ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ ‘സഞ്ചാരിയുടെ ദൈവത്തിൽ’ വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം പേറ്റന്റ് ഉള്ള ഒന്നല്ല. അമ്മയുടെ, അച്ഛന്റെ, സുഹൃത്തിന്റെ, കാമുകന്റെ/കിയുടെ അങ്ങനെ എത്രയെത്ര ചുംബനങ്ങൾ, ആദ്യ ചുംബനം, വാത്സല്യ ചുംബനം, പ്രണയ ചുംബനം, രതിചുംബനം, ഉപചാര ചുംബനം, ഒറ്റികൊടുക്കാനുള്ള ചുംബനം, അന്ത്യ ചുംബനം അങ്ങനെ എന്തൊക്കെ തരം ചുംബനങ്ങൾ!
സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ ഒരഭിമുഖത്തിൽ ദേശീയ അവാർഡ് ലഭിക്കാൻ ഇടയായ ഒരു ഗാനത്തിന്റെ ജനനം അദ്ദേഹം വിവരിക്കുന്നുണ്ട്. ഗാനത്തിന്റെ കമ്പോസിങ്ങിനായി ചെന്നൈയിലേക്ക് പോകാൻ എയർപോർട്ടിൽ നിൽക്കുമ്പോഴാണ് ഭാര്യയുടെ ഫോൺകാൾ വരുന്നത്. ‘അച്ഛൻ പോയി’ എന്നൊരു വാചകമേ അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞുള്ളു. യാത്ര റദ്ദാക്കി തിരികെ വരുമ്പോൾ അദ്ദേഹം ഓർത്തെടുക്കുകയാണ്- അച്ഛനുമായുള്ള ബന്ധം. ആ കാലഘട്ടത്തിലെ മിക്കവാറും എല്ലാ അച്ഛന്മാരെയും പോലെ സദാ ഗൗരവമാർന്ന ഒരു സാധാരണക്കാരൻ.
എങ്ങനെ വാത്സല്യം പ്രകടിപ്പിക്കണമെന്നും സ്നേഹിക്കണമെന്നും അറിയാതെപോയ സാധുക്കളായ കുറെ അച്ഛന്മാർ – അപ്പന്മാർ. എങ്ങനെ ഹൃദയവായ്പ് പ്രകടിപ്പിക്കുമെന്ന് അറിഞ്ഞുകൂടാത്ത എഴുപതുകളിലെയും-എൺപതുകളിലെയും മനുഷ്യരെ പോലൊരാൾ, അതായിരുന്നു അദ്ദേഹത്തിന്റെ അച്ഛനും. അച്ഛൻ ഉമ്മവച്ചത് ഓർമ്മയില്ല. കെട്ടിപിടിച്ചതോ എന്തിന് വാത്സല്യത്തോടെ തൊട്ടതോ എന്തെങ്കിലും പറഞ്ഞത് പോലുമോ ഓർമ്മയിലില്ല. തിരിച്ചും എന്തെങ്കിലും ചെയ്തതായും ഓർമയിൽ തെളിയുന്നില്ല. സ്നേഹമില്ലാതെയല്ല, അല്ലെങ്കിൽ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ- പക്ഷെ പറഞ്ഞിട്ടില്ല. പ്രകടിപ്പിച്ചിട്ടില്ല.
മൃതദേഹം മോർച്ചറിയിൽ കിടത്തിയിരിക്കുകയാണ്. ആ മുറിയിലേക്ക് കടന്ന് ചെല്ലുമ്പോൾ, ശാന്തനായി അച്ഛൻ കിടക്കുന്നുണ്ട്.
ഒരു നിമിഷത്തെ തോന്നലിൽ, അയാൾ അച്ഛന്റെ നെറ്റിയിൽ ചുംബിച്ചു.
തണുപ്പ്… മരണത്തിന്റെ കടുത്ത തണുപ്പ്.
ആദ്യമായി അച്ഛന് നൽകിയ ചുംബനം. പക്ഷെ ആ ചുംബനം തിരികെ നൽകാൻ അച്ഛന് വഴിയില്ലല്ലോ…
ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ, കണ്ണിന് മാത്രമല്ല, മനസ്സിനും ഘനമുണ്ടായിരുന്നു. കാത്തിരുന്ന് നൽകിയ ആദ്യ ചുംബനം…!
മനസിലേക്ക് എവിടെനിന്നോ രണ്ടു വാക്കുകൾ തിലോദകം പോലെ പാറി വീണു.
