വിവാഹനിശ്ചയം ഉറപ്പിച്ച യുവതിയായിരുന്നു കരിഷ്മ. എന്നാൽ വിവാഹദിനങ്ങൾ അടുത്തുവരുംതോറും അവൾക്ക് ആശങ്കകളേറിവന്നു. തനിക്ക് വിവാഹിതയാകാൻ കഴിയുമോ? ജീവിതകാലം മുഴുവൻ പങ്കാളിക്ക് തന്നോട് പ്രതിബദ്ധതയുണ്ടായിരിക്കുമോ? ഇങ്ങനെ പലപല പ്രശ്നങ്ങളുമായിട്ടാണ് അവൾ കൗൺസലിംങിനെത്തിയത്.
എന്തായിരുന്നു കരിഷ്മയുടെ പ്രശ്നം? അവൾക്കൊരു പ്രണയബന്ധമുണ്ടായിരുന്നു. എന്നാൽ വിവാഹത്തോട് അടുത്തപ്പോൾ കാമുകൻ പിന്മാറി. തനിക്ക് ജീവിതകാലം മുഴുവൻ ഒരാളിൽ മാത്രം ഒതുങ്ങിനില്ക്കാൻ കഴിയില്ല എന്നായിരുന്നു അയാളുടെ കാരണം. ഇത് വലിയൊരു ട്രോമയിലേക്ക് അവളെ നയിച്ചു. ഇതിന് പിന്നിൽ മറ്റൊരു കഥകൂടിയുണ്ടായിരുന്നു. അവൾക്ക് നാലോ അഞ്ചോ വയസു പ്രായമുള്ളപ്പോൾ അച്ഛൻ അവളെയും അമ്മയെയും ഉപേക്ഷിച്ചുപോയിരുന്നു. ഈ രണ്ടു അനുഭവങ്ങളും അവളെ കൊണ്ടുചെന്നെത്തിച്ചത് വിവാഹജീവിതത്തിൽ ഒരാൾക്കും ജീവിതകാലം മുഴുവൻ ഒരാളോടൊപ്പം ജീവിക്കാനാവില്ലെന്നായിരുന്നു.
കമ്മിറ്റ്മെന്റ് പ്രശ്നങ്ങൾ ദാമ്പത്യജീവിതത്തെ തകർക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്. ഒരാളുടെ ജീവിതത്തിൽ സുരക്ഷിതത്വവും സ്നേഹവും നൽകുന്ന പ്രധാനമായ ഇടമാണ് കുടുംബവും ദാമ്പത്യബന്ധവും. എന്നാൽ ചിലപ്പോൾ ചിലർക്കു ‘പ്രതിബദ്ധത’ (Commitment) പുലർത്തുന്നതിൽ ഭയം ഉണ്ടാകാറുണ്ട്. ജീവിതകാലം മുഴുവൻ ഒരാളോടൊപ്പം ജീവിക്കാനാകുമോ?, എനിക്ക് സ്വാതന്ത്ര്യം നഷ്ടമാവുമോ?വേദനിക്കേണ്ടിവരുമോ? എന്നീ ചോദ്യങ്ങൾ അവരുടെ മനസ്സിൽ പതിയെ പതിയെ പിടിമുറുക്കും. ഇതിനെയാണ് ‘പ്രതിബദ്ധതാ പ്രശ്നം’ എന്ന് വിളിക്കുന്നത്.
ഇതൊരു അപൂർവ പ്രശ്നമല്ല. ഇന്നത്തെ തലമുറയിൽ പലർക്കും ഇത്തരം ആശങ്കകൾ നേരിടേണ്ടി വരുന്നു. എന്നാൽ ഇതിനെ തിരിച്ചറിയുകയും, അതിജീവിക്കാനുള്ള ശരിയായ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്താൽ ബന്ധം കൂടുതൽ സുരക്ഷിതവും സന്തോഷകരവുമാക്കാനാകും.
ഭയത്തിന്റെ വേരുകൾ തിരിച്ചറിയുക
പ്രതിബദ്ധതാ ഭയത്തിന്റെ പിന്നിൽ പലപ്പോഴും ബാല്യകാല അനുഭവങ്ങളും കുടുംബത്തിലെ ബന്ധത്തകർച്ചകളും മുൻ പ്രണയത്തിലോ വിവാഹത്തിലോ ഉണ്ടായ വേദനാജനകമായ അനുഭവങ്ങളും ആണ്. മാതാപിതാക്കൾ തമ്മിലുള്ള സ്ഥിരമായ തർക്കങ്ങൾ കണ്ടു വളർന്നവർക്ക് വിവാഹത്തോടുള്ള വിശ്വാസം കുറയാം.മുൻ ബന്ധത്തിൽ വഞ്ചന അനുഭവിച്ചവർ വീണ്ടും ഒരാളിൽ വിശ്വാസം വയ്ക്കാൻ മടിക്കും. സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ഭയം ചിലർക്കു വലിയ തടസ്സമാണ്. ഭയം എവിടെ നിന്നാണ് വരുന്നതെന്ന് തിരിച്ചറിഞ്ഞാൽ അതിനെ അതിജീവിക്കാനുള്ള വഴി കണ്ടെത്താം.
