എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,
എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ് നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിച്ചത്.
ഡ്രൈവിംങ് ലൈസസ് കിട്ടുന്നതിന് മുമ്പ് എത്രയോ തവണ നമ്മൾ പരാജയപ്പെട്ടിട്ടുണ്ട്
നീന്തൽപഠിച്ചെടുക്കുന്നതിനിടയിൽ നാം എത്രയോ വട്ടം വെള്ളം കുടിച്ചിട്ടുണ്ട്.
പിന്നീട് വിജയമായി മാറിയ ഓരോ പരാജയങ്ങളെയും നമ്മൾ ന്യായീകരിക്കുന്നതു ഇതുപോലെയുളള ചില ഉദാഹരണങ്ങൾ നിരത്തിയാണ്. അവയൊക്കെ ശരിയുമാണ്. പക്ഷേ തെറ്റിപ്പോകുന്ന ചില ഉദാഹരണങ്ങളുമുണ്ട്.
വീണിട്ട് എണീല്ക്കുന്നുവെന്ന ഉദാഹരണങ്ങൾ മരംകയറ്റവുമായി ബന്ധപ്പെട്ടു ചിന്തിച്ചാൽ തെറ്റാണെന്ന് പറയേണ്ടിവരും.മരത്തിൽ നിന്ന് വീണതിനു ശേഷമല്ല ആരും മരംകയറ്റം പഠിച്ചത്. എത്ര തവണ മരത്തിൽ നിന്ന് വീണിട്ടാണ് മരംകയറ്റം പഠിച്ചത് എന്ന് ആരും പറയില്ല. കാരണം മരത്തിൽ നിന്ന് വീണുകഴിഞ്ഞാൽ ഒന്നുകിൽ മരണം അല്ലെങ്കിൽ ഗുരുതരമായ അപകടം. ഇത് രണ്ടുമല്ലാതെ മറ്റൊരു സാധ്യത ഇല്ല.
പറഞ്ഞുവരുന്നത് ഇതാണ്. ജീവിതത്തിലേക്ക് സ്വീകരിക്കാൻ കഴിയുന്നവയല്ല അല്ലെങ്കിൽ മികച്ച പാഠങ്ങളായി എടുക്കേണ്ടവയല്ല ചുറ്റിനും നടക്കുന്ന പല വിശദീകരണങ്ങളും. എല്ലാ ഉപമകളും എല്ലാ ഉദാഹരണങ്ങളും എല്ലാ സാഹചര്യങ്ങളിലും പ്രായോഗികമല്ല.
നമുക്കെവിടെയാണോ റിലേറ്റ് ചെയ്യാൻ കഴിയുന്നത്,
നമുക്കെവിടെയാണോ തിരുത്തലുണ്ടാവേണ്ടത് അതാണ് നാം സ്വീകരിക്കേണ്ടത്. യുക്തിസഹമല്ലാത്ത പോസിറ്റിവിറ്റികൾ ജീവിതത്തിൽ നിന്നു ഉപേക്ഷിക്കുക.