കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ?
ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും തുളസി അടക്കമുള്ള ചെറുചെടികളുടെയും വിത്തുകളാണ് അതിൽ കൊടുത്തുവിടുന്നത്. അവർ യാത്രപറഞ്ഞിറങ്ങുകയാണ്, കൂടെപ്പോകാൻ വീടിനും തൊടിക്കും സാധിക്കുകയില്ലല്ലോ. അവൾ ലാളിച്ചു വളർത്തിയ പൂക്കളും തുളസിയുമെല്ലാം, ഒരുപക്ഷെ ഞങ്ങളെ മറന്നുപോകല്ലേ, എന്ന് അവളോട് പറയുന്നതുമാകാം.
”……. നീ ചേച്ചിയെ മറക്കുമോ?” ഏട്ടത്തി ചോദിച്ചു.
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇത് കർമപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ.
അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്വരയിൽ ഏട്ടത്തി തനിച്ചു നിന്നു. പായൽകുരുന്നിൽ നിന്ന് വീണ്ടുമവൾ വളർന്നു. അവൾ വലുതായി. വേരുകൾ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാൽ കുടിച്ച് ചില്ലകൾ പടർന്നു തിടംവെച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി ചെതലിയുടെ താഴ്വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന് ചെമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോൾ ചെമ്പകം പറഞ്ഞു: അനുജത്തീ, നീയെന്നെ മറന്നുവല്ലോ…’ (ഖസാക്കിന്റെ ഇതിഹാസം).
കവയിത്രി വി.എം. ഗിരിജയുടെ പ്രാദേശികഭാഷാചരിത്രപുസ്തകമായ ‘ചിറമണ്ണൂർ To Shoranur’ എന്ന ദേശവഴിയുടെ പേജുകളിൽ നിന്നാണ് കണ്ണാടി പൈക്കൂറ വീണ്ടുക്കിട്ടുന്നത്.
(കണ്ണാടിപൈക്കൂറ: കോടിത്തോർത്ത് രണ്ടു കള്ളിയായിത്തുന്നി ഒന്നിൽ അരി, അടുത്തതിൽ രണ്ടു ചെപ്പുകൾ, കൺമഷി, ചാന്ത്, ചന്ദനത്തിന്റെ ചെറിയ കഷണം, മുഖം നോക്കാൻ വാൽക്കണ്ണാടി, വെറ്റിലയും കളിയടയ്ക്കപാക്കും , പുതുമുണ്ട്, കറുകമാല, പച്ചമഞ്ഞൾ, ആവണക്കിന്റെകുരു, പൂവിത്തുകൾ എന്നിവ ഇടും. ഗൃഹത്തിന്റെ കിഴക്കുവശത്ത്, വിളക്ക് വച്ച് കിഴക്കോട്ട് തിരിഞ്ഞു നിന്ന് പൂവിത്തുകൾ പാകണം. ഓർമ്മകൾ മുളപൊട്ടാനുള്ളതാണ്).
എഴുതി തേഞ്ഞുപോയ വാക്കുകളിലൂടെ ടെക്സ്റ്റ് ബുക്കുകൾ നമ്മളോട് ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞാൽ, അവ ‘ശൊന്ന പടി, അല്ലേൽ ഉടനടി’ കണക്കുള്ള എഞ്ചുവടി പുസ്തകം പോലെയും കഞ്ഞിമുക്കി തേച്ചു വടിവൊത്തു നിർത്തിയ സ്‌കൂൾ യൂണിഫോം പോലെയുമൊക്കെയുള്ള അറിവുകളെ തന്നുള്ളൂ എന്നതാണ്. അവ തെറ്റാണെന്നല്ല, അവ കണ്ടത് ഒരു വശം മാത്രമായിരുന്നു എന്നതാണ്. അതിനപ്പുറത്ത് ജീവിതത്തിന്റെ വളവുകളും തിരിവുകളും ഉള്ള, ആനച്ചുഴികൾ ഒളിപ്പിച്ച, അടിയൊഴുക്കുകളും ചതുപ്പുകളും ഉള്ള ജീവിതങ്ങൾ കണ്ടെത്താൻ അവയ്ക്കും അവയുടെ സ്രഷ്ടടാക്കൾക്കും കഴിയാതെ പോയി. ‘കേവല രാജസ്തുതികളും വാഴ്ച്ചകളും വീഴ്ച്ചകളിലും ജനജീവിതത്തെ എഴുതിത്തീർത്തു.
പ്രാദേശിക ചരിത്രങ്ങളും നാട്ടറിവുകളും അടിയാള-കീഴാള ചരിത്രങ്ങളും സ്ത്രീ പക്ഷ വിശകലനങ്ങളുമെല്ലാം തമസ്‌ക്കരിക്കെപ്പടുകയോ പരിഗണിക്കെപ്പടാതെ പോവുകയോ ചെയ്തു.
ഒരു പുസ്തകങ്ങളിലും ഇടംകിട്ടാതെയാണ് നമ്മുടെയൊക്കെ മുത്തശ്ശിമാരും അമ്മൂമ്മമാരും ജീവിതം എരിയിച്ചുകളഞ്ഞത്. അവർ വസ്തുക്കളെപോലെയും മാടുകളെ പോലെയും ഒരു പുരുഷനിൽ നിന്നും മറ്റൊരു പുരുഷനിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ആരും അവളോട് ഒരഭിപ്രായവും ചോദിച്ചില്ല, അവളൊട്ടു പറഞ്ഞതുമില്ല. കല്ലേപ്പിളർക്കുന്ന കാർന്നവന്മാരുടെ ശാസനകൾക്ക് മീതെ അവർ തങ്ങളുടെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളും സ്വപ്‌നങ്ങളും ആകാശം കാണാത്ത മയിൽപ്പീലി കണക്ക് സൂക്ഷിച്ചുവച്ചു. മകളെ തിരിച്ചറിയുന്ന അമ്മമാർ – അവർക്ക് ഓർമ്മകളുടെ ഒരു കുഞ്ഞു കോറത്തുണി നിറച്ച് അവൾ നട്ടുവളർത്തിയ പൂക്കളുടെയും കായ്കളുടെയും ചെറുവിത്തുകൾ കൊടുത്തുവിട്ടു.
”മഴകൊണ്ട് മാത്രം മുളയ്ക്കുന്ന ചില വിത്തുകൾ” പോലെ…
കാണെക്കാണെ കാലവും കണ്ണാടിയും മഴയും മഞ്ഞും പൂക്കളും തൊടിയും വീടും കൂമ്പാളയും നെല്ലിക്കയും മഷിതൊടപ്പനും ഇലമുളച്ചിയും കൃഷ്ണകിരീടവും കോളാമ്പി പൂക്കളും എല്ലാം കണ്ണാടി പൈക്കൂറകൾ പോലെ കാണാതെയായി… ആകാശം നഷ്ടപ്പെട്ട കിളികളെപ്പോലെ നമ്മുടെ പെണ്ണുങ്ങൾ പിന്നെയും തനിച്ചായി…
സന്തോഷ് ചുങ്കത്ത്