വിഷനും മിഷനും ഒരുമിച്ചുപോകേണ്ടവയാണ്. വിഷനുണ്ടെങ്കിൽ മാത്രമേ മിഷനുണ്ടാവൂ. മിഷൻ ഏറ്റെടുക്കാൻ ഒരാൾ തയ്യാറാകുന്നത് അയാൾക്ക് വിഷനുള്ളതുകൊണ്ടാണ്. അതുകൊണ്ടാണ് അവ പരസ്പരബന്ധിതമായിരിക്കുന്നത്. പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തിൽ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. എനിക്ക് വിഷനുണ്ടോ? വിഷൻ അനുസരിച്ചു പ്രവർത്തിക്കുന്നുണ്ടോ?
വിഷനെ, കാഴ്ചപ്പാട് എന്ന് പൊതുവെ പറയുമ്പോഴും ഭാവിയെക്കുറിച്ചുള്ള സ്വപ്നം കാണലും പ്രതീക്ഷയുമാണ് വിഷൻ എന്ന് കുറെക്കൂടി വിശദീകരിച്ചു പറയാം.അതായത് ഓരോരുത്തർക്കും അവരവരുടെ സാഹചര്യമോ കഴിവുകളോ അനുസരിച്ചു ഭാവിയെക്കുറിച്ച് സ്വപ്നങ്ങളും കാഴ്ചപ്പാടുകളുമുണ്ടായിരിക്കണം. വ്യക്തിപരവും തൊഴിൽപരവും സർഗാത്മകവുമായ ആഗ്രഹങ്ങളുടെ സാഫല്യത്തിനുവേണ്ടി ശ്രമിക്കാൻ സാധിക്കുന്നത് വിഷനുള്ളവർക്കാണ്. താൻ നാളെ എന്തായിത്തീരണമെന്ന് അവർ മനസ്സിൽ സെറ്റ് ചെയ്യുന്നു. അതിനുവേണ്ടി പ്രവർത്തിക്കുന്നു. ഒരു അഭിനേതാവായി തീരാനാണ് ആഗ്രഹമെങ്കിൽ ജന്മസിദ്ധമായി കിട്ടിയ കഴിവുകളുടെ മൂർച്ചകൂട്ടാനുള്ള അവസരങ്ങൾ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും വേണം. എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നവർ വായനയുടെ വിശാലമായ ലോകവുമായി പരിചയം സ്ഥാപിക്കണം.അത്ലറ്റാകാൻ ആഗ്രഹിക്കുന്നവർ അതനുസരിച്ചു ശാരീരികക്ഷമത കൈവരിക്കണം.
വിഷൻ മനസ്സിലാക്കി മിഷൻ ഏറ്റെടുക്കുക. വിഷൻ പ്രവൃത്തിപഥത്തിലെത്തിക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് മിഷൻ ആരംഭിക്കുന്നത്. അടുത്ത വർഷം എന്തായിത്തീരണമെന്നാണോ ഞാൻ ആഗ്രഹിക്കുന്നത്, അതായിത്തീരാനാുള്ള ശ്രമങ്ങളാണ് മിഷനായി മാറുന്നത്. 2026 എന്നോ 2027 എന്നോ സമയബന്ധിതമായി ചെയ്യേണ്ട ഒരു കാര്യം തീരുമാനിക്കുക. ഉദാഹരണത്തിന് കുറെക്കൂടി മികച്ച ജോലി അല്ലെങ്കിൽ സ്വന്തമായി ഒരു വീട്, പഠനം ഇങ്ങനെ പലതുമുണ്ടല്ലോ നമുക്ക് മുൻകൂട്ടി പ്ലാൻ ചെയ്യാൻ കഴിയുന്നവയായി. ഇവയെല്ലാം നമ്മുടെ വിഷനാണ്. വിഷനുസരിച്ച് പ്രവർത്തിക്കുമ്പോഴാണ് ജീവിതത്തിൽ വിജയം ഉണ്ടാകുന്നത്.
