അഹമ്മദാബാദിലെ വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് ‘മെയ്‌ഡേ'(Mayday) എന്നതാണ്. ആകാശ വാഹനങ്ങളും കടലിലെ യാത്ര സംവിധാനങ്ങളും അപകടത്തിൽ പെടുമ്പോൾ അത് പുറംലോകത്തെ അറിയിക്കുവാനായി അടിയന്തര സാഹചര്യത്തിൽ പുറപ്പെടുവിക്കുന്ന ഒരു വാക്കാണ് ‘മെയ്‌ഡേ’. ഫ്രഞ്ച് വേരുകളുള്ള (m’aidesz) ഈ വാക്കിന്റെ അർത്ഥം ‘എന്നെ സഹായിക്കൂ'(Help me) എന്നുള്ളതാണ് . അത്രമേൽ ആപത്ക്കരമായ സാഹചര്യത്തിൽ മൂന്ന് പ്രാവശ്യം ഈ വാക്ക് വാക്ക് വാഹനത്തെ നിയന്ത്രിക്കുന്നവർ പുറപ്പെടുവിക്കുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിലും അവസാന സന്ദേശമായി പൈലറ്റ് ഇതാവർത്തിച്ചു എന്നാണ് പറയപ്പെടുന്നത്.
ജീവൻ പോലും അപായപ്പെടാവുന്ന വളരെ അടിയന്തരമായ സാഹചര്യത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ് ‘മെയ് ഡേ വിളി’ (Mayday Call). ആ അർത്ഥത്തിൽ വിമാനത്തിൽ നിന്നും കപ്പലുകളിൽ നിന്നും മാത്രമല്ല ലോകമെമ്പാടും പല കോണുകളിൽ നിന്നും ഇത്തരം ചില നിലവിളികൾ ഉയർന്നു കേൾക്കുന്നുണ്ട്. യൂറോപ്പിൽ അതു ഉക്രൈനിൽ നിന്നാണെങ്കിൽ മധ്യപൂർവ ഏഷ്യയിൽ അതു പലസ്തീൻ കുഞ്ഞുങ്ങളിൽ നിന്നുമോ മ്യാൻമാറിൽ അത് രോഹിംഗ്യൻ അഭയാർത്ഥികളിൽ നിന്നോ സിറിയയിൽ അതു ആഭ്യന്തര കലാപത്തിൽ മരണം ഏറ്റുവാങ്ങുന്ന ന്യൂനപക്ഷങ്ങളിൽ നിന്നുമോ അതുമല്ലെങ്കിൽ കേരളത്തിൽ അത് തങ്ങളുടെ കിടപ്പാടം എന്നേക്കുമായി നഷ്ടപ്പെട്ടുപോകുമെന്ന ഭീതിയിൽ കഴിയുന്ന കടലിന്റെ മക്കളിൽ നിന്നുമൊക്കെയോ ആകാം ….സ്ഥലവും സാഹചര്യവും വ്യത്യാസമെങ്കിലും അടിയന്തരമായ ഒരു ഇടപെടൽ ഈയിടങ്ങളിൽ വേണം എന്നതിൽ തർക്കമില്ല.
ആഗോളതലത്തിലോ അന്താരാഷ്ട്ര തലത്തിലോ മാത്രമല്ല ഒന്ന് കാതോർത്ത് നോക്കിയാൽ നമ്മുടെ അയൽവക്കത്തെ വീട്ടിൽ നിന്നും സുഹൃത്തിന്റെ അടുക്കൽ നിന്നും സഹപാഠിയുടെ ഭാഗത്തുനിന്നുമെല്ലാം ഇത്തരത്തിലുള്ള നിലവിളിയുടെ ‘മെയ്‌ഡേ കോളുകൾ ‘ നമുക്ക് കേൾക്കാനായി പറ്റും.
