വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ വിജയം നേടിയെടുക്കാനും സ്വന്തമാക്കാനും സാധിക്കുന്നില്ല. എന്തുകൊണ്ടായിരിക്കാം അത്? കാരണം പലതാവാം. എന്നാൽ അതിനെ നിങ്ങൾ നേരിടേണ്ടത് മനസ്സിനെ ശക്തമാക്കിക്കൊണ്ടായിരിക്കണം. കാരണം മനസ്സ് മുന്നോട്ടുകുതിക്കുമ്പോൾ ശരീരം പതിന്മടങ്ങ് ശക്തമായി മുന്നോട്ടുകുതിക്കും. മനസ്സ് തളരുമ്പോൾ ശരീരം അതിനെക്കാളേറെ തളരും. അതുകൊണ്ട്മനസ്സിനെ ശക്തമാക്കി നമുക്ക് ജീവിതവിജയം നേടാം. ഇതാ അതിനുള്ള ചില പോംവഴികൾ
മനസ്സിനെ വരുതിയിൽ നിർത്താൻ പരിശീലിക്കുക
മനസ്സിന്റെ ചാഞ്ചാട്ടവും അവസ്ഥാഭേദങ്ങളും വിജയഘട്ടത്തിലേക്കുള്ള വഴികളിലെ പ്രതിബന്ധങ്ങളാണ്. മനസ്സിനെവരുതിയിൽ നിർത്തുക. മനസ്സിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുക. ജീവിക്കുന്ന ഈ നിമിഷത്തിലെ ഒരൊറ്റ ബിന്ദുവിലേക്കുള്ള ശ്രദ്ധ വർദ്ധിപ്പിക്കാനും ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധത്തിൽ വളരാനും സഹായിക്കുന്ന മെഡിറ്റേഷനുകൾ ഇക്കാര്യത്തിൽ ഏറെ സഹായകരമായിരിക്കും. ബ്രീത്തിംങ് എക്സർസൈസ്, ധ്യാനം എന്നിവ മനസ്സിന്റെ മേലുള്ള നമ്മുടെ നിയന്ത്രണത്തിന് സഹായകരങ്ങളാണ്.
ബുദ്ധിയെ വെല്ലുവിളിക്കുക
തലച്ചോറിനെ എപ്പോഴും പുതുതാക്കിക്കൊണ്ടിരിക്കുക. അതിന് ചെയ്യേണ്ടത് പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുക എന്നതാണ്. അത് ഭാഷയാവാം, സംഗീതോപകരണങ്ങൾ പഠിക്കുന്നതാവാം. സമാനമായ ഇത്തരം കാര്യങ്ങളിൽ തുടർച്ചയായി ഏർപ്പെട്ടുകൊണ്ടിരിക്കുക. പഴയകാലവീടുകളിലെ അടുപ്പുകൾ ഉപയോഗിക്കാതെ കിടക്കുമ്പോൾ ചിലന്തികൾ കൂടു കെട്ടാറുണ്ടായിരുന്നു. അതുപോലെ തലച്ചോറിൽ ചിലന്തികളെ വല വിരിക്കാൻ അനുവദിക്കാതിരിക്കുക. തലച്ചോറിനെ ഉപയോഗിച്ചുകൊണ്ടിരിക്കുക. ഓരോ ദിവസവും നാം സ്വയം അപ്ഡേറ്റ് ചെയ്യപ്പെടുകയും ഫ്രഷായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നത് നമ്മുടെ ആത്മവിശ്വാസം തന്നെ ബലപ്പെടുത്താൻ സഹായകരമാണ്.
മതിയായ ഉറക്കം
ഉറക്കവും വിജയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയിച്ചേക്കാം. പക്ഷേ ബന്ധമുണ്ട്. കാരണം ആരോഗ്യകരമായ ഉറക്കം ബുദ്ധിയെ പ്രകാശിപ്പിക്കും, അത് ബുദ്ധിക്കുള്ള വളമാണ്. നല്ലതുപോലെ ഉറങ്ങിയെണീല്ക്കുമ്പോൾ എന്തൊരു ഉഷാറാണ്.!ഉചിതമായ തീരുമാനങ്ങൾ വിവേകപൂർവ്വം തിരഞ്ഞെടുക്കാൻ ഏഴുമുതൽ ഒമ്പതു വരെ മണിക്കൂറുകൾ ഉറക്കം പര്യാപ്തമാണ്. ഉറങ്ങുക, ബുദ്ധിക്ക് വെളിച്ചം കിട്ടട്ടെ.
ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക
ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക. അങ്ങനെ ഏർപ്പെടുമ്പോൾ എല്ലാകാര്യങ്ങളും ഒരേ വിധത്തിൽ പൂർണ്ണതയോടെ ചെയ്യാൻ കഴിയണമെന്നില്ല. പല കാര്യങ്ങളിലേക്ക് എനർജി വികേന്ദ്രീകരിക്കാതെ ഒരു സമയം ഒന്നിലേക്ക് മാത്രം പൂർണ്ണമായ ശ്രദ്ധയും കരുതലും പരിശ്രമവും അദ്ധ്വാനവും കൊടുക്കുക. പൂർണ്ണമനസ്സോടെ നാം മുഴുകുന്നവയിൽ വിജയിക്കുക തന്നെ ചെയ്യും.
