കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ എപ്പോഴത്തെയും ചിന്ത. ഇത് നിന്റെ ഇടമല്ല, എന്ന് സ്വദേശിയുടെ/വീട്ടുകാരന്റെ ഓരോ ചലനവും ഭാവവും അയാളെ എപ്പോഴും ഓർമിപ്പിച്ചുക്കൊണ്ടേയിരിക്കും. സ്വയം ഒരധികപ്പറ്റ് എന്ന് എപ്പോഴും അയാൾക്ക്/അവൾക്ക് തോന്നുകയും ചെയ്യും. അതിപ്പോൾ കുടിയേറ്റക്കാരനായ തൊഴിലാളിയാകട്ടെ, ‘കെട്ടിക്കൊണ്ടു വന്ന പെണ്ണിനാകട്ടെ’ (നമ്മൾ ഉപയോഗിക്കുന്ന ഭാഷവരെ എന്തൊരു പരുഷമാണ് എന്നോർത്ത്‌പോകുന്നു. ‘കെട്ടിവലിച്ചു കൊണ്ട് വരികയാണ്’ അല്ലെ!) മാറ്റമൊന്നുമില്ല, അതിങ്ങനെ തോന്നിക്കൊണ്ടിരിക്കും. അല്ലെങ്കിൽ തോന്നിപ്പിച്ചുക്കൊണ്ടേയിരിക്കും.
അപരിചിതന് അത്രയൊന്നും സ്വാഗതം നല്കുന്നവരല്ല, നമ്മൾ. തർക്കമുണ്ടോ? വീട്ടിലേക്ക് കയറി വരുന്ന അപരിചിതനെ കുറിച്ചല്ല, ബസ്സിൽ/ട്രെയിനിൽ ഏറെ നേരം ഒരു ഫുൾ സീറ്റിൽ ഒറ്റയ്ക്കിരുന്ന് ആസ്വദിച്ചു യാത്ര ചെയ്യുന്ന നേരം, ഇടയ്‌ക്കേതോ സ്റ്റോപ്പിൽ നിന്നും ഒരാൾ കയറി നമ്മൾ ഇരിക്കുന്ന സീറ്റിനെ ലക്ഷ്യമാക്കി വരുമ്പോൾ തോന്നുന്ന അസ്വസ്ഥത. ഭക്ഷണം കഴിക്കാൻ കയറി, ഒഴിഞൊരിടം കണ്ടതിന്റെ ആശ്വാസത്തിൽ കൈകഴുകി, കഴിക്കാനിരിക്കുമ്പോൾ അതെ മേശയെ ലക്ഷ്യമാക്കി നടന്നു വരുന്ന ഒരന്യനെ നമ്മൾ നേരിടുന്ന രീതി; ഇതൊക്കെ ഓർത്താൽ മതി. “The other is hell’ എന്ന് സാർത്ര് പറയുന്നത് ഇതുംകൂടിയൊക്കെ ചേർത്താകാം.
എം.ടി വാസുദേവൻ നായരുടെ ‘നിനക്ക് വേണ്ടി’ എന്ന കഥയുടെ ജനനത്തെപ്പറ്റി എഴുതുമ്പോൾ (കാഥികന്റെ പണിപ്പുര) അദ്ദേഹം, ക്ഷണിക്കപ്പെടാതെ വീട്ടിലേയ്ക്ക് അച്ഛന്റെ കൂടെ കയറി വന്ന സിംഹള പെൺകുട്ടിയെ ഓർക്കുന്നുണ്ട്. ശ്രീലങ്കയിൽ (സിലോൺ) നിന്നും ഒരു ട്രങ്ക് പെട്ടിയും കൊണ്ടാണ് ആ കുട്ടി വന്നേക്കുന്നത്. അവളുടെ വരവ് വീട്ടിൽ വലിയ പൊട്ടലും ചീറ്റലും ഉണ്ടാക്കിയിരിക്കുകയാണ്. ആർക്കും അവളെ ഇഷ്ടമല്ല, എം.ടിക്കൊഴികെ. ഇരുമ്പിന്റെ ട്രങ്ക് പെട്ടിയുടെ മുകളിൽ താക്കോൽ കൂട്ടം കറക്കി ഇരിക്കുന്ന ആ കുഞ്ഞു പെൺകിടാവിനെ ഓർക്കുന്നുണ്ട് എഴുത്തുകാരൻ. വന്നത് പോലെ തന്നെ അവൾ ഒരു ദിവസം ഇറങ്ങിപോയി. ഇറക്കിവിട്ടതാകാം.
