സാമ്പത്തികം ‘ചില്ലറ’ കാര്യമല്ല

Date:

പണത്തിന്റെ പ്രാധാന്യം നമുക്ക് വിലകുറച്ചുകാണാനാവില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം പണത്തിന്  പ്രസക്തിയുണ്ട്. കാരണം നമ്മുടെ പല ആവശ്യങ്ങളും നിവർത്തിക്കപ്പെടുന്നത് പണത്തിന്റെ അടിസ്ഥാനത്തിലാണ്.അതുകൊണ്ടുതന്നെ ഏതൊരുവ്യക്തിയെ സംബന്ധിച്ചും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. ജീവിതച്ചെലവുകളും ഭാവിയിലെ ലക്ഷ്യങ്ങളും നിറവേറ്റാൻ വേണ്ടത്ര വരുമാനവും സമ്പാദ്യവും നിക്ഷേപങ്ങളും ഉണ്ടാകുന്ന അവസ്ഥയാണ് സാമ്പത്തികസ്വാതന്ത്ര്യം.സ്വന്തം തീരുമാനങ്ങൾ പണം നിയന്ത്രിക്കാതെ, സ്വന്തം ഇഷ്ടാനുസരണം എടുക്കാൻ കഴിയുക തന്നെയാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അർത്ഥം.സാമ്പത്തികസ്വാതന്ത്ര്യത്തിന്റെ പ്രസക്തി എന്താണെന്ന് നോക്കാം.

 സാമ്പത്തിക പ്രശ്നങ്ങൾ ഏറ്റവും വലിയ മാനസിക സമ്മർദ്ദങ്ങളിൽ ഒന്നാണ്. സ്ഥിരതയുള്ള സമ്പാദ്യം അത് കുറയ്ക്കുന്നു. അതുകൊണ്ട് മനോവിഷമം കുറയ്ക്കുന്നതിൽ സാമ്പത്തികസ്വാതന്ത്ര്യം പ്രധാനപങ്കുവഹിക്കുന്നു.എല്ലാ മനുഷ്യരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. സാമ്പത്തികപരാധീനത നമ്മുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങാണ്. സാമ്പത്തികസ്വാതന്ത്ര്യം എല്ലാവിധത്തിലുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ്.   ജോലി, താമസം, ജീവിതശൈലി എന്നിവയെല്ലാം സ്വയം തീരുമാനിക്കാൻ സ്വാതന്ത്ര്യപ്രഖ്യാപനം അത്യാവശ്യമാണ്.  സാമ്പത്തികസ്വാതന്ത്ര്യമുണ്ടെങ്കിൽ പണത്തിനായി മാത്രം ജീവിതകാലം മുഴുവൻ ജോലി ചെയ്യേണ്ട ആവശ്യം കുറയുകയും കുടുംബത്തിനും വ്യക്തിപരമായ കാര്യങ്ങൾക്കുമധികം സമയം നൽകുകയും ചെയ്യാം. അപ്രതീക്ഷിതമായ രോഗം, തൊഴിൽ നഷ്ടം തുടങ്ങിയ സാഹചര്യങ്ങളിൽ ജീവിതം തകരാതെ മുന്നോട്ട് പോകാൻ കഴിയും.വിശ്രമജീവിതത്തിനായി വയസ്സായപ്പോൾ പോലും സുരക്ഷിതമായി, ആശങ്കയില്ലാതെ ജീവിക്കാൻ സാധിക്കും. ഇനി എങ്ങനെ സാമ്പത്തികസ്വാതന്ത്ര്യം കൈവരിക്കാം എന്നുനോക്കാം.

 ശരിയായ മനോഭാവം വളർത്തുക

താൽക്കാലിക ആനന്ദങ്ങൾക്കായി പണം ധൂർത്തടിക്കാതെ ദീർഘകാല നേട്ടത്തിനായി പണം സമ്പാദിക്കാൻ ശ്രമിക്കുക. പരമവരുമാനം വർദ്ധിപ്പിക്കുക
പ്രധാന തൊഴിൽ മേഖലയിൽ കഴിവുകൾ വികസിപ്പിച്ച് ഉയർന്ന വരുമാനം നേടുക.സൈഡ് ബിസിനസ്, ഫ്രീലാൻസ് തുടങ്ങിയ അധിക വരുമാന മാർഗങ്ങൾ തുടങ്ങുക. വരുമാനം ഉണ്ടാക്കുന്ന (നിക്ഷേപം, വാടക, ഓൺലൈൻ ബിസിനസ്) മാർഗങ്ങൾ കണ്ടെത്തുക.

