ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്. വരാനിരിക്കുന്നവയല്ല നമ്മൾ രൂപപ്പെടുത്തിയെടുക്കുന്നതും സൃഷ്ടിക്കുന്നതുമാണ് ഭാവി. ഭാവി വർത്തമാനകാലത്തിൽ നടപ്പിലാക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതിനനുസരിച്ച് സ്വഭാവികമായും വന്നുചേരുന്ന ഒന്നാണ്. നല്ലതുപോലെ വർത്തമാനകാലം ചെലവഴിക്കാത്തവർക്ക് നല്ല ഭാവിയുണ്ടാവില്ല. വർത്തമാനത്തിൽ ജീവിക്കുമ്പോഴും ഭാവിയെക്കുറിച്ചു സ്വപ്നം കാണണം. അപ്പോൾ മാത്രമേ ഭാവി സുന്ദരമാകുകയുള്ളൂ.
തീരുമാനങ്ങളാണ് ഭാവി നിശ്ചയിക്കുന്നത്. അതു നമ്മുടെ കാര്യത്തിൽ മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. നല്ല തീരുമാനങ്ങൾ നല്ല ഭാവിയിലേക്കുള്ള ചുവടുവയ്പ്പുകളാണ്.
നമുക്ക് നമ്മുടെ ഭാവി എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം മറ്റുളളവരുടെ ഭാവി അവർക്കും പ്രധാനപ്പെട്ടതാണ്. അക്കാരണത്താൽ മറ്റാരുടെയും ഭാവി നശിപ്പിക്കരുത്. ചിലപ്പോൾ ഒരു വാക്കുകൊണ്ടാവാം, നാം കൈക്കൊള്ളുന്ന തീരുമാനത്തിന്റെ പേരിലാവാം. അതൊക്കെയും മറ്റുള്ളവരുടെ ഭാവിക്കു പ്രതികൂലമായി മാറിയേക്കാം. അധികാരസ്ഥാനങ്ങളിലുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മറ്റൊരാളുടെ ഭാവി നശിപ്പിക്കാൻ നമുക്ക് എളുപ്പം കഴിയും. തീരെ ചെറിയൊരു ആരോപണം പോലും. പക്ഷേ അയാൾക്ക് ഭാവി തെളിച്ചുകൊടുക്കാനോ…
അതെ, നമുക്ക് നമ്മുടെ ഭാവി മാത്രമല്ല മറ്റുള്ളവരുടെ ഭാവിയും രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വമുണ്ട്. വീട് എന്ന ചെറിയലോകം തന്നെയെടുക്കൂ. മക്കളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഭരണാധികാരികൾക്ക് ജനങ്ങളുടെ ഭാവി മെച്ചപ്പെട്ടതാക്കാൻ ഉത്തരവാദിത്തമുണ്ട്.
വിവേകക്കുറവുകൊണ്ടോ അശ്രദ്ധകൊണ്ടോ നാം എടുക്കുന്ന ചില തീരുമാനങ്ങൾ സ്വന്തം ഭാവിയെ തന്നെ ചിലപ്പോൾ തകർത്തുകളഞ്ഞെന്നിരിക്കും. അതുകൊണ്ട് തീരുമാനങ്ങൾ വിവേകത്തോടെ കൈക്കൊള്ളുക. നല്ലൊരു ഭാവിക്കുവേണ്ടി നമുക്കൊരുമിച്ചു പ്രവർത്തിക്കാം. എല്ലാവർക്കും നല്ല ഭാവിയുണ്ടാകട്ടെ.
പുതുവത്സരാശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്