ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ കവചമാണ് ശരീരത്തിൽപ്രവർത്തിക്കുന്ന രോഗപ്രതിരോധ സംവിധാനം.
രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നവയാണ് പോഷകാഹാരം. പോഷകാഹാരക്കുറവാണ് പലപ്പോഴും രോഗങ്ങൾക്ക് കാരണമാകുന്നത്. അതുകൊണ്ട് സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. വൈറ്റമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്. ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നാണ് വിറ്റാമിൻ സി. ചീത്ത കൊളസ്ട്രോളിന്റെ ഓക്സീകരണം തടയാനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും വിറ്റാമിൻ സി സഹായിക്കും. വിറ്റാമിൻ സി ശരീരത്തിന് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. അതുകൊണ്ട് ചില പ്രത്യേകവിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റമിൻ സി ലഭിക്കാനും അതുവഴി പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിനായി ഉൾപ്പെടുത്തേണ്ട ചില വിഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കാം.
കിവിപ്പഴം
വിറ്റമിൻ സി ധാരാളമുള്ള കിവിപ്പഴത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ചർമ്മാരോഗ്യം, ഹൃദയാരോഗ്യം എന്നിവയ്ക്കും അത്യുത്തമം.
സ്ട്രോബറി
ആന്റി ഓക്സിഡന്റുകൾ, ഫ്ളേവനോയിഡുകൾ എന്നിവ അടങ്ങിയിട്ടുള്ള സ്ട്രോബറി പ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നു മാത്രമല്ല കൊളാജൻ ഉല്പാദിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും
കാപ്സിക്കം
ചുവന്ന കാപ്സിക്കത്തിൽ 127 മൈക്രോഗ്രാം വിറ്റാമിൻ സി യാണുള്ളത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതേറെ സഹായകരമാണ്.
പേരയ്ക്ക
ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള പേരയ്ക്കയിൽ വിറ്റമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. അണുക്കളോട് പോരാടാൻ കഴിവുള്ളതിനാൽ അവ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.
പപ്പായ, ചുവന്ന മുളക് എന്നിവയാണ് മറ്റ് രണ്ടു വിഭവങ്ങൾ. പപ്പായ ദഹനം മെച്ചപ്പെടുത്തുകയും ചർമ്മാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. രക്തചംക്രമണം മെച്ചപ്പെടുത്താൻ ചുവന്ന മുളകിന് കഴിവുണ്ട്.
(കടപ്പാട്: ഇന്റർനെറ്റ്)