ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ ആരെയാണ് ഏറ്റവും അധികം വഞ്ചിച്ചിരിക്കുന്നത്? അതിനൊറ്റ ഉത്തരമേയുള്ളൂ. മറ്റുള്ളവരെ വഞ്ചിച്ചിട്ടുള്ളതിനെക്കാൾ നമ്മൾ കൂടുതലായും വഞ്ചിച്ചിരിക്കുന്നത് നമ്മളെത്തന്നെയാണ്.
നമുക്കൊരിക്കലും നമ്മെ പൂർണമായും മറ്റുളളവർക്കു മുമ്പിൽ അനാവരണം ചെയ്യാൻ സാധിക്കുന്നില്ല. എന്റെ വികാരങ്ങളെ ഏറ്റവും സത്യസന്ധതയോടെ ആവിഷ്‌ക്കരിക്കാനും എനിക്ക് കഴിയുന്നില്ല. രണ്ടിനും കാരണം ഞാൻ എന്നെതുറന്നുകാണിക്കുമ്പോൾ നിനക്ക് എന്നോടുള്ള ഇഷ്ടം കുറയുമോയെന്ന് ഭയക്കുന്നതാണ്. അതുകൊണ്ട് യഥാർത്ഥ എന്നെ മറച്ചുവച്ചും മടിച്ചുവച്ചും നീ ഇഷ്ടപ്പെടുന്ന രീതിയിൽ നിനക്കു മുമ്പാകെ പ്രത്യക്ഷപ്പെടാൻ ഞാൻ ശ്രമിക്കുന്നു.
ഇവിടെ ഞാൻ വഞ്ചിക്കുന്നത് എന്നെത്തന്നെയാണ്. നീ ഒരു അഭിപ്രായം ചോദിക്കുമ്പോൾസത്യസന്ധമായ എന്റെ മറുപടി ചിലപ്പോൾ നിനക്ക് വേദനയുണ്ടാക്കുമോയെന്ന് ഭയന്നും നിന്റെ പ്രീതി പിടിച്ചുപറ്റാനുമായി ഞാൻ വാസ്തവവിരുദ്ധമായ മറുപടി പറയുന്നു. ധാർമ്മികതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചും ഞാൻ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു.
എന്നാൽ എന്റെ സ്വകാര്യതയിൽ ഞാൻ ധാർമ്മികത മറക്കുകയും അധാർമ്മികതയിൽ അഭിരമിക്കുകയും ചെയ്യുന്നു. സദാചാരധ്വംസനം നടത്തി ഞാൻ അസന്മാർഗ്ഗിയാകുന്നു. ഇതാണ് ഞാൻ. എന്നിട്ടും എന്നിലെ എന്നെ മറച്ചുവച്ചു ഞാൻഎഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ ഞാൻ എന്നെത്തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഇല്ലാത്ത ചിരികൾ ചിരിക്കുമ്പോഴും ഇഷ്ടമില്ലാത്തവരോട് ഇഷ്ടമുള്ളതുപോലെ പെരുമാറുമ്പോഴും ഞാൻ വഞ്ചിക്കുന്നത് എന്നെയാണ്. മനസ്സിൽ നോ പറഞ്ഞ് പുറമേയ്ക്ക് യെസ് പറയുമ്പോഴും ഞാൻ വഞ്ചിക്കുകയാണ്.
എന്റെ സെൽഫിനെ മറന്നും മറച്ചുവച്ചും ഞാൻ പ്രവർത്തിക്കുന്നതും സംസാരിക്കുന്നതുമെല്ലാം വഞ്ചനയാണ്. ഒരാൾക്ക് അവനവനെ വഞ്ചിക്കുമ്പോൾ കഠിനമായ ആത്മനിന്ദയും അപമാനവും തോന്നേണ്ടതാണ്. പക്ഷേ വഞ്ചിച്ച്‌വഞ്ചിച്ചു നമുക്കു വഞ്ചന വഞ്ചനയേ അല്ലാതായി. മറ്റുള്ളവർ വഞ്ചിക്കുന്നതും മറ്റുള്ളവരെ വഞ്ചിക്കുന്നതുമാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. മറ്റുള്ളവരുടെ വഞ്ചനയെക്കുറിച്ച് പരാതിപ്പെടുന്ന നമുക്കു എന്തുകൊണ്ടാണ് നമ്മൾ നമ്മെ വഞ്ചിക്കുന്നത് വലിയ പ്രശ്‌നമായി തോന്നാത്തത്?