തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.
‘നിനക്ക് ഈ കാർട്ടൂൺ അല്ലാതെ മറ്റൊന്നും ടിവിയിൽ കാണാനില്ലേ? ന്യൂസ് കാണ്.. ലോകവിവരം കിട്ടുമല്ലോ’ ഉടനെ വന്നു അവന്റെ മറുപടി
‘എന്തിനാ ടിവി?. വെട്ടും കുത്തും കാണാനോ.. ന്യൂസ് ചാനൽ കാണാതെ കാർട്ടൂൺ കണ്ടോണ്ടിരുന്നാൽ സമാധാനം കിട്ടുമല്ലോ…’
കേൾക്കുമ്പോൾ ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം, ഒരു രണ്ടാം ക്ലാസുകാരൻ ഇങ്ങനെ സംസാരിക്കുമോയെന്ന്. പക്ഷേ ഒരു ബന്ധുവിന്റെ വീട്ടിൽ നടന്നതാണ് ഈ സംഭവം. നിത്യവും കാണുകയും കേൾക്കുകയും വീട്ടിൽ സംസാരിക്കുകയും ചെയ്യുന്ന വാർത്തകൾ തന്നെ അസ്വസ്ഥപ്പെടുത്തുന്നതിന്റെ വെളിച്ചത്തിലാണ് അവൻ അങ്ങനെ പ്രതികരിച്ചത്. ആ കുട്ടി പറഞ്ഞത് എത്രയോ വലിയ സത്യമാണ്! ഇന്ന് നമ്മുടെ ഓരോ ദിവസവും പുലരുന്നതും അവസാനിക്കുന്നതും മണിക്കൂറുകൾ ഇടവിട്ട് നമ്മെ തേടിവരുന്നതുമായ വാർത്തകളിൽ ഭൂരിപക്ഷവും സമാധാനം കെടുത്തുന്നവയും അസ്വസ്ഥത വിതയ്ക്കുന്നവയുമാണ്. പോസിറ്റീവ് വാർത്ത കാണുകയോ കേൾക്കുകയോ ചെയ്യുന്നതിനെക്കാൾ നെഗറ്റീവ് സംഭവങ്ങൾ കാണാനും പ്രചരിപ്പിക്കാനുമാണ് നല്ല വിഭാഗം ആളുകൾക്ക് താല്പര്യവും. ഈ സൈക്കോളജി മനസിലാക്കിക്കൊണ്ടാണ് മാധ്യമങ്ങൾ നെഗറ്റീവ് സംഭവങ്ങൾക്ക് പിന്നാലെ പോകുന്നതും അവ റിപ്പോർട്ടു ചെയ്യുന്നതും. വാർത്തകളെ തമസ്ക്കരിക്കാൻ ഇന്ന് കഴിയില്ലെന്നത് വാസ്തവം. എങ്കിലും
മനസ്സമാധാനം കെടുത്തുന്ന വാർത്തകളുടെ കാര്യത്തിൽ ഒരു സെൻസറിംങെങ്കിലും ആവശ്യമാണെന്ന് തോന്നുന്നു. മനസ് കലങ്ങാതെ പത്രം വായിക്കാനോ ടിവി കാണാനോ കഴിയുന്ന ഒരു കാലം എന്നെങ്കിലും ഉണ്ടാവുമോ? നമ്മുടെ സമാധാനക്കേടുകൾക്ക് കാരണമാകാവുന്ന ചില പ്രശ്നങ്ങളെയാണ് ഇത്തവണത്തെ ഒപ്പം സംബോധന ചെയ്യുന്നത്. നമ്മളെല്ലാവരും കടന്നുപോകുന്ന ചില പ്രശ്നങ്ങൾക്കെങ്കിലും പരിഹാരം കണ്ടെത്താനും മനസ്സ് സ്വാസ്ഥ്യം കൈവരിക്കാനും ഈ ലക്കം സഹായകരമാകട്ടെ.
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്