നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്- അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ പേരു കേൾക്കുമ്പോൾ, മുഖം ഓർമ്മിക്കുമ്പോൾ അവർ നമുക്കു നല്കിയ വികാരം മനസ്സിലേക്ക് വരുന്നത്. അമിതചിന്തകൾ ഒരിക്കലും ഗുണം ചെയ്യുന്നവയല്ല. അമിതമായി ചിന്തിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നില്ല, എന്നാൽ പുതിയ പല പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടാനും അമിതചിന്തകൾ കാരണമാവാം.
ഭയം മൂലം പല കാര്യങ്ങളും ചെയ്യാൻ നാം മടിക്കുന്നു. എന്നാൽ ഇപ്രകാരം ചെയ്യാൻ നാം മടിക്കുന്ന കാര്യങ്ങളാണ് പലപ്പോഴും ഏറ്റവും വലിയ വളർച്ചയിലേക്ക് നയിക്കുന്നവയായി മാറുന്നത്. ഭയപ്പെട്ടു നിന്നാൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. ഭയക്കുന്നതെന്തോ അതു ചെയ്യുക. അപ്പോൾ വിജയിക്കാൻ കഴിയും.
പുറത്തുകാണുന്നതല്ല സന്തോഷം. ഒരാൾ ചിരിക്കുന്നുവെന്നതുകൊണ്ട് അയാളുടെ ഉള്ളിൽ സന്തോഷം ഉണ്ടായിരിക്കണമെന്നില്ല. സന്തോഷങ്ങൾ മനസ്സുകളിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരാളോട് ക്ഷമിക്കുന്നത് അവർക്ക് നാം കൊടുക്കുന്ന സൗജന്യമല്ല. അവരെ സ്വതന്ത്രരാക്കുകയുമല്ല. അവരെ സ്വതന്ത്രരാക്കുന്നതിനെക്കാൾ ക്ഷമിക്കുന്നതിലൂടെ നാം നമ്മെ തന്നെ സ്വതന്ത്രരാക്കുകയാണ് ചെയ്യുന്നത്.
ജീവിതം എല്ലായ്പ്പോഴും ആസൂത്രണം ചെയ്തതുപോലെ പോകില്ല, അത് അപ്രതീക്ഷിതമായ പലതും നമുക്കുവച്ചുനീട്ടുന്നു.
നെഗറ്റീവ് ആളുകൾ നിങ്ങളിൽ നിന്ന് ജീവിതം വലിച്ചെടുക്കുന്നു അതുകൊണ്ട് നിങ്ങളുടെ ബന്ധങ്ങളെ വിവേകത്തോടെ തിരഞ്ഞെടുക്കുക.നന്ദിയുള്ള ഒരു ഹൃദയം ചെറിയ കാര്യങ്ങളെ പോലും അനുഗ്രഹങ്ങളാക്കി മാറ്റുന്നു.നിങ്ങൾ സ്വയം ആവർത്തിച്ച് പറയുന്നതെന്തും, നിങ്ങളുടെ മനസ്സ് വിശ്വസിക്കും. നല്ലതുപറയുക, നല്ലതു ചിന്തിക്കുക, നല്ലതു ജീവിതത്തിൽ സംഭവിക്കും.
പരാജയപ്പെടുക എന്നതിനർത്ഥം നിങ്ങൾ ദുർബലനാണെന്നല്ല നിങ്ങൾ ശ്രമിക്കുന്നു എന്നാണ്. പരാജയപ്പെട്ടുവെന്നതുകൊണ്ട് ഒന്നും അവസാനിപ്പിക്കാതിരിക്കുക.