്ങളിൽ വിള്ളലുകൾ സംഭവിക്കുമ്പോഴാണ് ജീവിതത്തിന്റെ ഹരിതാഭ കാണാൻ കഴിയാതെ പോകുന്നത്. പല ആത്മഹത്യകളും സംഭവിക്കുന്നതിന് പിന്നിലുള്ളതും ബന്ധത്തകർച്ചയാണ്. മാതാപിതാക്കളും ജീവിതപങ്കാളിയും സഹോദരങ്ങളും അയൽക്കാരും മക്കളും സഹപ്രവർത്തകരുമെല്ലാമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുക. ആരൊക്കെയോ തനിക്കുണ്ടെന്നും ആരൊക്കെയോ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയുമ്പോൾ ജീവിതത്തിന് അർത്ഥമുണ്ടെന്ന് മനസ്സിലാവും. ജീവിതത്തോട് 
സ്നേഹവുമുണ്ടാകും.

പോസിറ്റീവ് വശം കാണുക

വ്യക്തികളിലെ നന്മ കണ്ടെത്തുക. പോസിറ്റീവ് കാണാൻ ശ്രമിക്കുക. പലർക്കും മറ്റുള്ളവരിലെ തിന്മയും കുറവും കണ്ടെത്താനാണ് താല്പര്യം. വ്യക്തികളെക്കുറിച്ചു വികലമായ കാഴ്ചപ്പാടുകളും തെറ്റിദ്ധാരണകളും രൂപീകരിക്കുമ്പോൾ നെഗറ്റീവ് വികാരങ്ങളായിരിക്കും കടന്നുവരുന്നത്.അത് ജീവിതത്തോട് വെറുപ്പ് തോന്നാൻ കാരണമാകാം. ഒരു വ്യക്തി മോശമായി പ്രവർത്തിച്ചു എന്നതുകൊണ്ടോ  നാം ആഗ്രഹിച്ചതുപോലെ മറ്റെയാൾ പെരുമാറിയില്ല എന്നതുകൊണ്ടോ മനുഷ്യൻ എന്ന പൊതുസംജ്ഞയ്ക്ക് കേടുപാടുകളോ ക്ഷതങ്ങളോ സംഭവിക്കുന്നില്ലെന്ന് തിരിച്ചറിയണം.

വിലയുള്ളവരായി കാണുക

സ്വയം വിലയിടിച്ചുകാണാതെ വിലയുള്ളവരായി കാണുക. അപകർഷതാബോധത്തിന്റെ കോട്ടകളിൽ നിന്ന് പുറത്തുവരുന്നതോടെ ജീവിതത്തിന്റെ സംഗീതവും സൗന്ദര്യവും തിരിച്ചറിയാനാവും.

More like this
Related

പ്രതീക്ഷയുടെ പൊൻകിരണങ്ങൾ

"New Year is not just about changing the calendar,...

പ്രതീക്ഷയുടെ ചെറുകാഴ്ച

എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ, പ്രഭാതത്തിൽ ഉണരുമ്പോൾ പെട്ടെന്നൊരു നിമിഷം ജീവിതത്തിന്റെ രസം നഷ്ടപ്പെട്ടു...
error: Content is protected !!