സന്തോഷം സ്ഥിരമാണോ?

Date:

സന്തോഷം സ്ഥിരമാണോ എന്ന് ചിന്തിക്കുന്നതിനും ഉത്തരം കണ്ടെത്തുന്നതിനും മുമ്പ് മറ്റൊരു വിഷയത്തിലൂടെ കടന്നുപോകാം. മഴയുണ്ട്,മഴക്കാലവും. വെയിലുണ്ട്,വേനൽക്കാലവും. രാവുണ്ട് പകലുമുണ്ട്. പക്ഷേ ഇതെല്ലാം സ്ഥിരമാണോ? ഒരിക്കലുമല്ല, രാത്രിക്ക് സമയപരിധിയുണ്ട്,പകലിന്  നിശ്ചിത ദൈർഘ്യമുണ്ട്. മഴക്കാലവും മഞ്ഞുകാലവും വേനൽക്കാലവും സീസണലാണ്. ഒരു പ്രത്യേക കാലദൈർഘ്യത്തിനുള്ളിൽ അവ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യും. ഇതുപോലെയാണ് സന്തോഷവും. സന്തോഷിക്കാൻ നമുക്ക് എപ്പോഴും കാരണമുണ്ട്. ഏതെങ്കിലും ചില കാരണങ്ങളുടെ പേരിൽ മാത്രമാണ് നമ്മൾ സന്തോഷിക്കുന്നത്. ആഗ്രഹിച്ചതുപോലെയെല്ലാം സംഭവിക്കുമ്പോൾ നാം സന്തുഷ്ടരാകുന്നു. പരീക്ഷയിൽ നല്ല മാർക്ക് കിട്ടുമ്പോഴും പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടുമ്പോഴും ശമ്പളത്തിൽ വർ്ധനവുണ്ടാകുമ്പോഴും നമ്മൾ സന്തോഷിക്കുന്നു. സ്വന്തമായി വീടു പണിയുമ്പോഴും വാഹനം വാങ്ങുമ്പോഴും സന്തോഷിക്കുന്നവരുണ്ട്. എന്നാൽ ഇത്തരം സന്തോഷങ്ങൾക്കെല്ലാം ഒരു പ്രത്യേകകാലയളവുണ്ട്. അതു കഴിഞ്ഞാൽ സന്തോഷം ഇല്ലാതെയാവും. സ്വന്തമായി വാഹനമില്ലാത്ത കാലത്ത് വാഹനം കിട്ടുമ്പോൾ  സന്തോഷിക്കുന്ന നമ്മൾ വാഹനം സ്വന്തമായി കിട്ടിക്കഴിയുമ്പോൾ തിരിച്ചടയ്ക്കേണ്ട ഇഎംഐ കളെയും വർദ്ധിച്ചുവരുന്ന പെട്രോൾ-ഡീസൽ വിലകളെയുമോർത്ത് അസ്വസ്ഥരാകുന്നു.   സന്തോഷിക്കാനുള്ള കാരണത്തിന്റെ പേരിനോടു ചുറ്റിപ്പറ്റിതന്നെ പലതരത്തിലുളള അസന്തുഷ്ടികൾ ഉള്ളിൽ പിറവിയെടുക്കുന്നു. അതെല്ലാം മുമ്പുണ്ടായിരുന്ന സന്തോഷത്തിന്റെ അളവ് കുറയ്ക്കുന്നു. ലോട്ടറിയടിക്കുന്നതാണ് വലിയസന്തോഷമെന്ന് കരുതുന്നവരുണ്ട്. നിനക്കെന്താ ലോട്ടറിയടിച്ചോ എന്നാണല്ലോ തുറന്ന ചിരികളുടെ പേരിൽ നമ്മൾ മറ്റുള്ളവരോട് ചോദിക്കുന്ന ചോദ്യം തന്നെ.  ലോട്ടറിയടിച്ചാലും സന്തോഷമുണ്ടാവണമെന്നില്ല. വാഹനം വാങ്ങുമ്പോൾ സന്തോഷിക്കുന്നതുപോലെ തന്നെ ലോട്ടറിയടിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിനും അതിന്റേതായ  ചില പ്രശ്നങ്ങളുണ്ട്. ലോട്ടറിത്തുക സൂക്ഷിക്കുന്നകാര്യം മുതൽ സഹായം ചോദിച്ചുവരുന്നവർ വരെ ലോട്ടറിഅടിച്ചയാളുടെ സന്തോഷം കെടുത്തുന്നതിൽ കാരണക്കാരാകുന്നുണ്ട്.

 ഒരിക്കൽ ഒരു ചെറുപ്പക്കാരൻ ഗുരുവിന്റെ അടുക്കലെത്തി ചോദിച്ചു.
‘ഗുരോ എപ്പോഴും ന്തോഷിക്കണമെന്നാണ് എന്റെ ആഗ്രഹം. അത് എനിക്ക് സാധ്യമാണോ’
ഗുരു ഉത്തരം പറയാതെ തന്റെ കുടുക്കയെടുത്ത് അയാളുടെ നേരെ നീട്ടി.
‘നീ ഇതിൽ നിന്ന് വെളുത്ത മുത്തുകൾ മാത്രം പുറത്തെടുക്കൂ’

ചെറുപ്പക്കാരൻ കുടുക്കയിൽ കൈയിട്ടു. അയാൾക്ക് ആദ്യം കിട്ടിയത് കറുത്ത മുത്ത്. അടുത്ത തവണ ചുവപ്പ്.. ഇങ്ങനെ മുത്തുകളുടെ നിറങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു. ഒരുതവണ മാത്രം വെളുത്ത മുത്ത് കിട്ടി. അപ്പോൾ ഗുരു അയാളോട് പറഞ്ഞു, ഇതുതന്നെയാണ് സന്തോഷത്തിന്റെ കാര്യവും. നമ്മൾ എല്ലാം അന്വേഷിക്കുന്നത് സന്തോഷമാണ്. പക്ഷേ സന്തോഷം എപ്പോഴും കിട്ടണമെന്നില്ല. ഒരുപാടുശ്രമങ്ങൾക്കും അന്വേഷണത്തിനും ശേഷം സന്തോഷം അനുഭവിച്ചേക്കാം. എന്നാൽ വീണ്ടും സങ്കടങ്ങളും പ്രയാസങ്ങളും കടന്നുവന്നുവെന്നുവരാം. ഒരു സന്തോഷവും സ്ഥിരമല്ല എന്നു മനസ്സിലാക്കിക്കഴിഞ്ഞാൽ സന്തോഷത്തിന് പുറകെയുള്ള അമിതമായ ഓട്ടങ്ങളുമുണ്ടാവില്ല, സന്തോഷം അനുഭവിച്ചാൽ അതിൽ മതിമറക്കുകയുമില്ല.

More like this
Related

വിഷനും മിഷനും

വിഷനും മിഷനും ഒരുമിച്ചുപോകേണ്ടവയാണ്. വിഷനുണ്ടെങ്കിൽ മാത്രമേ മിഷനുണ്ടാവൂ. മിഷൻ ഏറ്റെടുക്കാൻ ഒരാൾ...
error: Content is protected !!