ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും അധികമായ ചൂട് വായും നാവും പൊള്ളിച്ചുകളയും. അതിനുവേണ്ടി സാധാരണ ചെയ്യുന്നത് അൽപ്പനേരം ഭക്ഷണം തണുക്കാനായി വയ്ക്കുക എന്നതാണ്.
ഭക്ഷണമേശയിലെ ഇക്കാര്യംപോലെയാണ് ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സമീപിക്കേണ്ടതും. വ്യക്തികൾക്കിടയിൽ -അത് ദമ്പതികളാകാം, സുഹൃത്തുക്കളാകം, മേലുദ്യോഗസ്ഥനും ജോലിക്കാരനും തമ്മിലാവാം- വലുതും ചെറുതുമായ പല പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. ആ പ്രശ്നങ്ങളുടെ മേൽ ഉടനടി പ്രതികരിക്കുകയോ തീരുമാനമെടുക്കുകയോ ചെയ്യാതിരിക്കുകയാണ് വേണ്ടത്. ചൂടുഭക്ഷണം തണുക്കാനായി കാത്തിരിക്കുന്നതുപോലെ ഇത്തിരി നേരം തണുക്കാൻ തയ്യാറാകുക. അല്ലെങ്കിൽ പുഴ തെളിയുന്നതുവരെ കാത്തിരിക്കാൻ മനസ്സുണ്ടാവുക.
ദേഷ്യം വരുമ്പോഴുള്ള പ്രതികരണവും ദേഷ്യം കെട്ടടങ്ങിക്കഴിഞ്ഞുള്ള പ്രതികരണവും രണ്ടും രണ്ടുരീതിയിലായിരിക്കും. ആഗ്രഹമുള്ള ഭക്ഷണമാണ് മേശയിൽ വിളമ്പിവച്ചിരിക്കുന്നതെന്ന് കണ്ട് ചൂടാറുകപോലും ചെയ്യാതെ ആർത്തിയോടെ അത് കഴിക്കാൻ ശ്രമിക്കുന്നവരുണ്ട്. ഒരേ സമയം കൈയും നാവും പൊള്ളുകയായിരിക്കും അതിന്റെ ഫലം. അതുതന്നെയാണ് പ്രശനം ശാന്തമാകാതെയുള്ള പ്രതികരണങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. പ്രശ്നം കൂടുതൽ വഷളാക്കാനും കൂടുതൽ അകൽച്ച സൃഷ്ടിക്കാനും മാത്രമേ അത് ഉപകരിക്കുകയുളളൂ. ഭർത്താവ്/ ഭാര്യ ഒരു വിഷയത്തിന്റെ പേരിൽ പൊട്ടിത്തെറിച്ചുവെന്നിരിക്കട്ടെ അതേരീതിയിൽ അതേ തീവ്രതയിൽ പ്രതികരിക്കാതിരിക്കുക. ചിലർ കുറെകഴിയുമ്പോൾ ശാന്തരാകും. അപ്പോൾ അവർ തങ്ങളുടെ തെറ്റ് തിരിച്ചറിയും. ഒന്നുകിൽ തിരുത്താനോ അല്ലെങ്കിൽ സോറി പറയാനോ തയ്യാറാകും. ഇനി വേറെചിലരുണ്ട് അവരൊരിക്കലും സോറി പറയുകയോ തെറ്റ് സമ്മതിക്കുകയോ ഇല്ല. തങ്ങൾ പറയുന്നതു മാത്രമാണ് ശരിയെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. ഇത്തരക്കാരെ തിരുത്തുന്നതിലോ അവരുമായി തർക്കത്തിലേർപ്പെടുന്നതിലോ കാര്യമില്ല.
എല്ലാവരും വ്യത്യസ്തസ്വഭാവക്കാരാണ്. തനിക്കുള്ളതുപോലെ വ്യക്തിത്വവൈകല്യങ്ങൾ മറ്റെയാൾക്കുമുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചാൽ ബന്ധങ്ങൾക്കിടയിലെ പല പ്രശ്നങ്ങളും ഒരു പരിധിവരെ ഒഴിവാക്കാനാവും. പരസ്പരം സ്വഭാവസവിശേഷതകൾ മനസ്സിലാക്കി പൊരുത്തപ്പെട്ടുപോകാൻ ശ്രമിക്കുകയാണ് വേണ്ടത്. ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ രൂക്ഷമാകാത്തതും വീടു യുദ്ധക്കളമാകാത്തതും അവർ സമാനസ്വഭാവക്കാരായതുകൊണ്ടുമാത്രമായിരിക്കണമെന്നില്ല മറിച്ച് പരസ്പരം സഹിഷ്ണുത പുലർത്തുന്നതുകൊണ്ടും തന്നെപോലെ തന്നെ ഇണയെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ടുമാണ്. തിടുക്കത്തിലുള്ള പ്രതികരണങ്ങളിൽ നിന്ന് അകന്നുമാറി നില്ക്കുമ്പോഴായിരിക്കും നല്ല പ്രതികരണങ്ങൾ സംഭവിക്കുന്നത്.