ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്. എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും പോലെയുള്ളവരെ നോക്കൂ. ഒരു ദിവസം തന്നെ അവർക്ക് ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എത്തിച്ചേരാൻ ഒരുപാട് സ്ഥലങ്ങളുണ്ട്. അതുകൊണ്ട് അവർ സാധാരണക്കാരെക്കാൾ തിരക്കുപിടിച്ച മനുഷ്യരാണ്. എന്നാൽ വേറെ ചില മനുഷ്യരുണ്ട് അവർ തിരക്കുള്ളവരാണ് എന്നതിനെക്കാൾ തിരക്ക് അഭിനയിക്കുന്നവരാണ് എന്നതാണ് വാസ്തവം. ചില ഓഫീസുകളിൽ ജോലി ചെയ്തിരുന്ന അവസരത്തിൽ ഇത്തരം ചില സഹപ്രവർത്തകരെ കണ്ടുമുട്ടിയിട്ടുണ്ട്. സഹപ്രവർത്തകർ ഒരുമിച്ചു കളിചിരികളിലേർപ്പെടുമ്പോഴോ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോഴോ ഒന്നും അവർ കൂടെ വരില്ല, ജോലി തീർന്നില്ല എന്നായിരിക്കും അവരുടെ മറുപടി. സത്യത്തിൽ അവർ തിരക്കുള്ളവരാണോ? അതോ തിരക്ക് അഭിനയിക്കുന്നവരാണോ? തിരക്ക് അഭിനയിക്കുന്നവരാണ് എന്നതാണ് വാസ്തവം. അതിന്റെ പിന്നിൽ ഒരു മനശ്ശാസ്ത്രമുണ്ട്. താൻ ഒരു പ്രധാനപ്പെട്ട വ്യക്തിയാണെന്ന് മറ്റുളളവരെ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തിരക്ക് എന്നാണ് മനശ്ശാസ്ത്രം ഇത്തരത്തിലുള്ള തിരക്കുകളെ വിശദീകരിക്കുന്നത്. തിരക്ക് ഒരു തെറ്റല്ല എന്നാൽ തിരക്ക് അഭിനയിക്കുന്നത് ശരിയല്ല. ഒരു ഓഫീസിൽ ജോലി ചെയ്തിരുന്ന അവസരത്തിൽ ഒരു സഹപ്രവർത്തകന്റെ ഫാദർ ഇൻലോ എന്നെ ഫോൺ ചെയ്ത് ചോദിച്ചത് അയാളുടെ മരുമകൻ ഇപ്പോൾ ബിസിയാണോ ഫോൺ ചെയ്താൽ അസൗകര്യമായിരിക്കുമോ എന്നാണ്. അതായത് അമ്മായിയച്ഛനോട് അയാൾ പറഞ്ഞുവച്ചിരിക്കുന്നത് ഈ സ്ഥാപനത്തിലെ ഏറ്റവും തിരക്കുള്ള മനുഷ്യൻ താനാണെന്നും ഓഫീസ് ടൈമിൽ വെറുതെ ഫോൺ ചെയ്ത് സമയം കളയാനില്ല എന്നുമായിരുന്നു. ഇതുവഴിയായി അയാൾ ഉദ്ദേശിച്ചത് താൻ ഈ സ്ഥാപനത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തിയാണെന്ന് ബന്ധുക്കൾക്കും മറ്റും ഇടയിൽ സ്ഥാപിച്ചെടുക്കുകയായിരുന്നു. ഇത്തരം തിരക്കുകൾ അപഹാസ്യമാണ്. മനസ്സുവച്ചാൽ ഈ തിരക്കുകളിൽ നിന്നെല്ലാം ഒഴിവായി വേണ്ടപ്പെട്ടവരുമായി സംസാരിക്കാനോ യാത്ര പോകാനോ അവരെ സന്ദർശിക്കാനോ ഒക്കെ സമയമുണ്ട്. പക്ഷേ നാം മനസുവയ്ക്കണം. നമുക്കെല്ലാവർക്കും ഒരുപോലെയാണ് സമയം. സമയം ആർക്കുവേണ്ടി പ്രയോജനപ്പെടുത്തണം ചെലവഴിക്കണം എന്നതാണ് പ്രധാനം. വെറുതെ തിരക്ക് അഭിനയിക്കുന്നവർ അപഹാസ്യരാവുകയാണ് ചെയ്യുന്നതെന്ന് മറക്കരുത്.