എന്നാൽ ചിലർക്ക് വിഷനുണ്ടായിരിക്കും. പക്ഷേ വിഷൻ അനുസരിച്ച് മിഷൻ ഏറ്റെടുക്കാൻ അവർ വിമുഖരായിരിക്കും. തന്മൂലം ഒരിക്കലും അവർക്ക് വിജയത്തിലെത്താൻ സാധിക്കാതെ വരുന്നു. ആത്മവിശ്വാസക്കുറവോ മടിയോ റിസ്‌ക്ക് ഏറ്റെടുക്കാനുള്ള ധൈര്യക്കുറവോ ആയിരിക്കും അവരെ അതിനു പ്രേരിപ്പിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സ്വപ്നങ്ങൾ ഉണ്ടായതുകൊണ്ട് മാത്രം വിജയിക്കുമെന്ന് പറയാൻ കഴിയാതെവരുന്നു, 2026 ൽ സ്വന്തമായി ഒരു കുടുംബജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നവർ അതനുസരിച്ച് തങ്ങളുടെ ജീവിതത്തെ ക്രമീകരിക്കണം. ചില പദ്ധതികൾ ഹ്രസ്വകാലാടിസ്ഥാനത്തിലും മറ്റ് ചിലത് ദീർഘകാലാടിസ്ഥാനത്തിലും നടപ്പിൽവരുത്തേണ്ടവയാണ്. പത്താം ക്ലാസിലോ പ്ലസ് ടുവിലോ പഠിക്കുന്ന ഒരു വിദ്യാർഥി ഇപ്പോൾ മുതൽ ഒരു വിഷൻ മനസിൽ രൂപീകരിക്കണം. കോഴ്സ് തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, ജോലിയെക്കുറിച്ച്.. വ്യക്തമായ ആലോചനകളിലൂടെയും അറിവുള്ളവരുടെ നിർദ്ദേശങ്ങളിലൂടെയും സ്വന്തം കഴിവനുസരിച്ചു താൻ എത്തിച്ചേരേണ്ട ഒരു ലക്ഷ്യത്തെക്കുറിച്ച് അവർക്ക് ഇപ്പോഴേ മനസ്സിൽ പദ്ധതികളുണ്ടാവണം. പദ്ധതിയുള്ളവർക്കേ പദ്ധതി നടപ്പിലാക്കാനാവൂ.
നമ്മൾ കൈവരിക്കേണ്ട ലക്ഷ്യങ്ങളെ ഒരു വീടുപണിയോട് ഉദാഹരിക്കാമെന്ന് തോന്നുന്നു. ശൂന്യതയിൽ നിന്നല്ല ഒരു വീടും ഈ മണ്ണിൽ ഉയരുന്നത്. ഒരു മാന്ത്രികദണ്ഡ് വീശിയുമല്ല. മറിച്ച് തുടക്കം മുതലുള്ള ആസൂത്രണം വഴിയാണ് ഒരു വീട് പൂർത്തിയാകുന്നത് . എസ്റ്റിമേറ്റ്, പ്ലാൻ, അപ്രൂവൽ… ഇങ്ങനെ എത്രയെത്ര കടമ്പകൾക്ക് ശേഷമാണ് വീട് വീടാകുന്നത്. കൈയിലുള്ള പണത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഒരാൾ തനിക്കാവുന്നതിന്റെ അപ്പുറമുള്ള ഒരു വീടുപണിക്ക് ഇറങ്ങിത്തിരിച്ചാൽ അത് സാക്ഷാത്ക്കരിക്കാൻ സാധിക്കണമെന്നില്ല. അതിന്റെ പേരിൽ ചിലപ്പോൾ അപമാനമോ മറ്റ് പലവിധ ബുദ്ധിമുട്ടുകളോ നേരിട്ടെന്നുംവരാം. അതുപോലെ സ്വപ്നം കാണുന്നത് നല്ലതാണെന്ന് പറയുമ്പോഴും സ്വപ്നം യാഥാർഥ്യബോധമുള്ളതാവാനും ശ്രദ്ധിക്കേണ്ടതുണ്ട്. യാഥാർഥ്യബോധമുള്ള സ്വപ്നങ്ങളാണ് സാക്ഷാതിക്കരിക്കപ്പെടുന്നത്.
സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനായി പദ്ധതികൾ ആവിഷ്‌ക്കരിക്കണം. ആവിഷ്‌ക്കരിക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ വേണ്ടി പരിശ്രമിക്കണം. ഇതിന്റെ അനന്തരഫലമാണ് വിജയം.