ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും വരും..ലൈംഗികപീഡനം അനുഭവിച്ചിട്ടുള്ള വ്യക്തിയാണെങ്കിൽ, വളരെ ചെറുപ്പത്തിൽ തന്നെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ; ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ; ഒരു കുട്ടിയെ ആഗ്രഹിച്ച് വർഷങ്ങളോളം കാത്തിരുന്നിട്ടും ഒരു കുഞ്ഞു പോലും ജനിച്ചിട്ടില്ലെങ്കിൽ ശരീരത്തിനും മനസ്സിനും പരിഹരിക്കാനാകാത്ത പരിക്കുകൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ; അപ്പോഴൊക്കെ മെച്ചപ്പെട്ട ജീവിതം തിരിച്ചെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടതായി തോന്നിയേക്കാം. വേദനിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒളിച്ചോടാനും നമ്മുടെ വേദനയുടെ പിന്നിലെ യഥാർത്ഥ അർത്ഥം മറയ്ക്കാനും നമ്മൾ എല്ലാത്തരം വഴികളും ചിലപ്പോൾ പ്രയോഗിക്കുകയും ചെയ്തേക്കാം.
പുറത്ത് ആരോ കരയുന്നത് കേട്ട് നിശബ്ദമായി വാതിൽ അടയ്ക്കുന്നതുപോലെയാണ് അത്. കരച്ചിൽ അവിടെയുണ്ട്. അത് യഥാർത്ഥവുമാണ്. അതിനെ അംഗീകരിക്കുകയും അതിനോടുപ്രതികരിക്കുകയുമാണ് വേണ്ടത്. പകരം വാതിൽ ചേർത്തടയ്ക്കുമ്പോൾ നമ്മൾ ആ സാഹചര്യത്തിൽ നിന്ന് ഒളിച്ചോടുകയാണ്. ഇതുപോലെയാണ് ജീവിതത്തിലെ സങ്കടങ്ങളിൽ നിന്ന് പുറംതിരിഞ്ഞുനിന്നുള്ള സമീപനങ്ങളും. ഏതെങ്കിലും മാർഗങ്ങളിലൂടെ നമുക്ക് അതിനെ മറച്ചുപിടിക്കാം. അപ്പോഴും ആ സങ്കടം അവിടെ അവശേഷിക്കുന്നു. അതുകൊണ്ടു മറച്ചുവയ്ക്കുകയല്ല ആ പ്രശ്നത്തെ അഡ്രസ് ചെയ്ത് അതിൽ നിന്നു പുറത്തുകടക്കുകയാണ് വേണ്ടത്.
വേദന മറക്കാനും അറിയാതിരിക്കാനും ഗുളിക കഴിക്കാം. പക്ഷേ വേദന അവിടെയുണ്ട്. ഗുളിക കഴിക്കാതെ വേദനയെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴാണ് ഓരോരുത്തരും പോരാളികളാകുന്നത്. ഒഴിവാക്കാവുന്ന വേദനകളുണ്ട്; ഒഴിവാക്കാൻസാധിക്കാത്ത വേദനകളുമുണ്ട്. ഒഴിവാക്കാൻ സാധിക്കുന്ന വേദനകളെ ഒഴിവാക്കാമെങ്കിലും ഒഴിവാക്കാൻ കഴിയാത്ത വേദനകളെ പതുക്കെപതുക്കെയാണെങ്കിലും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തേ മതിയാവൂ. വേദനയാണ് സത്യം. കാരണം വേദനിക്കുന്നത് ജീവനുള്ളതിന്റെ ലക്ഷണമാണ്. അതുകൊണ്ട് വേദനകളെ അംഗീകരിച്ചുകൊണ്ട് ജീവിതം തിരിച്ചുപിടിക്കുക.