എന്നാൽ ഇത്തരത്തിലുള്ള നിലവിളികളുടെ സ്വരം കേൾക്കാനോ തിരിച്ചറിയാനോ അടിയന്തരമായി ഇടപെടാനോ നമുക്ക് സാധിക്കുന്നുണ്ടോ എന്നു ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. പലപ്പോഴും അത്തരത്തിലുള്ള അപരന്റെ അപായ സൂചനകളെ അറിഞ്ഞോ അറിയാതെയോ നമ്മൾ അവഗണിക്കുന്നു എന്നുള്ളതാണ് സത്യം.
വാട്‌സാപ്പിൽ വരുന്ന ചികിത്സാ സഹായ സാധ്യതകൾ വരെ തട്ടിപ്പാണ് എന്ന മുൻവിധിയോടെ മാറ്റി നിർത്തുകയാണ് പൊതുവെ മലയാളിയുടെ പതിവ്. എന്നാൽ ഇത്തരം ചില നിസ്സഹായന്റെ നിലവിളികളെ അതിന്റെ ഗൗരവത്തിൽ എടുക്കുവാനും അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനും നമ്മുക്ക് സാധിക്കണം. അപ്രകാരമുള്ള ഒരു സമീപനം ഈ നാളുകളിൽ ഒരു മലയാളിയുടെ കാര്യത്തിൽ ഉണ്ടായി എന്നുള്ളത് ഏറെ ശുഭ സൂചനയാണ് നൽകുന്നത്. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല നിമിഷ പ്രിയയെ കുറിച്ചു തന്നെ. പല ആവർത്തി കേട്ടു കേട്ടു ആ യുവതി ഇപ്പോൾ നമ്മുടെ വീട്ടിലെ ആരോ ആണെന്ന് തോന്നി പോകത്തക്കരീതിയിൽ സുപരിചിതമായിരിക്കുന്നു മലയാളികൾക്ക് ആ പേര്.
ആ സ്ത്രീചെയ്ത കുറ്റം ന്യായികരിക്കുകയല്ല മറിച്ചു ലോകമെമ്പാടുമുള്ള ഒരുപാട് നല്ല മനസുകൾ ഒരുമയോടെ പണംകൊണ്ടും പ്രാർത്ഥന കൊണ്ടും പ്രയത്‌നം കൊണ്ടും ഒന്നിക്കുന്ന സുന്ദരമായ കാഴ്ച നിമിഷപ്രിയയുടെ കാര്യത്തിൽ കാണാൻ കഴിഞ്ഞു എന്നുള്ളത് സന്തോഷകരമായ കാര്യമാണ്.
പറഞ്ഞു തുടങ്ങിയത് അഹമ്മദാബാദിലെ വിമാന ദുരന്തത്തെക്കുറിചാണ്. അതിന്റെ കാരണങ്ങൾ വിശകലനം ചെയ്യുന്ന കൂട്ടത്തിൽ വിദൂരമായ ഒരു സാധ്യത അതു നിയന്ത്രിച്ചവരിൽ ഒരാളുടെ ആത്മഹൂതിയിലേക്കാ ണത്രേ വിരൽ ചൂണ്ടപ്പെടുന്നത്. ആകാശ യാത്രയുടെ ചരിത്രത്തിൽ അത്തരം ചില ദുരന്തങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് പോലും…! വ്യക്തിപരമായ ചില മോശപ്പെട്ട ജീവിതാനുഭവങ്ങളുടെ പ്രതികരണമെന്നവണ്ണം ചിലർ ചെയ്യുന്ന എടുത്തുചാട്ടങ്ങൾ, അരുതായ്മകൾ അനേകരുടെ ജീവനെ തന്നെ അപകടത്തിലേക്ക് തള്ളി വിടുന്നു. അങ്ങനെയാണെങ്കിൽ ആ പൈലറ്റ് വിളിച്ചുപറഞ്ഞ ഒടുവിലത്തെ ആ സന്ദേശം അയാളുടെ തന്നെ ജീവിതത്തിന്റെ പ്രതിഫലനമായി വരുന്നു… ‘പ്ലീസ് ഹെൽപ്പ് മീ’!
