മറന്ന് മറന്ന്…

Date:



“Man is a bundle of Memories’ –  ഒരു കൂട്ടം ഓർമ്മകളുടെ ആകെത്തുകയാണ് മനുഷ്യൻ
ജ്ഞാനഭാരം : ഇ സന്തോഷ് കുമാർ.

ഗൃഹാതുരത്വത്തിന്റെ ഓട്ടോഗ്രാഫ് പേജുകളിൽ 90കളുടെ അവസാനം വരെ യൗവനം  നൊമ്പരപ്പെട്ടു. ‘ഓർക്കുക വല്ലപ്പോഴും’. വർഷങ്ങൾക്കിപ്പുറം ഓർമ്മകളും പഴയ കടലാസ്സുകളും തെരഞ്ഞുക്കൊണ്ടിരിക്കുമ്പോൾ കണ്ടുകിട്ടിയ ഓട്ടോഗ്രാഫിന്റെ നിറം മങ്ങിയ പേജുകളിൽ അതെഴുതിയതാരാണെന്ന് പക്ഷെ മറന്നുപോയി.
നീയെന്നെ മറക്കുമോ?

മൊബൈലുകൾ നമ്മുടെ ജീവിതത്തെ തട്ടിയെടുക്കുന്ന കാലം വരെ  എല്ലാ കലാശാലകളുടെയും, നാട്ടുവഴികളുടെയും മാഞ്ചോടുകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ടതും ഇത് തന്നെയാകും, നീയെന്നെ മറക്കുമോ? നിന്റെ ഓർമ്മകളിൽ ഞാനില്ലായെങ്കിൽ പിന്നെ എനിക്ക് ജീവിതം എവിടെയെന്ന് ആകുലപ്പെട്ടാണ് ആ മനുഷ്യരെല്ലാം നെടുവീർ പ്പെട്ടത്. എന്റെ അസ്തിത്വം നിന്റെ ഓർമ്മകളുടെ ആയുസ്സിൽ ഒടുങ്ങുമെന്ന ഭീതി അവനെ കവിയാക്കി, വിപ്ലവകാരിയാക്കി, ചിന്തകനാക്കി പലപ്പോഴും ഒന്നുമല്ലാതെയുമാക്കി. 

‘എന്നെ നിങ്ങൾ മറന്നുപോകുമോ’ എന്ന ഭയം പോലെ തന്നെ ഭീതികരമാണല്ലോ, ‘ഞാനെല്ലാം മറന്നുപോകുമോ’ എന്നതും. സ്മൃതിയിൽ നിന്നും ഒരക്ഷരം കുറഞ്ഞാൽ അത് മൃതിയാണല്ലോ. സ്മൃതിഭ്രംശം വന്നുകഴിഞ്ഞാൽ പിന്നെ ജീവിക്കുന്നതും മരിക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. മനുഷ്യൻ ജീവിക്കുന്നത് മണ്ണിലല്ല, ഓർമകളിലാണ് എന്നാശ്വസിപ്പിച്ച ചങ്ങാതിക്ക് സ്തുതിയായിരിക്കട്ടെ. ഓർമ്മകൾ നഷ്ടപ്പെട്ട്, ‘ഞാൻ ആരെന്നും നീയാരെന്നും’ ഖേദപ്പെടുന്ന കാലത്തിലേക്ക് കാൽ നീട്ടിയിരിക്കേണ്ടിവരുന്ന  കാലം ഇനിയും അധിക ദൂരത്തൊന്നുമല്ല.  

വികെഎന്നിന്റെ രാജാവ് സ്വയം നഷ്ടപ്പെട്ട്, കാണാൻ വന്നവരോടും തന്നെ തേടിവന്ന  എല്ലാ വർ ത്തമാനങ്ങളോടും ചിരിച്ചുക്കൊണ്ട് ഒരേയൊരു  വാക്യം മാത്രം ഉരുവിട്ടുക്കൊണ്ടിരുന്നു: ‘നന്നായി… ആരാ?’ അങ്ങനെ തന്നെ ചോദിച്ചിരിക്കെ, ടിയാൻ ദിവംഗതനായി- നാണ്വാരുടെ ഭാഷയിൽ പറഞ്ഞാൽ ‘കെളവൻ ബക്കറ്റ് ചവിട്ടിമറിച്ചു’  He kicked the Bucket!

