പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ടിവി ഷോകൾ, ഓൺലൈൻ വീഡിയോകൾ, മൊബൈൽ ഗെയിമുകൾ എന്നിവ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. കുട്ടികളുടെ വായനാനുഭവങ്ങൾ പലപ്പോഴും വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ചെറിയ കുട്ടികൾക്കുള്ള സ്‌ക്രീൻ സമയത്തിന്റെ വർദ്ധനവ് അത്തരം അനുഭവങ്ങളെ വെട്ടിക്കുറയ്ക്കുന്നുണ്ടാകാം. കാരണം ഇന്നത്തെ മാതാപിതാക്കളും മുൻ തലമുറകളെ അപേക്ഷിച്ച് വായനയിൽ താൽപ്പര്യം കുറവുള്ളവരാണ്. യുകെയിൽ നടത്തിയ ഒരു സർവ്വേപ്രകാരം രണ്ടു വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ പതിനൊന്ന് ശതമാനം പേർ 2014 ൽ ഒരു ദിവസം ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ സ്‌ക്രീനിൽ ചെലവഴിക്കുന്നുണ്ട്. 2019 ആയപ്പോഴേക്കും ആ ശതമാനം 42% ആയി ഉയർന്നു.അതുപോലെ, 2019 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അമേരിക്കയിൽ നടത്തിയ പഠനത്തിൽ 12 മാസം പ്രായമുള്ള കുട്ടികൾ പ്രതിദിനം ശരാശരി 53 മിനിറ്റ് സ്‌ക്രീൻ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നു വയസെത്തുമ്പോഴേയ്ക്കും അത് പ്രതിദിനം 150 മിനിറ്റായി ഉയർന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മക്കൾക്ക് മാതാപിതാക്കൾ ഉറക്കെ വായിച്ചുകൊടുക്കുന്നതിന്റെ പ്രസക്തി വർദ്ധിക്കുന്നത്.
വീട്ടിൽ കുട്ടികൾക്ക് പതിവായി ഉറക്കെ വായിച്ചു കൊടുക്കുക എന്നത് ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പ്രവൃത്തിയായിരുന്നു. എന്നാൽ ഇന്ന് അവയെ പലവിധ കാരണങ്ങൾ ചേർന്ന് ഞെരുക്കിക്കളഞ്ഞിരിക്കുകയാണ്.തിരക്കേറിയ ജീവിതം, മാതാപിതാക്കളുടെ ജോലി, മൊബൈൽ, വായനയുടെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റിയുള്ള മാറിക്കൊണ്ടിരിക്കുന്ന വികാരങ്ങൾ എന്നിവയാണ് പട്ടികയിൽ ഒന്നാമത്. സ്‌ക്രീനുകളിൽ വളർന്ന മാതാപിതാക്കൾക്ക് ആനന്ദത്തിനുവേണ്ടിയുള്ള വായന അവരിൽ അധികമാരും ചെയ്യുന്ന ഒന്നല്ല.കുട്ടികളുടെ സ്‌ക്രീൻ സമയം വർദ്ധിക്കുന്നതിനനുസരിച്ച്, മാതാപിതാക്കൾ വായിച്ചു കേൾപ്പിക്കാനുള്ള സാധ്യത കുറവാണ് എന്നതാണ് യാഥാർത്ഥ്യം. 2025ൽ യുകെയിൽ നടത്തിയ സർവേയിൽ പങ്കെടുത്ത മാതാപിതാക്കളിൽ പകുതിയിൽ താഴെ (41%) പേർ മാത്രമാണ് 4 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് പതിവായി വായിച്ചു കൊടുക്കുന്നതായി അഭിപ്രായപ്പെട്ടത്. 