ഏതു കാലത്തെയും പോലെ നമ്മുടെ കാലത്തും മലയാളികൾക്കിടയിലെ ആത്മഹത്യ കണക്കുകൾക്ക് കുറവൊന്നുമില്ല. എന്നാൽ ആ നിരയിലേക്ക് കുഞ്ഞുങ്ങളും ഒരല്പം വിശുദ്ധ ജീവിതം നയിക്കുന്നു എന്ന് നാം കരുതുന്നവരും കൂടിവരുന്നു എന്നുള്ളതാണ് സങ്കടം. കൺമുമ്പിൽ നിറഞ്ഞുനിന്നവർ ജീവിതത്തിനു ഒരു ഫുൾ സ്റ്റോപ്പിട്ട് എഴുതി പൂർത്തിയാക്കാനാകാത്ത വരിപോലെ പെട്ടെന്നങ്ങ് ഇറങ്ങിപ്പോകേണ്ടിവരുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ ഉറ്റവർക്കും ഉടയവർക്കും സാധിക്കുന്നുള്ളൂ. ഒരുപക്ഷേ ഒരു ‘മെയ്‌ഡേ’ സന്ദേശം മൂന്നോ അതിലധികം പ്രാവശ്യമോ അവർ നമ്മോട് വിളിച്ചു പറഞ്ഞിരിക്കാം. എന്നാൽ അത് കേൾക്കുവാനോ അടിയന്തരമായി അവർക്ക് നൽകേണ്ട പിന്തുണ നൽകാനോ സഹായം ചെയ്യാനോ നമുക്ക് പറ്റിയില്ല എന്ന കുറ്റബോധം നമ്മിൽ പലരെയും അലട്ടുന്നുണ്ടായിരിക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള ചില നിസ്സഹായതയുടെ നിലവിളികളെ ഗൗരവമായി എടുക്കുക എന്നുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അവയുടെ അവഗണന വളരെ ഗൗരവമായി ദുരന്തങ്ങളിലേക്ക് നയിക്കും എന്നതാണ് വാസ്തവവം.
ഇനി പറയുന്നത് അവസരോചിതമാണോ എന്നറിയത്തില്ല. നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം പോലും അടിയന്തരമായ ഒരു ഇടപെടൽ ആവശ്യമുള്ള സാഹചര്യത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നു തോന്നുന്നു.
വിലക്ക് വീഴുന്ന ഈശ്വര പ്രാർത്ഥനാ മഞ്ജരികളും ‘കത്രിക’ വയ്ക്കപ്പെടുന്ന കലാ- ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരുന്ന സൂമ്പാ നൃത്തച്ചുവടുകളും പരിഷ്‌ക്കരിക്കേണ്ടി വരുന്ന ചലച്ചിത്ര നാമങ്ങളും വാ മൂടി കെട്ടേണ്ടി വരുന്ന ചാനൽ ചർച്ചകളുമെല്ലാം വരാനിരിരിക്കുന്ന വിപത്തിന്റെ മുന്നറിയിപ്പുകൾ തന്നെയാണ്. പണത്തിന്റെയും അധികാരത്തിന്റെയും ഭൂരിപക്ഷ വോട്ടു ബാങ്കുകളുടെയും സവർണ്ണ രാഷ്ട്രീയത്തിന്റെയും തുലാസിൽ കിടന്നു ആടുന്ന നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിൽ നീതി നിഷേധിക്കപ്പെടുന്ന ദരിദ്രന്റെയും ഭിന്നലിംഗക്കാരുടെയും ന്യൂനപക്ഷ ജനവിഭാഗത്തിന്റെയും ‘മെയ്‌ഡേ’ നിലവിളികൾ കേൾക്കാതെ പോകുന്നതിൽ പരം അപരാധം വേറെ എന്തുണ്ട് ഈ നാട്ടിൽ…
ജനാധിപത്യത്തിന്റെ അപായമണി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏവർക്കും സ്വാതന്ത്ര്യദിനത്തിന്റെ ആശംസകൾ നേരുന്നു ….
നൗജിൻ വിതയത്തിൽ