“You are not Welcome’ നിങ്ങൾക്ക് ഇവിടെ ഒരിടമില്ല. മറ്റുള്ളവരുടെ ദയാവായ്പ്പിനു വേണ്ടി കാത്തിരിയ്‌ക്കേണ്ടി വന്ന അത്തരം ജീവിതത്തെ കുറിച്ച് തന്നെയാണ് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ യു.എ ഖാദറും പറയുന്നത്.
‘പൂമരത്തളിരുകൾ’ വായിച്ചാണ് യു.എ.ഖാദർ സാഹിബിന്റെ എഴുത്തുമായി പെരുത്തിഷ്ട്ടത്തിലാവുന്നത് (കുമ്പളങ്ങാട് ഗ്രാമീണ വായനശാലയ്ക്ക് നന്ദി). പിന്നെയങ്ങോട്ട് ഖാദറിന്റെ പുസ്തകങ്ങൾ തേടി നടന്നു. ബർമ്മക്കാരിയായ (ഇപ്പോഴത്തെ മ്യാന്മാർ) ഉമ്മ, മാമൈദി ഖാദർ ജനിച്ച് മൂന്നാം ദിവസം തന്നെ ഈ ഭൂമിയിൽ നിന്നും കടന്നുപോയി. പിന്നീട് ഏഴു വർഷങ്ങൾ ഉമ്മയുടെ ഇന്നും പേരറിയാത്ത അനുജത്തിയുടെ കൂടെ. ജപ്പാന്റെ പോർവീമാനങ്ങൾ റംഗൂണിന്റെ ആകാശത്ത് ചുറ്റിപറക്കാൻ തുടങ്ങിയ നാളിലാണ് ബർമ്മാ ജീവിതം അവസാനിപ്പിച്ചു ബില്ലിൻ നഗരം വിട്ട് ഉപ്പയുടെയും ഉപ്പയുടെ സഹോദരന്റെയും കൂടെ ഖാദർ കൊയിലാണ്ടിയിലേക്ക് വരുന്നത്. വാപ്പയുടെ സഹോദരന് ഒട്ടും താൽപ്പര്യമില്ലായിരുന്നു അനുജന്റെ ഈ തോന്ന്യാസം. സഹോദരൻ ഏറെ നിർബന്ധിച്ചിട്ടും എന്തോ വാപ്പയ്ക്ക് (മോയ്ദീൻകുട്ടി ഹാജി) മനസ്സ് വന്നില്ല. അമ്മയില്ലാത്ത കുഞ്ഞിന് വാപ്പയുടെ അമ്മ ‘സ്വന്തം’ അമ്മയായി. അല്ലെങ്കിൽ ഒരുപക്ഷേ ഐരാവതി നദിയുടെ തീരങ്ങളിലും, പഴയ ബർമ്മയുടെ പഗോഡകളിലെ തിരക്കുകളിലും നിന്ന് വടക്കേമലബാറിന്റെ വടക്ക് ചന്ദ്രഗിരിപ്പുഴയിലെയ്ക്കും തെക്ക് കോരപ്പുഴയിലെയ്ക്കുമുള്ള ഒരു വിളി കാലം ഖാദറിനായ് കാത്തു വച്ചത് കൊണ്ടുമാകാം. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഉമ്മയുടെ പേരെങ്കിലും ഖാദറിന്, വാപ്പ വിട്ടുകൊടുക്കുന്നത്. മാമൈദി…!
പിന്നീടൊരിക്കൽ അദ്ദേഹം പറഞ്ഞു: അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ ജീവിതമുടനീളം തന്നിലേയ്ക്ക് തന്നെ നോക്കിയിരിക്കും. ഴെനെ പറഞ്ഞത് പോലെ, ‘മറ്റാരും ലാളിക്കാൻ ഇല്ലാത്തതുക്കൊണ്ട് സ്വയം ലാളിച്ചു വളരാൻ ശ്രമിക്കുന്ന മനുഷ്യർ!’ ഉള്ളിലോട്ട് നോക്കിക്കൊണ്ടിരിക്കുമ്പോൾ മനസ്സ് കണ്ണാടി പോലെ വിളങ്ങും, അപ്പോൾ ലോകം അതിൽ പ്രതിബിംബിക്കും. ആ കണ്ണാടിയിൽ അയാൾ തന്നെയും താൻ ഉൾപ്പെടുന്ന സമൂഹത്തെയും കാണും. അങ്ങനെ അവരിൽ പലരും എഴുത്തുകാരാകും. ജീവിതം ഓരോരുത്തരെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്ന വിധം!
തൃക്കോട്ടൂർ പെരുമയ്‌ക്കൊരു സലാം.