ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച ജോലിയോ പരീക്ഷാവിജയമോ അംഗീകാരമോ എനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും മറ്റൊരാൾക്ക് അതു കിട്ടുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നതിന് കാരണം അസൂയ മാത്രമല്ല അയാൾ എന്റെ പിന്നിലായിപ്പോയില്ലല്ലോ എന്ന വിചാരമാണ്. ഒരാളെയെങ്കിലും പരാജയപ്പെടുത്താൻ സാധിച്ചില്ലല്ലോ എന്ന സങ്കടമാണ്. ഒരാളെ തോല്പിച്ചാൽ മാത്രമേ തനിക്ക് വിജയിക്കാൻ കഴിയൂ എന്ന് കരുതുന്നത് മൗഢ്യമാണ്. അത് വികലമായ കാഴ്ചപ്പാടാണ്. എന്നാൽ ഇങ്ങനെയല്ലാതെയും ചില വിജയങ്ങൾ നമുക്ക് അവകാശമാക്കാനും അതിന്റെ പേരിൽ അഭിമാനിക്കാനും നമുക്ക് സാധിക്കും. ചിലർ നമ്മെ വല്ലാതെ അവഗണിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യുന്നവരായിരിക്കും.
ഓ, അവന് അതൊന്നും സാധിക്കില്ല,അവന് അത്രയുമേ പറ്റൂ.. എന്നൊക്കെയുള്ള ചില രീതികളിൽ നമ്മുടെ സാധ്യതകൾക്കും കഴിവുകൾക്കും അതിർവരമ്പുകൾ നിശ്ചയിക്കുന്നവരാണ് അവർ. ഇത്തരം ചില വിധിപ്രസ്താവങ്ങൾ കേട്ട് മനസ്സു മടുക്കാതെയും പിന്തിരിയാതെയും അത്തരം കാര്യങ്ങൾ ചെയ്തുകൊടുത്തും അതിൽ വിജയിച്ചും കാണിച്ചുകൊടുക്കുക എന്നതാണ് അതിലൊരു മാർഗം.
ചിലർ നമ്മെ എപ്പോഴും നിരാശരും സങ്കടപ്പെട്ടവരും പരാജിതരുമായി കാണാനാണ് ആഗ്രഹിക്കുന്നത്. അത്തരക്കാരുടെ മുമ്പിൽ ഏറ്റവും സന്തോഷത്തോടെ ജീവിക്കുക. സന്തോഷവാന്മാരായിരിക്കുക. ഇതിലൂടെ നമ്മുടെ എതിരാളികൾ പരാജിതരാകും.
അന്യായമായ ദ്രോഹങ്ങൾക്ക് നമ്മെ ഇരകളാക്കിയിട്ടുള്ള ചില വ്യക്തികളുണ്ട്. നമ്മെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നവരും സൽപ്പേരു നശിപ്പിക്കുന്നവരും.നമുക്ക് അവരുടെ കുപ്രചരണങ്ങളെ അവസാനിപ്പിക്കാൻ സാധിക്കുകയില്ല. എന്നാൽ ആ കുപ്രചരണങ്ങളുടെപേരിൽ അവരോട് ശത്രുത പുലർത്താതിരിക്കുക. അവരെ അതിനു പ്രേരിപ്പിച്ചത് നമ്മോടുള്ള അസൂയയാണെന്നും നമ്മുടെ വളർച്ചയിലുളള അസഹിഷ്ണുതയാണെന്നും മനസ്സിലാക്കിക്കഴിഞ്ഞാൽ അവിടെ വിജയിക്കുന്നത് നമ്മളാണ്. മാത്രവുമല്ല ഏതെങ്കിലും ഒരു സന്ദർഭത്തിൽ ആ വ്യക്തിയെ സഹായിക്കേണ്ടതായ സാഹചര്യം നമുക്ക് ഒത്തുവന്നാൽ അയാളെ സഹായിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക. തീർച്ചയായും അത് അയാളുടെ പരാജയവും നമ്മുടെ വിജയവുമായിരിക്കും.