വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു. ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നു. ഒരേ ഭക്ഷണം കഴിക്കുന്നു. ഒരേ സ്ഥലത്ത് കിടന്നുറങ്ങുന്നു. ഒരേ രീതിയിൽ സംസാരിക്കുകയും ഒരേ രീതിയിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നു. രതിയിലോ ഇരിപ്പിലോ നടപ്പിലോ ഒന്നും പുതുമയില്ലാതെയും എല്ലാം ഒരുപോലെ ആവർത്തിച്ചും നാം മുന്നോട്ടുപോകുന്നു. പലപ്പോഴും പ്രസംഗിച്ച കാര്യങ്ങൾ തന്നെ നാം വീണ്ടും വീണ്ടും പ്രസംഗിക്കുന്നു. എഴുതിയകാര്യങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നിരന്തരമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരുടെയെല്ലാം പ്രഭാഷണങ്ങളും എഴുത്തുകളും പരിശോധിച്ചാൽ മനസിലാവും അവരുടെ ആശയങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന്.
പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് പുതുതായിട്ടൊന്നും പറയാനില്ലാതെ പോകുന്നതുകൊണ്ടാണ്. ധ്യാനവും പ്രാർത്ഥനയും ഇല്ലാതെ പോകുന്നതുകൊണ്ടാണ്. എന്നിട്ടും ചില ആവർത്തനങ്ങൾ ഒഴിവാക്കാനാവില്ല. രാത്രിക്ക് രാത്രിയാകാതെയും പകലിന് പകൽ ആവാതെയും തരമില്ല. ചില ബന്ധങ്ങൾ നമുക്ക് ആവർത്തനവിരസമായി തോന്നാറില്ല. ചില സ്നേഹങ്ങൾ നമ്മെ മടുപ്പിക്കാറേയില്ല. വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ആളുകളുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുണ്ട്. വീണ്ടും വീണ്ടും എത്തിച്ചേരാൻ കൊതിക്കുന്ന ഇടങ്ങളുണ്ട്. അങ്ങനെയാണ് ചില ആവർത്തനങ്ങൾ നമ്മെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചില ആവർത്തനങ്ങൾക്ക് സൗന്ദര്യമുണ്ടെന്ന് തിരിച്ചറിയുന്നത്. നാം അത്രമേൽ ഗൗനിക്കാത്തതും ശ്രദ്ധിക്കാത്തതും ഓർമ്മിക്കാത്തതുമായ ഒരു ആവർത്തനമുണ്ട്.നാം പോലും അറിയാതെ സ്വഭാവികമായും സ്വച്ഛമായും സംഭവിക്കുന്ന ശ്വാസനിശ്വാസങ്ങൾ. നമ്മുടെ ജീവിതത്തിന്റെ താളം അതുതന്നെയാണ്. അതു നിലച്ചുകഴിയുമ്പോൾ നാം ആഗ്രഹിച്ചുപോകുന്ന, പ്രാർത്ഥിച്ചുപോകുന്നു വീണ്ടുമത് ആവർത്തിച്ചിരുന്നുവെങ്കിൽ.
ഒരേ അക്ഷരങ്ങൾ കൊണ്ടുതന്നെയാണ് നാം നവഭാവുകത്വങ്ങൾ രചിക്കുന്നത്. ഒരേ ഈണം കൊണ്ടാണ് നാം വ്യത്യസ്തതരം ഗാനങ്ങളൊരുക്കുന്നത്. ഒരേ നിറങ്ങളാണ് നാം ക്യാൻവാസിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും അവയ്ക്കെല്ലാം എന്തൊരു സൗന്ദര്യവും തികവും പൂർണ്ണതയുമാണ്. അതെ, ആവർത്തനങ്ങൾ ഒഴിവാക്കാനാവില്ല. എല്ലാം ആവർത്തിച്ചുകൊണ്ടിരിക്കും. ആവർത്തനങ്ങൾ അനിവാര്യമാണ്.