ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ ഒരു ജീവിതം കൊണ്ടുതന്നെ പല ജീവിതം നാം ജീവിക്കുന്നു. ഓരോ ജീവിതത്തിലും ഓരോ വേഷങ്ങളുണ്ട്. ചിലയിടങ്ങളിലെ വേഷം മങ്ങിപ്പോയിട്ടുണ്ടാവും. മറ്റു ചില വേഷങ്ങൾ തെളിമയാർന്നതായിരിക്കും. എല്ലാ വേഷങ്ങളും മികച്ചതാകുന്നത് ഓരോ വേഷത്തിനും അനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണ്. ഓരോ വേഷവും ആവശ്യപ്പെടുന്നത് എന്താണ് എന്ന് മനസ്സിലാക്കുക. ആ വേഷം ആവശ്യപ്പെടുന്നത് അനുസരിച്ച് പെരുമാറാൻ ശ്രമിക്കുക.അതിനു വേണ്ട ഭാഷയും ആടയും ധരിക്കുക. പലരും തങ്ങളുടെ വേഷം മനസിലാക്കുന്നില്ല. അല്ലെങ്കിൽ തങ്ങളുടെ വേഷം തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടുതന്നെ യഥാർഥ വേഷത്തോട് നീതി പുലർത്താതെ കിട്ടിയ വേഷത്തിനനുസരിച്ച് ആടുന്നു. അവിടെയാണ് കോലം കെട്ട ജീവിതങ്ങൾ രൂപപ്പെടുന്നത്.
ജീവിതത്തിൽ മാറ്റമുണ്ടാകുന്നത് ജീവിതം മാറുമ്പോഴല്ല ജീവിതത്തോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകുമ്പോഴാണ്. ജീവിതം മാറുകയില്ല ജീവിതം മാറ്റുകയാണ് ചെയ്യേണ്ടത്. ജീവിതം മാറുന്നതിന് അടിസ്ഥാനപരമായി മാറ്റം വരുത്തേണ്ടത് മനോഭാവങ്ങളിലാണ്. മനോഭാവം മാറുമ്പോൾ ജീവിതത്തോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകും. സമീപനം മാറുമ്പോൾ ഇതുവരെ കണ്ടതുപോലെയൊന്നായിരുന്നില്ല ജീവിതമെന്ന് തിരിച്ചറിയും. ആ തിരിച്ചറിവ് വേഷങ്ങൾ ആടുമ്പോൾ അവയോട് നീതിപുലർത്താനും സത്യസന്ധരാകാനും സഹായിക്കും.