തുറന്ന ആശയവിനിമയം
ബന്ധങ്ങളിൽ ആശയവിനിമയമാണ് ഏറ്റവും വലിയ ഔഷധം. ഭയങ്ങളും സംശയങ്ങളും പങ്കാളിയോട് തുറന്നുപറയുക.’എനിക്ക് വിവാഹത്തെക്കുറിച്ച് ഭയം തോന്നുന്നു’ എന്ന് സത്യസന്ധമായി പങ്കുവെക്കുക.’എന്റെ കരിയർ നഷ്ടമാവുമോ?’ എന്ന ആശങ്കയും പങ്കാളിയോട് തുറന്നു പറയുക. ഇത്തരത്തിലുള്ള തുറന്ന സംഭാഷണം തെറ്റിദ്ധാരണകൾ കുറയ്ക്കും. പങ്കാളി തന്നെ ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന ഒരാളായിമാറുകയും ചെയ്യും
ചെറിയ തുടക്കങ്ങളോടെ മുന്നോട്ട് പോകുക
ആദ്യം ചെറിയ പ്രതിബദ്ധതകൾ സ്വീകരിക്കുക: ഒരുമിച്ച് യാത്ര പോകൽ, ഒരു വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കൽ. പിന്നീട് വലിയ തീരുമാനങ്ങളിലേക്ക് നീങ്ങുക: വിവാഹം, മക്കൾ തുടങ്ങിയവ. ചെറിയ ചുവടുകൾ വലിയ ചുവടുകൾക്കുള്ള വഴിതെളിക്കും.
സ്വയം തിരിച്ചറിവ് വളർത്തുക
പ്രതിബദ്ധതാ പ്രശ്നങ്ങൾ എല്ലായ്പ്പോഴും ബന്ധത്തിലെ മറ്റെയാളിനോടുള്ള വിഷമങ്ങളിൽ നിന്നല്ല ഉണ്ടാകുന്നത്. ചിലപ്പോൾ അത് സ്വയംബോധത്തിന്റെ കുറവിലും ആത്മവിശ്വാസത്തിന്റെ അഭാവത്തിലും നിന്നും സംഭവിക്കാം. ‘ഞാൻ മതിയാവില്ല’ എന്ന തോന്നലും ‘എനിക്ക് സ്ഥിരതയില്ല’ എന്ന ഭയവും പ്രതിബദ്ധതയ്ക്ക് തടസം സൃഷ്ടിക്കാറുണ്ട്. സ്വയം അംഗീകരിക്കുകയും, ആത്മവിശ്വാസം വളർത്തുകയും ചെയ്താൽ പ്രതിബദ്ധത ഭയപ്പെടേണ്ട ഒന്നല്ലെന്ന് മനസ്സിലാകും.
പ്രൊഫഷണൽ സഹായം തേടുക
ചിലപ്പോൾ പ്രശ്നം ഏറെ വലുതായിരിക്കാം. അപ്പോൾ കൗൺസിലിംഗും തെറാപ്പിയും സഹായകരമാണ്.വ്യക്തിഗത കൗൺസിലിംഗ് സ്വന്തം ഭയങ്ങളെ തിരിച്ചറിയാൻ സഹായിക്കുമ്പോൾ ദമ്പതികളുടെ കൗൺസിലിംഗ് ബന്ധത്തിലെ ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായകരമായിരിക്കും. കൗൺസലിംങ് വിദഗ്ധന്റെ സഹായം തേടുന്നത് ദൗർബല്യത്തിന്റെ അടയാളമല്ല, മറിച്ച് ബന്ധത്തെ രക്ഷിക്കാനുള്ള ധൈര്യമായൊരു തീരുമാനമാണ്.
വിശ്വാസം വളർത്തുക
ഏതൊരു ബന്ധത്തിന്റെയും അടിത്തറ വിശ്വാസമാണ്. വിശ്വാസം ഒരുദിവസം കൊണ്ടോ, ഒരു വാക്കുകൊണ്ടോ ഉണ്ടാകുന്നതല്ല. ഒരുമിച്ച് ചെലവഴിക്കുന്ന സമയം പരസ്പരം നൽകിയ വാക്കുകൾ പാലിക്കൽ, പരസ്പരം സ്വകാര്യതയെ മാനിക്കൽ, ഇവയെല്ലാം വിശ്വാസത്തിന്റെ അടിത്തറ ഉറച്ചതാക്കും.