ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

Date:

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു സ്നേഹത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല.  Nothing feels better than being loved.  ചിലരുടെ വിചാരം സ്നേഹം പ്രകടിപ്പിക്കാനുള്ളതല്ല എന്നാണ്. മക്കളെ സ്നേഹിച്ചാൽ, അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചാൽ അവർ വഷളായി പോകുമെന്ന് വിചാരിക്കുന്നവർ ഒരുപാടുപേരുണ്ട്.  മറ്റു ചില മാതാപിതാക്കളുടെ വിചാരം മക്കൾ പറയുന്നതും ആവശ്യപ്പെടുന്നതും എല്ലാം വാങ്ങിച്ചുകൊടുക്കുന്നതിലാണ് സ്നേഹം അടങ്ങിയിരിക്കുന്നത് എന്നാണ്. തീർച്ചയായും മാതാപിതാക്കളെന്ന നിലയിൽ മക്കളുടെ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വമുള്ളവർ തന്നെയാണ് മാതാപിതാക്കൾ.

പക്ഷേ അതിൽ മാത്രം അവരുടെ സ്നേഹം ഒതുക്കരുത്. മക്കളോടൊപ്പം സമയം ചെലവഴിക്കണം, അവരെ കേൾക്കണം.. ഇടയ്ക്കൊക്കെ ഔട്ടിംങിന് പോകണം. പുറത്തു നിന്ന് ഭക്ഷണം  കഴിക്കണം, സിനിമയ്ക്കോ പാർക്കിലോ പോകണം.  മക്കളെ കെട്ടിപിടിക്കണം, ചുംബിക്കണം. മാതാപിതാക്കളിൽ നിന്ന് ഇത്തരത്തിലുള്ള  സ്നേഹം അനുഭവിക്കാതെ വരുന്ന മക്കൾക്ക് മാതാപിതാക്കളെ ആത്മാർത്ഥമായിസ്നേഹിക്കാൻ കഴിയണമെന്നില്ല.  

അടുത്തകാലത്ത് ഒരു വീഡിയോ കണ്ടു. അപ്പനെ അവസാനമായി എന്നാണ് കെട്ടിപ്പിടിച്ചത് ഉമ്മവച്ചത് എന്നാണ് കൗമാരക്കാരായ  ആൺകുട്ടികളോട് യൂട്യൂബ് ചാനലിന്റെ പ്രതിനിധി ചോദിക്കുന്നത്. പലരും പറഞ്ഞ മറുപടി എന്നെ അതിശയിപ്പിച്ചു.
ഓർക്കുന്നില്ല…
 ചെറുപ്രായത്തിൽ….
ഇങ്ങനെയൊക്കെയാണ് അവരെല്ലാം പറഞ്ഞത്. ഇത് കുറച്ചുമാത്രം ചെറുപ്പക്കാരുടെ കാര്യമല്ല. നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായങ്ങൾതന്നെയാണ്. ആലിംഗനവും ചുംബനവുമൊക്കെ  ഒരു നിശ്ചിതപ്രായം വരെ ഒതുക്കിനിർത്തിയിരിക്കുന്നവരിൽ മുമ്പന്തിയിലുളളത് നമ്മൾ മലയാളികൾ തന്നെയാണ്. വിദേശികൾ അവരുടെ സ്നേഹം സ്പർശനത്തിലൂടെയും ആലിംഗനത്തിലൂടെയും ചുംബനത്തിലൂടെയും പ്രകടിപ്പിക്കും. എന്നാൽ ആ ചുംബനങ്ങളെ പോലും അത്ര മാന്യമല്ലാത്ത രീതിയിലാണ് നാം വിലയിരുത്തുന്നത് എന്നതാണ് ഏറെ ശോചനീയം.

 ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽ പോലും വൃദ്ധരായ മാതാപിതാക്കളെ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യാത്ത മക്കൾ അവരെ ചുംബിക്കാൻ അവരുടെ മരണംവരെ കാത്തിരിക്കേണ്ടിവരുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പ്രായം ചെന്ന മാതാപിതാക്കളെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും ജീവിച്ചിരിക്കുമ്പോൾ മടിക്കുന്ന, അല്ലെങ്കിൽ അതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതുന്ന മക്കൾക്ക് മാതാപിതാക്കളുടെ ഉടലിൽ നിന്ന് ജീവൻ വേർപെട്ടുകഴിയുമ്പോൾ അതുവരെയില്ലാത്ത സ്നേഹം എവിടെ നിന്നാണ് വരുന്നത്? പിന്നെ പൊട്ടിക്കരച്ചിലായി… കെട്ടിപ്പിടിത്തമായി… ചുംബനമായി.