2012ൽ ഇത് 64% ആയിരുന്നു.അഞ്ചു മുതൽ ഏഴു വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കളിൽ 36% പേർ മാത്രമാണ് കുട്ടികൾക്ക് പതിവായി വായിച്ചു കൊടുക്കുന്നത്. എണ്ണത്തിൽ കുറവാണെങ്കിലും സർവ്വേയിൽ പങ്കെടുത്ത മാതാപിതാക്കൾ ഒന്നുപോലെ പറഞ്ഞ ഒരു കാര്യമുണ്ട് കുട്ടിക്ക് വായിച്ചു കൊടുക്കുന്നത് വളരെ രസകരമായ അനുഭവമാണ്! വായനയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള മുതിർന്നവരുടെയും കുട്ടികളുടെയും ധാരണകൾ സമീപവർഷങ്ങളിൽ എങ്ങനെ മാറിയെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിത്തരുന്നു. ‘ഡിജിറ്റൽ സ്വദേശികളെന്ന്’ കണക്കാക്കപ്പെടുന്ന 1997 നും 2012 നും ഇടയിൽ ജനിച്ച ജനറേഷൻ ഇസഡ് മാതാപിതാക്കൾ, വായനയെ ‘രസകരമോ സമ്പന്നമോ ആയ പ്രവർത്തനമായി’ കാണുന്നതിനുപകരം ‘പഠിക്കേണ്ട ഒരു വിഷയമായി’ കാണുന്നുവെന്ന് പറയാൻ (മില്ലേനിയലുകളും ജനറേഷൻ എക്സും) കൂടുതൽ സാധ്യതയുണ്ട്.
മനുഷ്യബന്ധങ്ങൾ കെട്ടിപ്പടുക്കാനും നല്ല വായന എങ്ങനെയുള്ളതാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും കഴിയുന്ന, അത്യന്തം മനോഹരമായ പങ്കുവയ്ക്കൽ അനുഭവമാണ് ഉറക്കെയുള്ള വായിച്ചുകൊടുക്കൽ. പ്രത്യേകിച്ചും വായനക്കാരൻ ആവിഷ്‌കാരം ഉപയോഗിക്കുകയും കഥയെ അൽപ്പമെങ്കിലും നാടകീയമാക്കുക കൂടി ചെയ്താൽ. കുട്ടികൾക്ക് പതിവായി വായിച്ചു കൊടുക്കുമ്പോൾ, അവർ വളരെ വേഗം അത് ഇഷ്ടപ്പെടുകയും സ്വയം വായിക്കാൻ പ്രചോദിതരായിത്തീരുകയും ചെയ്യുന്നു. വീട്ടിൽ ആഴ്ചതോറും വായിച്ചു കൊടുക്കുന്ന കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ദിവസേന വായിച്ചു കൊടുക്കുന്ന കുട്ടികൾ സ്വതന്ത്രമായി വായിക്കാൻ തിരഞ്ഞെടുക്കാനുള്ള സാധ്യത മൂന്നിരട്ടിയാണ്.
ഉറക്കെ വായിക്കുന്ന കഥകൾ കേൾക്കുന്നതുവഴിയായി കുട്ടികൾക്ക് നിരവധി നേട്ടങ്ങൾ ലഭിക്കും. ഉറക്കെ വായിക്കുന്നത് ഒരു കുട്ടിയുടെ പദാവലിയും ലോകത്തെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യവും വളർത്താൻ സഹായിക്കുന്നു എന്ന് റോച്ചസ്റ്റർ സർവകലാശാലയിലെ വാർണർ സ്‌കൂൾ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റിന്റെ ഡയറക്ടർ കരോൾ സെന്റ് ജോർജ് സർവകലാശാലയുടെ അധ്യാപന പാഠ്യപദ്ധതി ബ്ലോഗിൽ എഴുതിയിട്ടുണ്ട്. ഈ വളർച്ച വളർത്തിയെടുക്കാൻ ഒരു ദിവസം 15 മിനിറ്റ് മാത്രം ചെലവഴിച്ചാലും മതിയാവും.എന്താ പതിനഞ്ച് മിനിറ്റ് മക്കൾക്കായി നീക്കിവയ്ക്കാൻ നിങ്ങൾ തയ്യാറല്ലേ?