‘എന്റെ കുഞ്ഞിനെ ഞാൻ മറന്നുപോകുമോ’ എന്ന് മാത്രം അവസാനകാലങ്ങളിൽ മരണകിടക്കയിൽ വ്യാകുലപെട്ടുക്കൊണ്ടിരുന്ന സുഹൃത്തിന്റെ അച്ഛനെ ഓർക്കുന്നു. ഏറെ വർഷങ്ങൾക്കും മുമ്പ്, അന്ന് എട്ടുവയസ് പ്രായമുള്ള മകനെയുംകൂട്ടി ആശുപത്രിയിൽ പോയി മടങ്ങിവരുന്ന വഴിയിൽ, മരണം ‘വെട്ടുകല്ല് കൊണ്ടുവരുന്ന കൈ വണ്ടിയുടെ’ രൂപത്തിൽ അയാളിൽ നിന്നും  ഇളയമകനെ തട്ടിയെടുത്തു. ആ അപകടത്തിന്റെ പരുക്കും പേറി ജീവിച്ചിരുന്ന കാലമത്രയും അയാൾ ആ കുഞ്ഞിനെ ഓർത്തുക്കൊണ്ടേയിരുന്നു. സംഭവം കഴിഞ്ഞ് മുപ്പത് വർഷങ്ങൾക്കിപ്പുറവും അച്ഛന് തന്റെ ഇളയകുഞ്ഞിനെ അങ്ങനെ മറന്നുകളയാൻ ഒക്കുമോ? കൂട്ടുകാരൻ പറയും, എനിക്ക് പോലും ഒരു മങ്ങിയ ഓർമ്മയാണ് അവൻ. അന്നൊന്നും ഫോട്ടോ എടുത്തുവയ്ക്കാൻ നമുക്ക് വല്ല പാങ്ങുമുണ്ടോ? ഉണ്ടായിരുന്നെങ്കിൽ അച്ഛന്റെ അടുത്ത് തന്നെ ഞാൻ ആ ഫോട്ടോ വച്ചുക്കൊടുത്തെനെ, ഒരാശ്വാസത്തിന്!’ കണ്ണ് നിറയാതെ അയാളത് പറയുന്നത് ഇപ്പോഴും ചെവിയിൽ കേൾക്കാം. ആ  കുഞ്ഞുമകനെ, അവനെ കുറിച്ചുള്ള ഓർമ്മകളെ  മറന്നുപോകുമോ എന്ന ഭയത്തിലും ആകുലതയിലും തന്നെ ആ വൃദ്ധൻ കടന്നുപോയി. 

മറന്നുപോകുമോ എന്നുള്ളത് തന്നെയാണ് വാർധക്യത്തിലെ ഏറ്റവും വലിയ ഭയം.

വിഖ്യാത അർജന്റീനിയൻ എഴുത്തുകാരനായ ഹോർഹെ ബോർഗെസ്‌ന്റെ വലിയ ഭയങ്ങളിൽ ഒന്ന് ഓർമ്മകൾക്ക് മുകളിൽ വന്നുവീഴാൻ പോകുന്ന മറവിയുടെ കരിമ്പടത്തെക്കുറിച്ചായിരുന്നു. ഹോർഹെസിന്റെ കാഴ്ചകളുടെ ലോകം ഇരുട്ടായിമാറിയ കാലഘട്ടത്തിൽ തന്നെയാണ് അദ്ദേഹം In Search of Lost Time  മാഞ്ഞുപോകുന്ന ഓർമ്മകളെക്കുറിച്ചെഴുതിയത്. ഓർമ്മകളുടെ കുത്തൊഴുക്കിനെ ഭയന്ന ഹോർഹെ കുലംകുത്തിയോഴുകുന്ന പുഴപോലെ എന്നെന്നേയ്ക്കുമായി തന്റെ ഓർമ്മകളെ തന്നിൽ നിന്നും കാലം നഷ്ടപ്പെടുത്തും എന്നുള്ള വ്യഥ പങ്കുവച്ചുക്കൊണ്ടെയിരുന്നു.

മാഴ്‌സൽ പ്രൌസ്റ്റും In Search of Lost Time ൽ തന്നിൽ നിന്നും വഴുതിമാറുന്ന  ഓർമ്മകളെ നോക്കി വിലപിച്ചുക്കൊണ്ടെയിരുന്നു. ഏറ്റവും വലിയ ഭയം ‘ ഞാൻ എല്ലാം മറന്നുപോകുന്നു’ എന്നതാണ് എന്നദ്ദേഹം കുറിച്ചു കൊണ്ടിരുന്നു.

വലിയ നർത്തകിയും സിനിമാലോകത്തെ വിസ്മയവുമായിരുന്ന ഒരു വലിയ നടി താൻ നൃത്തം ചെയ്യുന്നതെങ്ങനെയെന്ന് മറന്നുപോയി’ എന്ന് കരഞ്ഞത് ഈ കഴിഞ്ഞ നാളുകളിൽ അല്ലേ.  

മറവിയുടെ മായാക്കയങ്ങളിലേക്ക് മറഞ്ഞുപോകുന്നതിനും മുമ്പ് കണ്ണ് കൊണ്ടും കാമറാ കണ്ണുകൾക്കൊണ്ടുമൊക്കെ നമ്മൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതും ഇതേ ഓർമ്മകൾ തന്നെയാണ്, അല്ലെങ്കിൽ ‘എല്ലാം ഞാൻ മറന്നുപോകുമോ’ എന്ന പുരാതന ഭയം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതും.
 ‘ആ മരത്തെയും മറന്ന് മറന്ന് ഞാൻ’ (K.R Meera) എന്ന് വിലപിക്കുന്നത് രാധിക മാത്രമല്ലല്ലോ! 

സന്തോഷ് ചുങ്കത്ത്

More like this
Related

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു...
error: Content is protected !!