പ്രായം ചെല്ലുംതോറും മക്കളുടെ സാന്നിധ്യവും സ്നേഹവും സ്പർശനവും മാതാപിതാക്കൾ കൂടുതലായി ആഗ്രഹിക്കുന്നുണ്ട്. ആ സ്നേഹം ജീവിച്ചിരിക്കുമ്പോൾ അവരുടെ മനസ്സ് നിറച്ച്കൊടുക്കാൻ കഴിയാത്തവർ മരണശേഷം നല്കാമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. 

തറവാട് വക സ്വത്ത് വീതം വച്ചതിന്റെയോ മറ്റെന്തെങ്കിലും കാരണങ്ങളുടെയോ ഒക്കെ പേരിൽ മാതാപിതാക്കളെ ശത്രുക്കളായി കരുതുന്ന മക്കളുണ്ട്. എല്ലാ ബന്ധവും അറുത്തുമാറ്റിയ രീതിയിലാണ് അവർ പിന്നീട് ജീവിക്കുന്നത്.

അതിനിടയിലായിരിക്കും മാതാപിതാക്കളുടെ മരണം. തങ്ങൾ ചെയ്ത നന്ദികേടും ക്രൂരതകളും അപ്പോഴാണ് അവരോർമ്മിക്കുന്നത്. പശ്ചാത്താപവും കുറ്റബോധവും ഉണ്ടാകുന്നത്. അതുകൊണ്ട്എന്തു പ്രയോജനം? വൈകിക്കിട്ടുന്ന നീതി നീതിനിഷേധം തന്നെയാണെന്നാണല്ലോ പറയുന്നത്. അതുപോലെയാണ് ഇതും. കൊടുക്കേണ്ടപ്പോൾ കൊടുക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവുപിടിച്ച നാണയംപോലെ പ്രയോജനരഹിതമായി മാറും.

പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ. ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക. സ്നേഹം പ്രകടിപ്പിക്കുക. പ്രകടിപ്പിക്കാനുളളതാണ് സ്നേഹമെന്ന ബോധ്യം  ചെറുപ്രായത്തിൽ തന്നെ മക്കൾക്കു പകർന്നുകൊടുക്കുക. മക്കളെ  മുതിർന്നതിനു ശേഷവും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുക. അതുവഴി സ്പർശനത്തിന്റെ സ്നേഹം അവർ മനസ്സിലാക്കുകയും മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ സ്പർശിക്കാനും ചുംബിക്കാനും തയ്യാറാവുകയും ചെയ്യും.

ഇന്ന് സ്നേഹം നല്കാനും അനുഭവിക്കാനും നമുക്ക് സാധിക്കുന്നില്ലെങ്കിൽ നാളെ ആ സ്നേഹം അനുഭവിക്കാൻ കഴിയുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ?  ഇതു വായിക്കുന്ന ഒരാളെങ്കിലും ഇതുവരെയും തങ്ങളുടെ അച്ഛനമ്മമാരെ മുതിർന്നതിനു ശേഷം കെട്ടിപ്പിടിച്ചിട്ടില്ലെങ്കിൽ, കവിളത്തൊരു ഉമ്മ കൊടുത്തിട്ടില്ലെങ്കിൽ ഈ കുറിപ്പ് വായിക്കുമ്പോഴെങ്കിലും അവർക്ക് അതിനുള്ള പ്രചോദനവും പ്രേരണയും ഉണ്ടായിരുന്നുവെങ്കിൽ… ഈ കുറിപ്പ് സാർത്ഥകമാകുന്നത് അത്തരമൊരു ചെറിയ മാറ്റം ഒരാളിലെങ്കിലും സൃഷ്ടിക്കാൻ കഴിയുമ്പോഴാണ്.

ഡോ. മേരി കളപ്പുരക്കൽ

More like this
Related

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...

എന്തിനാണ് കെട്ടിപ്പിടിക്കുന്നത്?

ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും...

മെച്ചപ്പെട്ട ജീവിതം നയിക്കാം…

എങ്ങനെയാണ് നമുക്ക് സന്തോഷകരമായ ജീവിതം നയിക്കാനാവുന്നത്? എങ്ങനെയാണ് നമുക്ക് കൂടുതൽ മെച്ചപ്പെട്ട...

വൃദ്ധരെ ‘സൂക്ഷിക്കുക’

അറിയാതെ മൂത്രം പോകുന്നതായിരുന്നു  ആ അമ്മയുടെ രോഗം.  അമ്മയുടെ ഈ രീതിയോട്...
error: Content is protected !!