ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ… ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്നത് കണ്ടിട്ടില്ലേ. പ്രണയത്തിന്റെ കടലുകളാണ് അപ്പോൾ അവരുടെ കണ്ണുകളിൽ അലയടിക്കുന്നത്. കണ്ണുകൾ തമ്മിലുള്ള സമ്പർക്കം അല്ലെങ്കിൽ ല്യല രീിമേര േമനുഷ്യസമ്പർക്കത്തിന്റെ ഏറ്റവും പഴയതും ഏറ്റവും ശക്തവുമായ ആശയവിനിമയമാർഗമാണ്.
എന്നാൽ ഇന്നത്തെ കാലത്ത് പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കാൻ എവിടെയാണ് സമയം? മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഓൺലൈൻ മീറ്റിംഗുകൾ എല്ലാം ചേർന്ന് ഇന്ന് നമ്മെ മറ്റുള്ളവരിൽ നിന്ന്, നോട്ടങ്ങളിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പോലും നമ്മുടെ ശ്രദ്ധ കൈയിലിരിക്കുന്ന മൊബൈലിലേക്കാണ്. മൊബൈൽ സ്‌ക്രീനുകളുടെയും ഡിജിറ്റൽ ലോകത്തിന്റെയും പിടിയിൽപെട്ട ജീവിതത്തിൽ, പരസ്പരം നേരിട്ട് കാണുന്നതുപോലും ഇന്നെത്രയോ കുറവാണ്! പിന്നെയാണ് കണ്ണിൽക്കണ്ണിൽ നോക്കിയിരി്ക്കുന്നത്! അതിനെവിടെയാണ് സമയം, മനസ്സ്? മാത്രവുമല്ല ഒരാളുടെ കണ്ണിൽ നോക്കാനുള്ള ധൈര്യം പോലും നമുക്ക് ഇല്ലാതെപോകുന്നു. തന്മൂലം നമ്മുടെ ബന്ധങ്ങൾ വളരുകയോ സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങൾ പോലും ആഴമില്ലാതാവുകയോ ചെയ്യുന്നു. ഒരുപക്ഷേ ദൂരെയിരുന്നുകൊണ്ട് നാം ഒരു വ്യക്തിയെ കേൾക്കുന്നുണ്ടാവാം. എങ്കിലും കാണാനുള്ള സാധ്യതകൾ കുറവാണ്.
മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിന് വാക്കുകളേക്കാൾ ശക്തമായത് കണ്ണുകളാണ്. അതുകൊണ്ടാണ് കണ്ണുകളെ ആത്മാവിലേക്കുളള ജാലകങ്ങൾ എന്ന് വിളിക്കുന്നത്. കണ്ണുകളിലൂടെ മനുഷ്യർ വാക്കുകൾക്കുമപ്പുറമായ ആശയങ്ങൾ പങ്കിടാറുണ്ട്.
അമ്മയുടെ നോട്ടത്തിലൂടെ കുഞ്ഞിനെ ആശ്വസിപ്പിക്കാനാവും. സുഹൃത്തിന്റെ കണ്ണിലൂടെ ആശ്വാസം നൽകാം. പ്രണയബന്ധത്തിൽ കണ്ണുകളിലൂടെയാണ് ആദ്യമായി സന്ദേശങ്ങൾ അയയ്ക്കു ന്നത്. സ്നേഹത്തെയും ആദരവിനെയും ആത്മാർത്ഥതയെയും പ്രകടിപ്പിക്കാൻ കഴിവുള്ളവയാണ് നോട്ടങ്ങൾ. സ്നേഹം മാത്രമല്ല, ഭയം, കുറ്റബോധം, അനിശ്ചിതത്വം തുടങ്ങിയവയും അതിലൂടെ ഏറ്റവും വ്യക്തമായി അനാവരണം ചെയ്യപ്പെടുന്നുണ്ട്.
കണ്ണിൽ നോക്കാൻ കഴിയാതെപോകുന്നത് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. മുഖഭാവങ്ങളും കണ്ണിലെ സൂചനകളും വായിക്കാൻ പഠിക്കുന്നതിൽ പിന്നോട്ടുപോകുകയും തന്മൂലം സഹാനുഭൂതിയുടെയും കരുണയുടെയും അഭാവം ജീവിതത്തിൽ ഉടലെടുക്കുകയും ചെയ്യുന്നു.
നമുക്ക് നോട്ടങ്ങളെ തിരിച്ചുപിടിക്കാം. സംസാരിക്കുമ്പോൾ കണ്ണിലേക്ക് നോക്കുക. അത് ആദ്യം അല്പം അസ്വസ്ഥത സൃഷ്ടിച്ചേക്കാം. പക്ഷേ അത് യഥാർത്ഥ ബന്ധത്തിന് തുടക്കംകുറിച്ചേക്കാം. കണ്ണിൽ നോക്കുമ്പോൾ നാം മറ്റൊരാളുടെ യാഥാർത്ഥ്യത്തെ കാണുന്നു. അവരുടെയും നമ്മുടെയും മനസുകൾ തമ്മിൽ ബന്ധപ്പെടുന്നു. അത് ബഹുമാനവും മനസ്സിലാക്കലും സ്നേഹവുമായി വളരുന്നു.
ഓരോനോട്ടങ്ങളും ആത്മാർത്ഥതയുടെ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. അത് ആത്മവിശ്വാസം വളർത്തുന്നു. സംവാദത്തിൽ സത്യസന്ധത നൽകുന്നു. കണ്ണിലൂടെ പറയുന്ന വാക്കുകൾ ആയിരം ശബ്ദസന്ദേശങ്ങളെക്കാൾ വിലയുള്ളവയാണ്. അതുകൊണ്ട് കണ്ണുകളിൽ നോക്കി സംസാരിച്ചുതുടങ്ങുക. സ്‌ക്രീനുകൾക്കപ്പുറത്ത് മനുഷ്യരെ കാണുക. അതിലൂടെ നമ്മൾ വീണ്ടും മനുഷ്യരാകുന്നു. അതിവേഗത്തിലോടിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നാം മനുഷ്യരാണെന്ന് ഓർമ്മിപ്പിക്കാനും സ്നേഹബന്ധങ്ങളിലേക്ക് കടന്നുപോകാനും നമുക്ക് കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കാം, ഇത്തിരിനേരമെങ്കിലും.
കുടുംബത്തിലും സൗഹൃദത്തിലും പ്രണയത്തിലും ഇനി നോട്ടങ്ങളുടെ തുടക്കമാകട്ടെ.