വായിക്കുക, വായന തുടരുക
ലോക വായനാദിനത്തോടോ പുസ്തകദിനത്തോടോ അനുബന്ധിച്ചു മാത്രമായിരിക്കരുത് വായനയെ ജീവിതത്തോട് ചേർത്തുനിർത്തേണ്ടത്. എല്ലാ ദിവസവും വായിക്കുക. കാരണം വായന നമ്മുടെ മനസ്സിന്റെ ചക്രവാളം വികസിതമാക്കും. അറിവു വർദ്ധിപ്പിക്കും. പുതിയ ആശയങ്ങൾ നല്കും. പുതിയ ലോകങ്ങൾ തുറന്നുതരും. വിമർശനാത്മകവും അതേ സമയം ക്രിയാത്മകവുമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പരിശ്രമിക്കാനുമുള്ള പ്രചോദനം ലഭിക്കും.
ശാരീരികകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടായിരിക്കുകയുള്ളൂ. പുരാതനകാലം മുതല്ക്കുള്ള വിശ്വാസം തന്നെയാണ് അത്. ശരീരം ആരോഗ്യപ്രദമായി കാത്തുസൂക്ഷിക്കുക. പോഷകങ്ങളുള്ള ആഹാരം കഴിക്കുക. നിർജ്ജലീകരണം സംഭവിക്കാത്തവിധത്തിൽ വെള്ളം കുടിക്കുക, ദിവസവും വ്യായാമം ചെയ്യുക എന്നിവയെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ലമാനസികാരോഗ്യത്തിനും മികച്ചതാണ്.
ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞതിന് ശേഷം വിജയത്തിന്റെ അടുത്തഘട്ടത്തിലേക്കുള്ള ചില വഴികൾ പരിശോധിക്കാം.
ചോദ്യങ്ങൾ ചോദിക്കുക
ആത്മവിശ്വാസമില്ലാത്തവർക്കും അറിവില്ലാത്തവർക്കുമാണ് ചോദ്യങ്ങളില്ലാത്തത്. കാരണം അവർക്ക് പേടിയാണ്. ഒരുവൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നത് അവൻ വിജയിക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ, വിജയം നേടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്നതിന്റെ അടയാളമാണ്. ജീവിതത്തോടുളള ചോദ്യം, പ്രശ്നങ്ങളോടുളള ചോദ്യം, ചർച്ചകളിൽ ഉയർന്നുവരുന്ന ചോദ്യം.. ചോദ്യങ്ങൾ ചോദിക്കാൻ മടിക്കാതിരിക്കുക.
വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറാവുക
ഈ ലോകം ഒരിക്കലും അലസരുടെയോ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിമുഖരായിട്ടുള്ളവരുടെയോ ആയിരുന്നില്ല. എല്ലാം സുഖകരമായി നടന്നുകൊണ്ടിരുന്ന ഒരു സാഹചര്യത്തിൽ നിന്ന് വിജയം വരിച്ചവരുടെയുമായിരുന്നില്ല.
വെല്ലുവിളികളും പ്രതിസന്ധികളും എല്ലാവരും അഭിമുഖീകരിക്കേണ്ടിവരാറുണ്ട്. പക്ഷേ അവയിൽ നിന്ന് ഒളിച്ചോടുന്നവർ പരാജയപ്പെട്ടുപോകും.സധൈര്യം നേരിടുന്നവരാകട്ടെ വിജയിക്കുകയും ചെയ്യും. വെല്ലുവിളികൾ സാധ്യതകളാണ്, പഠിക്കാൻ കിട്ടുന്ന അവസരങ്ങളാണ്. തെറ്റുകളിൽ നിന്ന്പാഠം പഠിക്കാനുള്ള അവസരം. വെല്ലുവിളികൾക്കു മുമ്പിൽ വളയാതെ നിവർന്നുനിന്ന് ജീവിതത്തെ നേരിടുക.
സുരക്ഷിതത്വങ്ങൾ ഉപേക്ഷിക്കുക
സുരക്ഷിതത്വമാണ് എല്ലാവരുടെയും ആഗ്രഹം. അത് ആവശ്യവുമാണ്. എന്നാൽ ഉന്നതമായ ലക്ഷ്യങ്ങളുള്ളവരും സ്വപ്നങ്ങളുള്ളവരും തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സുരക്ഷിതലാവണങ്ങളെ തകർത്തവരാണ്. ഒരേ രീതിയിൽ ജീവിച്ചുപോകാൻ അവർ തയ്യാറായിരുന്നില്ല.
പരിമിതമായ ജീവിതസാഹചര്യങ്ങളിൽ പരിമിതപ്പെട്ടുജീവിക്കാൻ തയ്യാറാകാതെ വലിയ സ്വപ്നങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടി അവർ തങ്ങളുടെ താല്ക്കാലികമായ സുരക്ഷിതകവാടങ്ങളെ പൊളിച്ചുനീക്കുകയോ തകർത്തുകളയുകയോ ചെയ്തു. എന്നിട്ട് അതിധീരമായ ചുവടുവയ്പ്പുകളോടെ തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചു പ്രതികൂലങ്ങളോട് പട പൊരുതി ജീവിതത്തിൽ വിജയകിരീടം നേടി.
എന്താ ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നോ?