സമ്മാനങ്ങൾ എന്നും ഏറെ പ്രിയപ്പെട്ടതാണ്, വിലപ്പെട്ടതാണ്. അത് എത്ര ചെറുതും വലുതുമാകട്ടെ സമ്മാനങ്ങൾ ലഭിക്കാനും അതുപോലെ മറ്റുള്ളവർക്ക് കൊടുക്കാനും നമുക്ക് ഏറെ ഇഷ്ടമാണ്.
നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും എപ്പോഴും സമ്മാനങ്ങൾ കിട്ടുവാൻ നാം ഏറെ ആഗ്രഹിക്കും. ഒരുപക്ഷേ നാം ഉദ്ദേശിക്കുന്ന സമ്മാനങ്ങൾ കിട്ടാതെ പോയാൽ നമ്മുടെ ബർത്ത് ഡേക്കോ മറ്റ് അവസരങ്ങളിലോ പ്രിയപ്പെട്ടവർ സമ്മാനങ്ങൾ സമ്മാനിക്കാതിരുന്നാലോ ചിലപ്പോൾ അതിന്റെ പേരിൽ വലിയ പ്രശ്‌നങ്ങളും സൗന്ദര്യപിണക്കങ്ങളും ഉണ്ടായേക്കാം.
നമ്മുടെയൊക്കെ മനസ്സിലുള്ള സ്‌നേഹവും കരുതലും നന്മയും എല്ലാം ഒരുപക്ഷേ ഏറ്റവും കൂടുതൽ നമ്മൾ പ്രകടിപ്പിക്കുന്നത് ഇങ്ങനെയുള്ള കൊച്ചുകൊച്ചു സമ്മാനങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ വഴിആയിരിക്കാം.
ഇത് സർപ്രൈസ് ഗിഫ്റ്റുകളുടെയും സർപ്രൈസ് വിസിറ്റുകളുടെയും ഒക്കെ കാലഘട്ടമാണ്. സ്വദേശത്തും വിദേശത്തും നാളുകളായി കഴിയുന്ന ബന്ധുമിത്രാദികളും മാതാപിതാക്കളും മക്കളും കൂട്ടുകാരും പരസ്പരം ഒരു ദിവസം പെട്ടെന്ന് അവരുടെ പ്രിയപ്പെട്ടവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുക അവരെ സന്തോഷിപ്പിക്കുക അവർക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത നല്ല ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കുക. ഇത്തരത്തിലുള്ള ഒരുപാട് സർപ്രൈസ് ഗിഫ്റ്റുകളും പ്രിയപ്പെട്ടവരുടെ സർപ്രൈസ് വിസിറ്റുകളും നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകാം.
ഇത് ക്രിസ്മസ് കാലഘട്ടമാണ് കടകമ്പോളങ്ങളും തെരുവ് വീഥികളും വഴിയോരങ്ങളും എന്തിനേറെ നാമോരോരുത്തരും അതിന്റെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. കേക്കുകൾ പങ്കുവെച്ചും ക്രിസ്മസ് സമ്മാനങ്ങൾ നൽകിയും അവധി ദിനങ്ങൾ ആഘോഷിച്ചും വിനോദയാത്രകൾ നടത്തിയും നമ്മൾ അവധി ദിനങ്ങൾ ആഘോഷമാക്കുന്നു.
ക്രിസ്മസ് കാലഘട്ടങ്ങളിൽ സ്‌കൂളുകൾ മുതൽ ജോലി സ്ഥാപനങ്ങളിൽ വരെ എല്ലായിടത്തും ക്രിസ്മസ് ഫ്രണ്ട്‌സിനു വേണ്ടിട്ടുള്ള നറുക്കെടുപ്പുകൾ നടക്കാറുണ്ട്, നറുക്കെടുപ്പിലൂടെ ലഭിച്ച ഫ്രണ്ട്‌സിനെ ഓർത്തിരിക്കുവാനും നല്ല സമ്മാനങ്ങൾ വാങ്ങിക്കൊടുക്കുവാനും നാം ഏറെ ശ്രദ്ധിക്കുന്നു.
പുറത്ത് തൂങ്ങിക്കിടക്കുന്ന ഒരു ബാഗ് നിറയെ സമ്മാനങ്ങളുമായി ചുവന്ന വേഷം ധരിച്ച്, നരച്ച മുടിയും താടിയും ഉള്ള മുഖംമൂടി ധരിച്ച് കയ്യിലുള്ള വടിയും കറക്കിവരുന്ന സാന്താക്ലോസ് നമ്മളിൽ ക്രിസ്മസിന്റെ സന്തോഷം പരത്തുന്നു. ഒത്തുചേരലിന്റെയും പങ്കുവെക്കലിന്റെയും സന്തോഷത്തിന്റെയും ഓർമ്മ പുതുക്കുന്നു.
നാം മറ്റുള്ളവരുടെ ജീവിതത്തിലും ഇതുപോ ലെ സാന്താക്ലോസ് ആയി മാറണം, വിലമതിക്കാനാവാത്ത സമ്മാനങ്ങൾ പങ്കുവെക്കുന്ന, ഉദാരമായി പങ്കുവയ്ക്കുന്ന, ഉദാരമായി സ്‌നേഹിക്കുന്ന, ഉദാരമായി മനസ്സ് തുറക്കുന്ന യഥാർത്ഥ സാന്താക്ലോസിനെ പോലെ ചിലർ.
അങ്ങനെ സൗഹൃദങ്ങൾ പങ്കുവെക്കാനും നേടാനുമായാൽ നമ്മുടെ ജീവിതങ്ങളും മനോഹരമാവും. മധുരമുള്ളതാവും. മറ്റുള്ളവർക്കും നാടിനും സമൂഹത്തിനും സമ്മാനമാകും. ഏറ്റവും വിലപ്പെട്ട, മാറ്റി വയ്ക്കാൻ പറ്റാത്ത, മറ്റാരാലും വീട്ടിതീർക്കുവാനോ നികത്താനോ കഴിയാത്ത സമ്മാനങ്ങൾ ആയിത്തീരും, അതിനായി പരിശ്രമിക്കാം. അങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൽ വിലപ്പെട്ട സമ്മാനങ്ങളായിത്തീരാൻ നമുക്കും സാധിക്കട്ടെ. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്.
ജിതിൻ ജോസഫ്
