പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്ന്. ഈ ലോകത്തിന്റെ താളവും തുടിപ്പും പ്രതീ ക്ഷയാണ്. പ്രതീക്ഷയില്ലായിരുന്നുവെങ്കിൽ മറ്റൊ രാളുടെ മുഖത്തുനോക്കി ചിരിക്കാൻ പോലും നമു ക്കാവുമായിരുന്നില്ല.
പ്രതീക്ഷകളെ വീണ്ടെടുക്കുക എന്നതാണ് നാം നമ്മോടുതന്നെ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. പ്രതീക്ഷകളെ വീണ്ടെടുക്കാൻ മറ്റൊരാളെ സഹായിക്കുക എന്നതാണ് നാം മറ്റുളളവർക്ക് ചെയ്യേണ്ട വലിയ കാര്യം.
കഴിഞ്ഞ ഏഴു വർഷമായി വായനക്കാരെ അവരുടെ പ്രതീക്ഷകൾ വീണ്ടെടുക്കാൻ ചെറിയ രീതിയിൽ സഹായിക്കുന്ന പ്രസിദ്ധീകരണമാണ് ഒപ്പം. എട്ടാം വർഷത്തിലേക്കാണ് ഒപ്പം ഈ മാസം പ്രവേശിക്കുന്നത്.
ഇക്കാലത്തിനിടയിൽ ഒരുപാടുപേരുടെ ജീവിതങ്ങളിൽ പ്രതീക്ഷയും സന്തോഷവും നല്കാൻ ഞങ്ങളുടെ ടീമിന് സാധിച്ചിട്ടുണ്ട് എന്നത് ഏറ്റവും അഭിമാനത്തോടുകൂടിയാണ് ഇവിടെ ഓർമ്മിക്കുന്നത്. പലരുടെയും നല്ലവാക്കുകൾ വെളിപ്പെടുത്തിത്തന്നതാണ് അത്. ഇതുവരെ ഒപ്പ മുണ്ടായിരുന്നവർക്കെല്ലാം നന്ദി.
കാഴ്ചയുടെ പരിധിയാണ് പ്രതീക്ഷകളെ പരിമിതപ്പെടുത്തുന്നത്. കാഴ്ചകൾക്കപ്പുറം കാഴ്ച പ്പാടുകൾ ഉണ്ടാവുമ്പോൾ പ്രതീക്ഷകളുടെ ലോകം വിശാലമാകും. ജീവിതത്തിലെ ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രതീ ക്ഷകൾ നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കാം. പ്രതീ ക്ഷയില്ലെങ്കിൽ പിന്നെന്തു ജീവിതം!
ആശംസകളോടെ
വിനായക് നിർമ്മൽ