2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ആ വ്യക്തി ഉൾക്കൊള്ളുന്ന കുടുംബത്തെയും, സമൂഹത്തെയും രാഷ്ട്രത്തെയും സ്വാധീനിക്കുന്നുണ്ടെന്ന് ഈ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ നമ്മുടെ സമൂഹം, മാനസിക ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യം എന്ന തിരിച്ചറിവ് നമ്മുടെ സമൂഹത്തിന് ഇല്ല. ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നുവെന്ന പഠനങ്ങൾ നിലവിലുണ്ട്. മാനസികമായി തളർന്ന ഒരു വ്യക്തി വൈകാതെ നിരവധി ശാരീരിക ആരോഗ്യപ്രശ്‌നങ്ങളിലൂടെയും കടന്നുപോകുന്നു. അതുകൊണ്ടുതന്നെ സംഘർഷങ്ങളുടെയും സമ്മർദ്ദങ്ങളുടെയും ഈ ആധുനിക കാലഘട്ടത്തിൽ വ്യക്തികളുടെ മാനസികാരോഗ്യത്തിന് വേണ്ടത്ര ഊന്നൽ നൽകിയേ മതിയാകൂ.
2015-16 കാലയളവിൽ നടന്ന നാഷണൽ മെന്റൽ ഹെൽത്ത് സർവേയുടെ കണക്ക് ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. രാജ്യത്തെ മുതിർന്ന വ്യക്തികളിൽ 10.6% ആളുകൾ വിവിധ മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നു എന്ന് സർവ്വേ വ്യക്തമാക്കുന്നു.
2024-25 കാലയളവിൽ തീർച്ചയായും ഇത് പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ടാകണം. അമിത ഉത്കണ്ഠ, വിഷാദം, മാനസിക സമ്മർദ്ദം, ഇവയെല്ലാം തീർച്ചയായും ഉത്പാദനക്ഷമതയെ സാരമായി ബാധിക്കും എന്നതിൽ സംശയമില്ല. ഇത് ഒരാളുടെ വ്യക്തി ജീവിതത്തെ മാത്രമല്ല ബാധിക്കുക. കുടുംബത്തിന്റെയും രാഷ്ട്രത്തിന്റെയും സാമ്പത്തിക വ്യവസ്ഥയെ ഏറെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. ഇത്തരത്തിൽ സാമ്പത്തിക അടിത്തറയുടെ താളം തെറ്റുമ്പോൾ, വ്യക്തികൾക്ക് കൂടുതൽ മാനസികപ്രയാസങ്ങൾ ഉണ്ടാകുന്നു. ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും വരെ അത് നീണ്ടു പോകും. ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ശക്തി മാനവവിഭവശേഷിയാ ണെന്നിരിക്കെ , പൗരന്മാരുടെ മാനസികാരോഗ്യത്തിന് നേരെ കണ്ണടക്കാൻ ഭരണകൂടങ്ങൾക്കാവില്ല. ദേശീയ സാമ്പത്തിക സർവേയിൽ മാത്രം ഒതുങ്ങേണ്ടതല്ല വ്യക്തികളുടെ മാനസികാരോഗ്യം. എല്ലാം മേഖലകളിലും ഈ പഠനം നടക്കേണ്ടതുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിമെല്ലാം ഇത്തരം പഠനങ്ങൾ നടത്തുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും വേണം.
മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നായിത്തന്നെ മാനസിക ആരോഗ്യത്തെ കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. സൈക്കാട്രിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും സേവനം എല്ലാം മേഖലയിലും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കണം. പഞ്ചായത്ത് തലം മുതൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണം. ഓരോ പഞ്ചായത്തിലെയും ഹോമിയോ,ആയുർവേദ, ഡിസ്‌പെൻസറികളിലും പി എച്ച് സി യിലും സൈക്കോളജിസ്റ്റുകളുടെ യോ കൗൺസിലർമാരുടെയോ സേവനം ഉണ്ടാകേണ്ടതുണ്ട്.
ഇതിലെല്ലാം ഉപരി, മാനസിക ആരോഗ്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്നത് പ്രധാനപ്പെട്ടതാണ്. പല കുടുംബ വഴക്കുകളുടെയും പിന്നിൽ ഈഗോയും മറ്റുമാണെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നതിന് പകരം, കുടുംബാംഗങ്ങളുടെ മാനസിക ആരോഗ്യം വിലയിരുത്തപ്പെടണം. മാനസിക ആരോഗ്യപ്രശ്‌നങ്ങളുടെ ഇരകൾ മുതിർന്നവരാണെന്ന് മാത്രം ധരിക്കരുത്. നമ്മുടെ കൊച്ചു കുട്ടികൾ വരെ ഇന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ജീവിക്കുന്നത്. മുൻപ് കളിച്ചും ചിരിച്ചും മാവിൽ എറിഞ്ഞും ജീവിച്ച ബാല്യം ഇന്നില്ല. ഇന്ന് മത്സരങ്ങളുടെ ലോകത്താണ് നമ്മുടെ കുഞ്ഞുങ്ങൾ ജീവിക്കുന്നത്. പഠനത്തിലും പാഠ്യേതര മേഖലയിലും മക്കളെ ഒന്നാമത് എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്. മക്കളെ എന്തിലും ഏതിലും ഒന്നാമതെത്തിക്കാനുള്ള വ്യഗ്രതയിൽ അവർക്ക് നഷ്ടമാകുന്ന സ്വതസിദ്ധമായ ബാല്യകാല ചാപല്യങ്ങളെ നമ്മൾ തിരിച്ചറിയുന്നില്ല. പെർഫെക്ഷനിസ്റ്റുകളെ സൃഷ്ടിക്കുന്ന ഈ കാലത്ത് മക്കൾക്ക് തോൽക്കാൻ അവസരം ലഭിക്കുന്നില്ല. നിസ്സാര കാര്യങ്ങളിൽ പോലും അപമാനം കാണുന്ന പുതിയ തലമുറ എന്തിനോടും അസഹിഷ്ണുതയുള്ളവരായി മാറുന്നു. അധ്യാപകരോ മാതാപിതാക്കളോ, ഒന്നു വഴക്കു പറഞ്ഞാൽപോലും അപമാനിക്കപ്പെട്ടതായി നമ്മുടെ കുഞ്ഞുങ്ങൾ കരുതുന്നു.
