കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല. പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളുടെ പരിപാലനം ഏറ്റെടുക്കുന്നവർ മുതൽ മാതാപിതാക്കളും ബന്ധുക്കളും വരെ പലരിലൂടെ, അവരുടെ ഇടപെടലിലൂടെയാണ് ഒരു കുട്ടിയിൽ ആത്മവിശ്വാസം രൂപപ്പെടുന്നതും ഇല്ലാതെയാകുന്നതും. എങ്ങനെയാണ് കുട്ടികളിലെ ആത്മവിശ്വാസം ഇല്ലാതെയാകുന്നത്?
തുടർച്ചയായ വിമർശനം
രൂക്ഷവും എന്നാൽ തുടർച്ചയായതുമായ വിമർശനം കുട്ടികളിലെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. തങ്ങളുടെ കഴിവുകളെക്കുറിച്ചുള്ള സംശയം കുട്ടികളിൽ രൂപപ്പെടുന്നതും ആത്മവിശ്വാസം ചോർത്തിക്കളയുന്നതും ഇത്തരത്തിലുള്ള തുടർച്ചയായ വിമർശനങ്ങൾ വഴിയാണ്. അതുകൊണ്ട് നിശിതമായ രീതിയിൽ അവരുടെ പിഴവുകളെ പ്രതി വിമർശിക്കാതിരിക്കുക. സ്നേഹത്തോടും ദയയോടും കൂടി അവരെ തിരുത്തുക. പ്രോത്സാഹനജനകമായ വാക്കുകൾ സംസാരിക്കുക.
അനാവശ്യവും അപ്രസക്തവുമായ താരതമ്യം
കുട്ടിയുടെ കൂടപ്പിറപ്പുകളുമായോ അല്ലെങ്കിൽ അയൽവക്കത്തെയോ ക്ലാസുകളിലെയോ കുട്ടികളുമായോ ഉള്ള താരതമ്യം അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്. ഇത്തരം താരതമ്യപ്പെടുത്തൽവഴി അനാവശ്യമായ മാത്സര്യചിന്തകളും അസൂയ, വെറുപ്പ് പോലെയുള്ള നിഷേധാത്മകവികാരങ്ങളും ഉടലെടുക്കുന്നു. ഓരോ വ്യക്തിയും യൂണിക്കാണ്. ആ കഴിവുകളെ കണ്ടെത്തി അംഗീകരിച്ച് പ്രോത്സാഹിപ്പിക്കുക. അതുവഴി കുട്ടികളിൽ ആത്മവിശ്വാസം ദൃഢമാകും.
കുട്ടികളുടെ വൈകാരികതയെ അവഗണിക്കൽ
വൈകാരികത ശ്രദ്ധിക്കാതിരിക്കുകയോ അതിനെ പൂർണ്ണമായും അവഗണിക്കുകയോ ചെയ്യുന്ന രീതി കുട്ടികളുടെ വ്യക്തിത്വവളർച്ചയെ തടസ്സപ്പെടുത്തുന്നവയാണ്. മുതിർന്നവരുടെ മാത്രമല്ല കുട്ടികളുടെയും വൈകാരികതയ്ക്ക് പ്രാധാന്യമുണ്ട്. അതുകൊണ്ട് അവരെ ശ്രവിക്കുകയും അവരുടെ വികാരങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുകയും പരിഹരിച്ചുകൊടുക്കുകയും ചെയ്യുക.
അമിതസംരക്ഷണം
സ്നേഹക്കൂടുതൽ കൊണ്ട് മക്കൾക്ക് അമിതസംരക്ഷണം നല്കി അവരെ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കാത്ത മാതാപിതാക്കളുണ്ട്. മക്കളുടെ സ്വന്തം കാര്യങ്ങൾ പോലും അവർക്കുവേണ്ടി ചെയ്തുകൊടുക്കുന്നവർ. തന്മൂലം പ്രശ്നങ്ങളെ നേരിടാനോ വെല്ലുവിളികൾ ഏറ്റെടുക്കാനോ പരിഹാരം കണ്ടെത്താനോ കഴിയാതെ പോകുന്നവരായി കുട്ടികൾ മാറും.
തെറ്റുകളിൽ നിന്ന് പാഠം പഠിക്കാൻ കുട്ടികൾക്ക് അവസരം കൊടുക്കുക. അതിലൂടെ അവർ ആത്മവിശ്വാസത്തിന്റെ പടികൾ കയറിത്തുടങ്ങും.
പ്രശംസിക്കാൻ മടികാണിക്കുക
കുറ്റപ്പെടുത്താൻ മത്സരിക്കുന്ന,കുറ്റപ്പെടുത്തുന്നതിൽ മടിവിചാരിക്കാത്ത മാതാപിതാക്കൾ ചിലപ്പോഴെങ്കിലും മക്കളെ പ്രശംസിക്കുന്നതിൽ പിന്നോട്ടുനില്ക്കുന്നവരാണ്. മക്കളുടെ നേട്ടം ചെറുതോവലുതോ ആയിരുന്നുകൊള്ളട്ടെ അതിനെ പരിഗണിക്കുക. പ്രശംസിക്കുക, പ്രചോദിപ്പിക്കുക. ആ നേട്ടങ്ങളിൽ അവരെ പോലെ സന്തോഷിക്കുക. ഇതുവഴിയായി പോസിറ്റീവ് ചിന്തകളും ആത്മാഭിമാനവും കുട്ടികളിൽ രൂപപ്പെടും.
നെഗറ്റീവ് വാക്കുകൾ തുടർച്ചയായി പ്രയോഗിക്കുക
നീയൊന്നും ശരിയാകാൻ പോകുന്നില്ല, നീയൊരിക്കലും ഗുണം പിടിക്കില്ല ഇങ്ങനെ ചില വാക്കുകൾ മക്കളോട് പറയുന്ന മാതാപിതാക്കളുണ്ട്. ഇത്തരം വാക്കുകൾ കുട്ടികളിൽ സൃഷ്ടിക്കുന്ന മുറിവുകളെക്കുറിച്ച് മാതാപിതാക്കൾ ഒരിക്കലും ഓർമ്മിക്കാറില്ല. അവ മക്കളുടെ ആത്മവിശ്വാസത്തിനേല്പിക്കുന്ന മുറിവുകൾ വളരെ വലുതായിരിക്കും.