”കാത്തിരുന്ന്… കാത്തിരുന്ന്….”
പിന്നീട് ഇതേ വരികളിൽ തുടങ്ങണമെന്ന ജയചന്ദ്രന്റെ ആഗ്രഹത്തിന് സന്തോഷത്തോടെ കവി റഫീഖ് അഹമദ് കുറിച്ചു:
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ…. (എന്ന് നിന്റെ മൊയ്തീൻ)
മലയാളത്തിന്റെ കേസരിബാലകൃഷ്ണപിള്ള- സാഹിത്യത്തിന്റെയും നവോത്ഥാനത്തിന്റെയും പത്രപ്രവർത്തനത്തിന്റെയുമൊക്കെ മേഖലകളിൽ അനുകരിക്കാനാവാത്തവിധമുള്ള മാതൃകകൾ തീർക്കുമ്പോഴും കുടുംബം കൊടിയ ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ നീറിപ്പുകയുകയായിരുന്നു. തന്റെ ഏകമകളായ ശാരദ ഒമ്പതാം വയസ്സിൽ ഈ ജീവിതത്തിൽ ചികിത്സയൊന്നും ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത് ഓർത്തെഴുതുമ്പോൾ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു. ‘ഞാൻ അവൾക്ക് ആദ്യമായി നൽകിയ വാത്സല്യ ചുംബനം അവളുടെ അവസാന യാത്രയിലായിരുന്നു’ എന്ന്.
‘മുണ്ടൻ പറുങ്കി’യിലുണ്ട് നൊറോണയുടെ മമ്മാഞ്ഞി അപ്പന്റെ അമ്മ. ദാരിദ്ര്യത്തിന്റെയും വറുതിയുടെയും കാലങ്ങളെ അവരുടെ മനക്കരുത്തുക്കൊണ്ടാണ് ആ കുടുംബം നേരിട്ടത്. സങ്കടങ്ങളുടെ തോരാപെയ്തിൽ ‘ആലാഹയുടെ ജപത്തിൽ’ അവർ ആശ്രയം കണ്ടെത്തി. നതാളിന്റെ ആഘോഷത്തിനായി അപ്പൻ, തമിഴൻ പലിശക്കാരന്റെ കയ്യിൽ നിന്നും വാങ്ങിയ പുതുപുത്തൻ ഇരുപത് രൂപാ നോട്ട്, തുളവീണ പോക്കറ്റിലിട്ടു തുലച്ചുകളഞ്ഞതിന്റെ സങ്കടം തീർക്കാൻ നൊരോണ ചായുന്നതും മമ്മാഞ്ഞിയുടെ തോളിലേക്കാണ്. പിന്നീടൊരുനാൾ കാലിൽ നിന്ന് ഉറുമ്പരിച്ചുകയറുന്നപോലെ മരണം തണുപ്പായി കടന്നുവരുമ്പോൾ മമ്മാഞ്ഞിയുടെ ചുളിവ് വീണ കവിളിൽ അർപ്പിക്കുന്ന അന്ത്യചുംബനത്തിൽ മരണത്തിന്റെ തണുപ്പറിയുന്നുണ്ട് എഴുത്തുകാരൻ.
”താടിചേർത്തുകെട്ടാൻ കീറിയ വെളുത്തശീലയുടെ കരച്ചിൽ ഞാൻ കേട്ടു. ആരോ മമ്മാഞ്ഞിയുടെ കണ്ണ് തിരുമ്മിയടച്ചു. ഞാൻ മുന്നോട്ട് ചെന്നു കവിളിൽ ഒരുമ്മ കൊടുത്തു. മരണത്തിന്റെ തണുപ്പ്….”
അന്നേരം അയാളിൽ നിന്ന് മമ്മാഞ്ഞിയുടെ ആലാഹയുടെ ജപം ഉരുക്കഴിയുന്നുണ്ട്..’ആറിപ്പോയത് ചൂടാക്കണേ’!
ചുംബനത്തിന്റെ മരണപർവ്വത്തിനു കൂടുതൽ മിഴിവ് തോന്നുന്നത്, അതിൽ അല്പം പോലും കളവ് ചേർക്കാൻ നമുക്കിനിയും കഴിയാത്തതുക്കൊണ്ടാണ്.. ശരിയല്ലേ?
സന്തോഷ് ചുങ്കത്ത്