പോഷകാഹാരങ്ങൾ ആവശ്യത്തിലധികം നൽകി കുട്ടികളുടെ ശാരീരിക ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന സൈബർ യുഗത്തിലെ വിദ്യാസമ്പന്നരായ മാതാപിതാക്കൾ മക്കളുടെ മാനസിക ആരോഗ്യത്തിന് തെല്ലും പ്രാധാന്യം നൽകുന്നില്ല. പഠനഭാരവും സമ്മർദ്ദവും നമ്മുടെ കുഞ്ഞുങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അച്ചടക്കത്തിന്റെ പേരിൽ നമ്മുടെ പല വിദ്യാലയങ്ങളും കുട്ടികൾക്ക് നൽകുന്നമാനസിക സമ്മർദ്ദം ചെറുതല്ല. അവർക്ക് ചെറിയ വീഴ്ചകൾ ഉണ്ടാകട്ടെ, അവർ ചില അബദ്ധങ്ങൾ ചെയ്യട്ടെ, അവർക്ക് തെറ്റുകൾ പറ്റട്ടെ, ഇടയ്‌ക്കെങ്കിലും അവർ തോൽക്കട്ടെ… അങ്ങനെ അവർ ജീവിക്കാൻ പഠിക്കട്ടെ.
സ്‌കൂളിലെ പഠനം, ട്യൂഷൻ ക്ലാസിലെ പഠനം, കൂടാതെ എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിൽ ഉള്ള പരിശീലനം ഇതെല്ലാം നിങ്ങളുടെ മക്കളെ മിടുക്കരാക്കും എന്നതിൽ സംശയമില്ല. എന്നാൽ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയാണോ എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ‘സ്‌കൂൾ ഒരു സെൻട്രൽ ജയിലിനെക്കാൾ കഷ്ടമാണ് എന്റെ സ്‌കൂൾ,ക്ലാസിൽ വർത്തമാനം പറയാൻ പാടില്ല, എന്തിന് ഇപ്പോൾ വരാന്തയിൽ പോലും വർത്തമാനം പറയാൻ പാടില്ല, ഒന്നിടവിട്ട് വരുന്ന ആഴ്ചകളിൽ ആകെയുള്ള ഒരു പി ടി പിരീഡ് കട്ട് ചെയ്യുക എന്നതാണ് ഏതു തെറ്റിനും ഉള്ള ശിക്ഷ എന്ന് വേദനയോടെ ഒരു കുട്ടി പങ്കുവെച്ചത് ഓർക്കുന്നു. കളിച്ചു ചിരിച്ചു നടക്കേണ്ട ബാല്യങ്ങളെ, ഭാവിയിൽ ഒരു രാഷ്ട്രത്തിന്റെ കരുത്തായി മാറേണ്ട വിദ്യാർത്ഥികളെ, പ്രതികരണശേഷിയില്ലാത്തവരും നിഷ്‌ക്രിയരുമായി നാം മാറ്റുന്നുണ്ടോ എന്ന് ഗൗരവത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനെല്ലാം പുറമേ, ഈ സമ്മർദ്ദങ്ങളെ മറികടക്കാൻ നമ്മുടെ കുഞ്ഞുങ്ങൾ കണ്ടെത്തുന്ന പ്രതിവിധി പലപ്പോഴും മൊബൈൽ ഗെയിം പോലുള്ള മറ്റ് കെണികളായിരിക്കും. വൈകാതെ ഇതിന്റെ പ്രത്യാഘാതങ്ങളും നേരിടേണ്ടതായി വരുന്നു. സ്‌കൂളുകളിൽ കൗൺസിലർമാരെ നിയമിക്കണം എന്നും മറ്റുമുള്ള പഠനങ്ങളെ നാം എത്രത്തോളം ഗൗരവത്തിൽ എടുത്തിട്ടുണ്ട് എന്നുകൂടി പരിശോധിക്കണം. ഉൾക്കരുത്ത് കണ്ടെത്തിയ, ആത്മവിശ്വാസമുള്ള, ഒരു തലമുറയാണ് നമുക്ക് ആവശ്യം. അത് മുതിർന്നവരുടെ കാര്യത്തിലായാലും കുട്ടികളുടെ കാര്യത്തിലായാലും ഒന്നുപോലെ തന്നെയാണ്.
ആരോഗ്യമേഖലയിൽ അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കുന്ന ഒരു സമൂഹമായി നാം മാറുമ്പോഴും മാനസികാരോഗ്യമേഖല നമുക്കൊരു വെല്ലുവിളി തന്നെയാണ്. അത് തിരിച്ചറിഞ്ഞ് മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന തീരുമാനങ്ങൾക്കും പഠനങ്ങൾക്കും ഭരണകൂടങ്ങൾ തയ്യാറാകട്ടെ.
സുജമോൾ ജോസ്