ബജറ്റ് തയ്യാറാക്കി ചെലവ് നിയന്ത്രിക്കുക

എല്ലാ ചെലവും രേഖപ്പെടുത്തുക. 50% ആവശ്യങ്ങൾ, 30% ആഗ്രഹങ്ങൾ, 20% സംരക്ഷണം എന്നിങ്ങനെ വരുമാനത്തെ നിയന്ത്രിക്കുകയും ശേഖരിക്കുകയും ചെയ്യുക. വരുമാനം കൂടുന്തോറും ചെലവ് കൂട്ടുന്ന ജീവിതരീതി ഒഴിവാക്കുക.

കടങ്ങളിൽ നിന്ന് മോചനം നേടുക

ഉയർന്ന പലിശയുള്ള കടങ്ങൾ (ക്രെഡിറ്റ് കാർഡ്, പെഴ്സണൽ ലോൺ) ആദ്യം തീർക്കുക.അതുപോലെ ചെറിയ കടങ്ങൾ ആദ്യം തീർക്കുക. അല്ലെങ്കിൽ പലിശ കൂടുതലുള്ളത് ആദ്യം തീർക്കുക. 

സംരക്ഷിക്കുകയും നിക്ഷേപിക്കുകയും ചെയ്യുക

എമർജൻസി ഫണ്ട്  ഉണ്ടാക്കുക.സ്റ്റോക്ക്, മ്യൂച്വൽ ഫണ്ട്, പ്രോപ്പർട്ടി, വിരമിക്കൽ അക്കൗണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുക.വരുമാനം കിട്ടുന്നതുപോലെുതന്നെ സ്വയം പ്രവർത്തിക്കുന്ന രീതിയിൽ സേവിംഗ്സ്, ഇൻവെസ്റ്റ്മെന്റ് ക്രമീകരിക്കുക.

സമ്പത്ത് സംരക്ഷിക്കുക

ആരോഗ്യം, ജീവൻ, ആസ്തി എന്നിവയ്ക്ക് ഇൻഷുറൻസ് എടുക്കുക.കുടുംബത്തിന്റെ സുരക്ഷയ്ക്കായി വിൽ/ഒസ്യത്ത് തയ്യാറാക്കുക.

 ദീർഘകാല വീക്ഷണം

ചെറിയ തുക പോലും നേരത്തെ നിക്ഷേപിക്കുമ്പോൾ കമ്പൗണ്ട് പലിശ കൊണ്ട് വലിയ വളർച്ച ഉണ്ടാകും. ജീവിത ലക്ഷ്യങ്ങൾ -വീട്, യാത്ര, വിരമിക്കൽ- വ്യക്തമാക്കുക, സാമ്പത്തിക തീരുമാനങ്ങൾ അതിനനുസരിച്ച് ക്രമീകരിക്കുക.

സമ്പാദിക്കുന്നതിൽ കുറച്ചുമാത്രം ചെലവാക്കുക, ശേഷിക്കുന്നതു സ്ഥിരമായി നിക്ഷേപിക്കുക, കടം ഒഴിവാക്കുക, സമ്പത്ത് വളർത്തുക.ഇതാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി.

More like this
Related

ബജറ്റുണ്ടാക്കൂ, സമ്പാദിക്കൂ

വ്യക്തിപരമായി നല്ല തുക വരുമാനമുണ്ടായിട്ടും പലർക്കും മാസാവസാനമെത്തുമ്പോൾ കടം മേടിക്കേണ്ട സാഹചര്യം...

സാമ്പത്തികമായി അഭിവൃദ്ധിപ്പെടണോ?

സാമ്പത്തികഭദ്രത സന്തോഷകരമായ ജീവിതത്തിന്റെ ഭാഗമാണ്. സാമ്പത്തികബാധ്യതകൾ മാത്രമല്ല സമ്പത്ത് എങ്ങനെ കൈകാര്യം...

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

ഡയമണ്ട് നെക്ക്ലേസ് എന്ന സിനിമയിലെ നായകനെ  ചിത്രം കണ്ടവരാരും മറക്കാനിടയില്ല. വരവിൽകൂടുതൽ...
error: Content is protected !!