ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത കാണിക്കുന്നവനെക്കുറിച്ചും ഉടുപ്പുചോദിക്കുന്നവന് മേലങ്കിക്കൂടി ഊരിക്കൊടുക്കുന്നവനെക്കുറിച്ചും വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുമായുളള ബന്ധത്തിൽ അടിസ്ഥാനമുണ്ടായിരിക്കേണ്ട ക്വാളിറ്റിയായി ഇതിനെ കണക്കാക്കേണ്ടതുണ്ട്. ഇന്ന് ബന്ധങ്ങളിൽ അപൂർവമായി മാത്രമേ ഇത്തരക്കാരെ കണ്ടെത്താനാകൂ. നിനക്ക് എന്തു നല്കാൻ എനിക്കു സാധിക്കും എന്ന് ചിന്തിക്കാതെ നിന്നിൽ നിന്ന് എനിക്കെന്തെല്ലാം നേടിയെടുക്കാനാകും എന്ന സ്വാർത്ഥതയോടെ ചിന്തിക്കുകയും അതിനുവേണ്ടി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നവരാണ് ഏറെയും.
സ്വാർത്ഥത അന്വേഷിക്കുമ്പോഴാണ് ബന്ധത്തകർച്ചയുണ്ടാകുന്നത്. മറ്റെയാളെ സ്വന്തം കാര്യത്തിനുവേണ്ടി വിനിയോഗിക്കുന്നതിലും വലിയ സ്വാർത്ഥത മറ്റൊന്നില്ല. അതിനിടയിൽ ചിലരെങ്കിലും നിസ്വാർത്ഥമായി സ്നേഹിക്കുന്നവരും നമ്മുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒന്നുപോലെ ചേർന്നുനില്ക്കുന്നവരുമായിരിക്കും. അത്തരക്കാരിൽ പൊതുവെ കാണുന്ന ചില സവിശേഷതകൾ താഴെപ്പറയാം.
നിങ്ങളുടെ സാന്നിധ്യത്തിൽ മാത്രമല്ല അസാന്നിധ്യത്തിലും അവർ നിങ്ങളെക്കുറിച്ചു നല്ലതുമാത്രമേ പറയൂ. കുറവുകൾ നോക്കി നിങ്ങളിൽ നിന്ന് അകലംപാലിക്കുന്നവരല്ല അവർ. നിങ്ങൾ എന്താണോ, ആരാണോ അതേ അവസ്ഥയിലാണ് അവർ സ്വീകരിക്കുന്നത്. തന്നെപ്പോലെയുള്ള വ്യക്തിയായിട്ടാണ് അവർ നിങ്ങളെയും കണക്കാക്കുന്നത്. തുല്യരായികാണുന്നതുകൊണ്ട് സമഭാവനയോടെ അവർ പെരുമാറുന്നു. ചിലപ്പോൾ ബാഹ്യമായ പല ഘടകങ്ങളിലും പരസ്പരം വ്യത്യാസമുണ്ടെങ്കിലും അവരുടെ മനോഭാവത്തിൽ മാറ്റം സംഭവിക്കുന്നില്ല.
മനസ്സ് തണുക്കാനോ ആശ്വസിക്കാനോ ഫോൺ ചെയ്യുമ്പോൾ വ്യക്തിപരമായ എല്ലാ തിരക്കുകളും മാറ്റിവച്ച് അവർ നിങ്ങളെ കേൾക്കാൻ തയ്യാറായിരിക്കും. നിങ്ങളോടുകൂടി സമയം ചെലവഴിക്കാനും യാത്ര ചെയ്യാനും അവർ സന്നദ്ധരായിരിക്കും. നിങ്ങളുടെ സന്തോഷങ്ങളിൽ അവർ നിങ്ങളെപ്പോലെ സന്തോഷിക്കും. ദുഃഖങ്ങളിൽ നിങ്ങളെപ്പോലെ ദു:ഖിക്കും. അനുകമ്പയും പരസ്പരബഹുമാനവും അവരുടെ മുഖമുദ്രയായിരിക്കും. ഇത്തരക്കാരെ നിങ്ങൾ ഒരിക്കലും വാക്കുകൊണ്ടുപോലും വേദനിപ്പിക്കരുത്. അവരെ എപ്പോഴും സ്വന്തം ജീവിതത്തോടു ചേർ്ത്തുനിർത്തുകയും വേണം.
ജീവിതം ഒരു ബസ്‌യാത്ര കണക്കെയാണ്. പല യിടങ്ങളിലായി പലരും വാഹനത്തിൽ കയറും. പലയിടങ്ങളിലായി ഇറങ്ങിപ്പോകും. പക്ഷേ ഡ്രൈവർക്ക് വാഹനം ലക്ഷ്യത്തിലെത്തിച്ചേ തീരൂ. അതുപോലെയാണ് ഇത്തരക്കാർ. പലരും നമ്മുടെ കൂടെ യാത്രയിലുണ്ടാകും. അവരുടെ സൗകര്യം നോക്കി പലരും പലയിടങ്ങളിലായി ഇറങ്ങിപ്പോകുമ്പോഴും അവസാനംവരെയുള്ള ഡ്രൈവറെപ്പോലെയാണ് ഇത്തരക്കാർ. അതുകൊണ്ട് ഇത്രത്തോളം ആത്മാർത്ഥത പുലർത്തുന്ന, നിങ്ങളെ പരിഗണിക്കുന്നവരെ ഒരിക്കലും നഷ്ടപ്പെടുത്തരുത്.
നാം എപ്പോഴും മുൻഗണന കൊടുക്കുന്നത് നമ്മൾ സ്നേഹിക്കുന്നവർക്കാണ്. നമ്മെ സ്നേഹിക്കുന്നവരെ നാം അത്രയധികം പരിഗണിക്കാറില്ല. അവരുടെ സ്നേഹത്തിന് വില കല്പിക്കാറുമില്ല. യഥാർത്ഥത്തിൽ നമ്മെ സ്നേഹിക്കുന്നവരെയാണ് നാം സ്നേഹിക്കേണ്ടത്. കാരണം അവർക്കാണ് നമ്മെ ആവശ്യമുള്ളത്. നാം സ്നേഹിക്കുന്നവർ നമ്മെ തിരികെ സ്നേഹിക്കുന്നില്ലെങ്കിൽ, സൗഹൃദം പുലർത്തുന്നില്ലെങ്കിൽ നമ്മുടെ സ്നേഹത്തിന് എന്തു വിലയാണുള്ളത്?