എനിക്കു മാത്രമെന്തേ ഇങ്ങനെ? ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം ചിന്തിക്കാത്ത, ഈ ചോദ്യം ചോദിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? ഈ ചോദ്യം ചോദിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, പ്രശ്നങ്ങൾ നേരിടുന്ന, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല നിങ്ങൾ. എല്ലാ മനുഷ്യർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പ്രശ്നങ്ങളുണ്ട്. പരസ്യമായ ചില പ്രശ്നങ്ങൾ മാത്രമേ എല്ലാവരും അറിയുന്നുള്ളൂവെന്നേയുള്ളൂ. എങ്കിലും താന്താങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടാണ് ഭൂരിപക്ഷം പേരും ഈ ലോകത്തിലൂടെ കടന്നുപോകുന്നത്. ഓരോരുത്തർക്കും അവനവരുടെ പ്രശ്നമാണ് ഏറ്റവും വലുത്. എന്നാൽ ഇത്തിരി അകന്നുനിന്ന് നോക്കുമ്പോൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ വലുതും നമ്മുടേതും ചെറുതുമായി തോന്നിയെന്നും വരാം.
മരിച്ചുപോയവർക്കു മാത്രമാണ് പ്രശ്നങ്ങളില്ലാത്തത്. പ്രശ്നങ്ങളുണ്ടാകുന്നത് നാം ജീവിച്ചിരിക്കുന്നതുകൊണ്ടാണ്. അതുപോലെ തന്നെ തലച്ചോർ പ്രവർത്തിക്കുന്നതുകൊണ്ടാണ് പല പ്രശ്നങ്ങളെയും നാം തിരിച്ചറിയുന്നത്. നല്ല രീതിയിൽ തലച്ചോർ പ്രവർത്തിക്കുകയും നമുക്ക് ബുദ്ധിയും വിവേചനശേഷിയും ഉള്ളതുകൊണ്ടുമാണ് പ്രശ്നങ്ങൾ ഉണ്ടെന്ന് നാം മനസ്സിലാക്കുന്നത്. തന്നെ. അപകടങ്ങളെ മുൻകൂട്ടി കാണാൻ കഴിയുന്നത്, മുൻകരുതലുകൾ എടുക്കാൻ കഴിയുന്നത് എല്ലാം തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതുകൊണ്ടാണ്.
എല്ലാവിധത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരങ്ങളുണ്ട്. ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ സമയം എടുത്തേക്കാമെന്നുമാത്രം. പ്രശ്നങ്ങളുണ്ടാകുമ്പോൾ മറ്റ് ചില ഗുണങ്ങൾ കൂടിയുണ്ട്. അതെങ്ങനെ പരിഹരിക്കും എന്ന് നാം പഠിക്കും. നമ്മുടെ കഴിവും സാഹചര്യങ്ങളും ആ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി പ്രയോജനപ്പെടുത്താനുള്ള കഴിവും നമുക്കുണ്ടാകും. കൂടാതെ പ്രശ്നങ്ങളുണ്ടാകുമ്പോൾ ആരൊക്കെയാണ് കൂടെയുണ്ടാവുന്നത് എന്ന് തിരിച്ചറിയുകയും ചെയ്യും.
പ്രശ്നം ഒരു പാഠമാണ്; സാധ്യതയും.